
മലപ്പുറം നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടതിൽ പ്രതിഷേധം. പ്രദേശത്ത് സോളാർ ഫെൻസിംഗും ട്രെഞ്ച് നിർമിക്കാനുമുള്ള നടപടികൾ ആരംഭിക്കുമെന്ന് സബ് കളക്ടർ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ആനയുടെ ആക്രമണത്തിൽ മലപ്പുറത്ത് മരണം സംഭവിക്കുന്നത്. കാടിനുള്ളിൽ പോത്തുകളെ മേയ്ക്കാൻ പോയ സമയത്താണ് സരോജിനിയെ കാട്ടാനകൂട്ടം ആക്രമിച്ചത്.ആവർത്തിക്കുന്ന വന്യജീവി ആക്രമണം ഉയർത്തി യുഡിഎഫും, ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി. കളക്ടറോ സബ് കളക്ടറോ സ്ഥലത്തെത്തി കാര്യങ്ങൾ പരിശോധിക്കാതെ മൃതദേഹം പോസ്റ്റ്‍മോർട്ടത്തിന് വിട്ടുനൽകില്ലെന്ന് അറിയിച്ചതോടെ സ്ഥിതി സങ്കീർണമായി.
മൂന്നുമണിയോടെ പെരിന്തൽമണ്ണ സബ് കലക്ടർ അപൂർവ ത്രിപാഠി ഉച്ചക്കുളം നഗറിൽ എത്തി. വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് തടയാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സബ് കളക്ടർ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ഫെൻസിംഗ്, ട്രെഞ്ചിംഗ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും സരോജിനിയുടെ കുടുംബത്തിന് ധനസഹായം നൽകുമെന്നും സബ് കളക്ടർ പറഞ്ഞു.
ഇൻക്വസ്റ്റിന് ശേഷം സരോജിനിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം നാളെ സംസ്കരിക്കും.