മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് അഭിമാനം, പരിപാടിക്ക് ആരെ വിളിക്കണമെന്നത് അവരുടെ ഇഷ്ടം: രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയാകാൻ യോഗ്യൻ ചെന്നിത്തലയാണെന്ന വെള്ളാപ്പള്ളിയുടെ പരാമർശത്തിൽ നിങ്ങൾ ചോദ്യം ചോദിച്ചതു കൊണ്ടാണ് വെള്ളാപ്പള്ളി അങ്ങനെ ഒരു ഉത്തരം പറഞ്ഞതെന്ന് ചെന്നിത്തല പറഞ്ഞു
മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നത് അഭിമാനം, പരിപാടിക്ക് ആരെ വിളിക്കണമെന്നത് അവരുടെ ഇഷ്ടം: രമേശ് ചെന്നിത്തല
Published on

മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അഭിമാനമുണ്ടെന്ന് രമേശ് ചെന്നിത്തല. എല്ലാ സാമുദായിക സംഘടനകളും ആയി നല്ല ബന്ധമാണുള്ളത്. ആരെയാണ് പരിപാടിക്ക് വിളിക്കേണ്ടത് എന്നുള്ളത് അവരുടെ ഇഷ്ടം ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയാകാൻ യോഗ്യൻ ചെന്നിത്തലയാണെന്ന വെള്ളാപ്പള്ളിയുടെ പരാമർശത്തിൽ നിങ്ങൾ ചോദ്യം ചോദിച്ചതു കൊണ്ടാണ് വെള്ളാപ്പള്ളി അങ്ങനെ ഒരു ഉത്തരം പറഞ്ഞതെന്ന് ചെന്നിത്തല പറഞ്ഞു. കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനാർഥി ആര് എന്നത് മാധ്യമങ്ങളുടെ ചർച്ചയാണ്. ആരാണ് മുഖ്യമന്ത്രി ആകേണ്ടത് എന്നത് സംബന്ധിച്ച് സാമുദായിക സംഘടനകൾക്കും അഭിപ്രായം പറയാം. കെപിസിസി പുനഃസംഘടന സംബന്ധിച്ച ഒരു ചർച്ചയും നടന്നിട്ടില്ല. തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്തണം. 2026ൽ അധികാരത്തിൽ എത്തുക എന്നതാണ് ലക്ഷ്യം. ശബരിമലയിൽ മാസ്റ്റർ പ്ലാനിനുള്ള പണം സർക്കാർ വേഗം അനുവദിക്കണം. ദേവസ്വം ബോർഡ് ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരും നന്നായി പ്രവർത്തിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന് അമിത് ഷായെ ഭയമാണ്. കേസ് ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി അമിത് ഷാക്കെതിരെ ഒന്നും പറയാത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

11 വർഷത്തിന് ശേഷമാണ് എൻഎസ്എസ് ഒരു പരിപാടിയിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിക്കുന്നത്. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 2നാണ് ചെന്നിത്തല പെരുന്നയിൽ എത്തുക. 2013ൽ ജി. സുകുമാരൻ നായരുടെ താക്കോൽസ്ഥാന പ്രസ്താവനയ്ക്ക് ശേഷം എൻഎസ്എസും ചെന്നിത്തലയും അകൽച്ചയിലായിരുന്നു. കോൺഗ്രസ് താക്കോൽസ്ഥാനത്തേക്ക് ഭൂരിപക്ഷ പ്രതിനിധിയായ ചെന്നിത്തലയെ കൊണ്ടുവരണമെന്നായിരുന്നു സുകുമാരൻ നായരുടെ പ്രസ്താവന. കോൺഗ്രസും ചെന്നിത്തലയും പ്രസ്താവനയെ തള്ളിയതോടെ എൻഎസ്എസ് ഔദ്യോഗിക പരിപാടികളിലേക്ക് ചെന്നിത്തലയെ ക്ഷണിക്കാറില്ലായിരുന്നു.

എൻഎസ്എസിന്റെ മന്നം ജയന്തി പൊതുസമ്മേളനത്തിൽ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. എൻഎസ്എസിന് പിന്നാലെ ചെന്നിത്തലയ്ക്ക് എസ്എൻഡിപിയും വേദിയൊരുക്കിയിരുന്നു. കോട്ടയം വൈക്കം യൂണിയൻ്റെ ശിവഗിരി പദയാത്ര സമ്മേളനത്തിന്റെ ഉദ്ഘാടനായാണ് ക്ഷണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com