
ഇന്ത്യ-കാനഡ നയതന്ത്രപ്രശ്നം കാനഡയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല. പഠനത്തിനും ജോലിക്കുമായി കാനഡ ലക്ഷ്യം വെച്ചിരുന്ന പഞ്ചാബിലെ യുവാക്കളെക്കൂടിയാണ് ഇതു ബാധിക്കുന്നത്.
ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും വലിയ സിഖ് സമൂഹമുള്ള രാജ്യമാണ് കാനഡ. ജനസംഖ്യയുടെ 2.12% ത്തോളം വരുന്ന 8 ലക്ഷത്തിനടുത്ത് സിഖ് വംശജരാണ് ഇന്ന് കാനഡയിലുള്ളത്. 1800 കളിലേക്ക് നീളുന്ന ഈ കുടിയേറ്റ ചരിത്രം ഇന്ത്യയിലെ പഞ്ചാബ് പ്രവശ്യയില്‍ നിന്നുള്ള പലകുടുംബങ്ങള്‍ക്കും അറുത്തുമാറ്റനാകാത്ത അത്രയും വേരുപിടിച്ചതാണ്.
ഇന്ന് പഠനാവശ്യത്തിനും, ജോലിക്കുമായി കാനഡയിലേക്ക് പോകുന്ന ഇന്ത്യക്കാരില്‍ ഭൂരിഭാഗവും പഞ്ചാബില്‍ നിന്നുള്ള യുവ സമൂഹമാണ്. കാനഡയില്‍ സ്ഥിര താമസമാക്കുകയാണ് പലരുടെയും ലക്ഷ്യം. കുടുംബത്തിന്‍റെയാകെ കുടിയേറ്റം സ്വപ്നംകണ്ട്, മക്കളെ കാനഡയിലേക്ക് അയക്കുന്ന മാതാപിതാക്കളുമുണ്ട്. അതുകൊണ്ട് തന്നെ, ഓരോ ദിവസവും രൂക്ഷമായി വരുന്ന ഇന്ത്യ-കാനഡ പ്രശ്നം, അവർക്ക് കേവലം, നയതന്ത്ര പ്രതിസന്ധിയല്ല.
2022 ലെ എമിഗ്രേഷന്‍ വിവരപ്രകാരം, കാനഡയില്‍ സ്റ്റുഡന്‍റ് പെർമിറ്റ് നേടിയ 41 ശതമാനവും ഇന്ത്യന്‍ വിദ്യാർഥികളായിരുന്നു. എന്നാല്‍ സിഖ് വിഘടനവാദി നേതാവ് ഹർദ്ദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകത്തെ തുടർന്ന് 2023 ല്‍ ഈ അപേക്ഷകളില്‍ ചെറിയ തോതിലെങ്കിലും ഇടിവുണ്ടായി. നിജ്ജാർ വധത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രസിഡന്‍റെ ജസ്റ്റിന്‍ ട്രൂഡോയുടെ ഗുരുതര ആരോപണത്തിന് ശേഷമാണ് ഈ ഇടിവുണ്ടായത്. നയതന്ത്ര ഉദ്യോഗസ്ഥരെ അടക്കം പിന്‍വലിച്ചുകൊണ്ട് ഇരുരാജ്യങ്ങളും പോര് മുറുക്കുമ്പോള്‍ സമീപഭാവിയില്‍ ഈ ഇടിവ് വർദ്ധിക്കാനേ ഇടയുള്ളൂ എന്നാണ് എമിഗ്രേഷന്‍ ഏജന്‍സികളുടെ കണക്കുകൂട്ടല്‍.
പ്രതിവർഷം 160 കോടിക്കടുത്ത് കനേഡിയന്‍ യൂണിവേഴ്സിറ്റികളിലേക്ക് ട്യൂഷന്‍ ഇനത്തില്‍ എത്തിച്ചിരുന്ന ഇന്ത്യന്‍ വിദ്യാർഥികളുടെ പിന്മാറ്റം കാനഡയ്ക്കും നഷ്ടക്കച്ചവടമാണ്. അതേസമയം, നിലവിലെ പ്രതിസന്ധി ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാര ബന്ധത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടില്ല എന്നാണ് കണക്കുകള്‍ പറയുന്നത്. മാർച്ച് 31 വരെയുള്ള ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തില്‍ 840 കോടി ഡോളറിന്‍റെ വ്യാപാരമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.