
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ആന്റീ സോഷ്യല്‍ സിനിമയാണെന്ന് പ്രമുഖ മനഃശാസ്ത്രജ്ഞന്‍ ഡോ സി ജെ ജോണ്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം സിനിമയോടുള്ള തന്റെ വിമര്‍ശനം അറിയിച്ചത്. 18 വയസിന് താഴെയുള്ള ആരും ഒടിടിയില്‍ പോലും സിനിമ കാണരുതെന്നും അദ്ദേഹം പറഞ്ഞു.
ഡോ സി ജെ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
തികച്ചും അവിശ്വസനീയമായ കഥാ തന്തുവില്‍ അതിനേക്കാള്‍ അവിശ്വസനീയങ്ങളായ പ്രതികാരങ്ങളും ക്രൈമുകളും കോര്‍ത്തിണക്കിയ ആന്റി സോഷ്യല്‍ സിനിമയാണ് കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി. തൂങ്ങി മരണത്തിന്റെ ഡെമോണ്‍സ്ട്രേഷനുണ്ട്.
മാര്‍ക്കോ സീരിസില്‍ പെടുത്താവുന്ന സിനിമയാണ്. സമൂഹത്തില്‍ അക്രമം പൊടി പൊടിക്കുന്നുണ്ട്. പ്രസാദാത്മക മുഖം മാറ്റി വക്രീകരിച്ച മോന്തയുള്ള കുഞ്ചാക്കോ ബോബന്‍, സിനിമയുടെ മുഖം മാറ്റത്തിന്റെ പ്രതീകമാണ്. കാശ് വീഴാന്‍ ഇതേ വഴിയുള്ളൂ. ഇരകളാണെന്ന സാധ്യതയുള്ളവരുമായി ഡ്യൂട്ടിയില്‍ ഉള്ള പോലീസ് ഓഫിസര്‍ ഇടപെടുന്ന രീതി ഒട്ടും മാതൃകാപരമല്ല.
മാനസിക പ്രശ്‌നമെന്ന നയം നീതികരിക്കാവുന്നതുമല്ല. വില്ലന്‍ ഗാങ്ങിന്റെ ക്രൂരത അവരുടെ വ്യക്തിപരമായ സ്വഭാവ ദൂഷ്യം. മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന ഇവരുടെ പെരുമാറ്റങ്ങളോട് അനിഷ്ടം കാട്ടിയവരേ ക്രൂരമായി ഉപദ്രവിക്കുന്നതിലെ ലോജിക്ക് തീരെ വര്‍ക്ക് ആകുന്നില്ല. ഇമ്മാതിരി മുതലുകളോട് എതിര്‍ക്കാന്‍ പോയി പണി വാങ്ങരുതെന്ന സന്ദേശവും കിട്ടും. അവരുടെ രോഗാതുരമായ
റിവഞ്ചിന് കൈയ്യടിക്കുന്നവരും ഉണ്ടാകാം.
പട്ടാപകല്‍ കൊല ചെയ്തവര്‍ക്ക് പാട്ടും പാടി ജാമ്യം വാങ്ങി പുറത്തിറങ്ങാമെന്ന സൂചന നല്‍കുന്ന സന്ദേശവും കേമം തന്നെ. എന്നാലല്ലേ നായകന് കൊല്ലാനാകൂ. ആ നന്മ കൊലയ്ക്കും ക്ലാപ്പ്. എത്ര ക്രൂര മനോഹര സിനിമ. തികച്ചും 'കൊലാപരമായ' അഭ്ര കാവ്യം. ഈ സിനിമ പതിനെട്ട് വയസ്സില്‍ താഴെയുള്ള ആരെയും ഒടിടിയില്‍ പോലും കാണിക്കാതിരിക്കുക. സിനിമ കാണുമ്പോഴുള്ള ഞരമ്പ് മുറുക്കം മാത്രം പരിഗണിച്ചല്ല സിനിമയെ വിലയിരുത്തേണ്ടത്. സത്യം കേള്‍ക്കുമ്പോള്‍ പൊള്ളുന്നവര്‍ക്ക് പൊള്ളട്ടെ.
അതേസമയം ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഫെബ്രുവരി 20നാണ് തിയേറ്ററിലെത്തിയത്. മാര്‍ച്ച് 20 മുതല്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സിലും സ്ട്രീമിംഗ് ആരംഭിച്ചിരുന്നു. ജീത്തു അഷ്‌റഫാണ് ചിത്രത്തിന്റെ സംവിധായകന്‍. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ഷാഹി കബീറാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. തിയേറ്ററിലും ഒടിടിയിലും പ്രേക്ഷകപ്രീതി നേടിയ ചിത്രം പ്രണയവിലാസത്തിനു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ നിര്‍മാണം നിര്‍വഹിച്ചത്.