
പഞ്ചാബിലെ അമൃത്‌സറിൽ വീട്ടിൽ അതിക്രമിച്ച് കയറാൻ മൂന്ന് കവർച്ചക്കാരെ ഒറ്റയ്ക്ക് തടഞ്ഞ് യുവതി. ഇവരുടെ വീട്ടിലെ വാതിൽ ബലം പ്രയോഗിച്ച് തുറക്കാൻ ശ്രമിച്ച മൂന്ന് പേരെയാണ് യുവതി ഒറ്റയ്ക്ക് ചെറുത്ത് നിന്നത്. അമൃത്‌സർ സ്വദേശി മൻദീപ് കൗറാണ് ഈ പെൺപുലി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. വസ്ത്രങ്ങൾ ഉണക്കാനായി പുറത്തിറങ്ങിയപ്പോഴാണ് മുഖംമൂടി ധരിച്ച മൂന്ന് ആളുകളെ മൻദീപ് ശ്രദ്ധിക്കുന്നത്. ഉടനെ മൻദീപ് വീട്ടിലേക്ക് ഓടി കയറി വാതിലടച്ചു. എന്നാൽ കവർച്ചക്കാർ അകത്ത് കടക്കാനായി വാതിൽ ശക്തിയായി തള്ളാൻ തുടങ്ങി. ഇതോടെ മൻദീപ് സർവ്വശക്തിയുമുപയോഗിച്ച് വാതിൽ അടക്കുകയായിരുന്നു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മൻദീപിൻ്റെ മക്കളെയും ദൃശ്യങ്ങളിൽ കാണാം.
ALSO READ: ഡൽഹിയിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപയുടെ കൊക്കെയ്‌ൻ
മൻദീപ് കൗറിൻ്റെ ഭർത്താവ് ജഗ്ജീത് സിംഗ് ഒരു ആഭരണ വ്യാപാരിയാണ്. ഇത് കണ്ടായിരിക്കണം കവർച്ചക്കാർ മൻദീപിൻ്റെ വീട്ടിലെത്തിയത്. കവർച്ചക്കാർ ബലം പ്രയോഗിച്ച് വീടിൻ്റെ വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ മൻദീപ് കൗർ ഒറ്റയ്ക്ക് ഇവരെ തടയുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. കൊള്ളസംഘം വാതിലിൽ അമർത്തിയടിച്ചിട്ടും മൻദീപ് ധൈര്യം കൈവിടാതെ തടഞ്ഞ് സമീപത്തെ സോഫ സെറ്റ് ഉപയോഗിച്ച് വാതിന് മുന്നിൽ വലിച്ചിടുകയായിരുന്നു.
കുറ്റവാളികളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് വനിതാ പൊലീസ് ഓഫീസർ എകെ സോഹി പറഞ്ഞു. ഇവരെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാണ് മൻദീപിൻ്റെ ആവശ്യം.