
എറണാകുളം ഭൂതത്താൻകെട്ടിന് സമീപം ഷൂട്ടിങ്ങിന് എത്തിച്ച നാട്ടാന കാട്ടിലേക്ക് ഓടിപോയി. പുതുപ്പള്ളി സാധു എന്ന നാട്ടാനയാണ് കാട്ടിലേക്ക് ഓടി പോയത്. വിജയ് ദേവരക്കൊണ്ട നായകനാകുന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച നാട്ടാനകൾ തമ്മിലാണ് ഏറ്റുമുട്ടിയത്. അഞ്ച് ആനകളെ ഉള്‍പ്പെടുത്തി സംഘട്ടന രംഗത്തിന്‍റെ ചിത്രീകരണം പുരോഗമിക്കവെയാണ് പുതുപ്പള്ളി സാധുവിനെ തടത്താവിള മണികണ്ഠന്‍ എന്ന നാട്ടാന തുടരെ തുടരെ ആക്രമിച്ചത്.
പാപ്പാന്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിക്കാതെ ഏറ്റുമുട്ടല്‍ തുടര്‍ന്നതോടെ പുതുപ്പള്ളി സാധു കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ആനകള്‍ വിരണ്ടോടിയതോടെ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും നാട്ടുകാരും ചിതറിയോടി. ഇതിനിടയില്‍ പലർക്കും പരുക്കേറ്റിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കാട്ടിലേക്ക് ഓടിപ്പോയ പുതുപ്പള്ളി സാധുവിനായുള്ള തെരച്ചില്‍ പ്രതികൂല കാലാവസ്ഥയെ തുടർന്ന് രാത്രിയോടെ അവാസാനിപ്പിച്ചിരുന്നു. നാളെ രാവിലെ വീണ്ടും തെരച്ചിൽ പുനരാരംഭിച്ചിരിക്കും.