
തൃശൂർ ഇരിങ്ങാലക്കുട നഗരസഭക്ക് കീഴിലെ റോഡുകളുടെ ശോച്യാവസ്ഥയ്‌ക്കെതിരെ വേറിട്ട പ്രതിഷേധം. പൊതുപ്രവർത്തകനായ ഷിയാസ് പാളയമാണ് നഗരസഭയുടെ അനാസ്ഥയ്‌ക്കെതിരെ കാലൻ്റെ വേഷം കെട്ടി പ്രതിഷേധിച്ചത്.
കാലങ്ങളായി തകർന്ന് കിടക്കുന്ന ഇരിങ്ങാലക്കുടയിലെ റോഡുകൾ ഉടൻ സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. റോഡിനെ കുറിച്ച് പരാതി പറയുന്ന കാലനെ കണ്ട് ആളുകൾ ആദ്യമൊന്ന് അമ്പരുക്കുന്നതും ചിലർ സെൽഫിയെടുക്കാൻ ഒപ്പം കൂടുന്നതും വീഡിയോയിൽ കാണാം. പിന്നീട് കാര്യം മനസിലായവരെല്ലാം തന്നെ കാലനോട് യോജിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയോടെ കാലനായി രൂപം മാറിയ ഷിയാസ് ആദ്യം എത്തിയത് നഗരസഭ ഓഫീസില്‍ തന്നെയാണ്. അതേ വേഷത്തില്‍ തന്നെ വീണ്ടും പരാതി തയാറാക്കി നഗരസഭ അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് ഇരിങ്ങാലക്കുട ബസ് സ്റ്റാൻ്റ്, സണ്ണി സില്‍ക്ക്‌സ് തുടങ്ങിയ സ്ഥലങ്ങളിലെ കുഴികളിലിറങ്ങി നിന്നും പ്രതിഷേധിച്ചു
റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകനായ ഷിയാസ് പാളയം മുൻപ് നഗരസഭ അധികൃതര്‍ക്കും വിജിലന്‍സിനും അടക്കം പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും ഇല്ലാതെ വന്നതോടെയാണ് വേറിട്ട പ്രതിഷേധത്തിലേക്ക് കടന്നത്. സംസ്ഥാന പാതയില്‍ കോണ്‍ക്രീറ്റ് റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ നഗരത്തിലെ മറ്റ് റോഡുകളിലൂടെയാണ് നിലവിൽ ഗതാഗതം വഴി തിരിച്ചുവിടുന്നത്. ഈ റോഡുകളിലെ കുണ്ടും കുഴിയും താണ്ടി വാഹനങ്ങൾ നിരങ്ങി നീങ്ങുമ്പോൾ ഇരിങ്ങാലക്കുടയിലെ ഗതാഗത കുരുക്ക് ഓരോ ദിവസവും ഇരട്ടിയാവുകയാണെന്നും ഷിയാസ് പറയുന്നു.