ആരോപണങ്ങൾ ഉയർന്ന പിന്നാലെ തെളിവ് നശിപ്പിക്കാൻ ശ്രമം, കുറ്റവാളികളെ ശിക്ഷിക്കുമെന്നാണ് പ്രതീക്ഷ: പി.വി. അൻവർ

ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നതായും , തെളിവ് നശിപ്പിക്കുന്നതിൻ്റെ വീഡിയോ തൻ്റെ കൈവശമുണ്ടെന്നും പി.വി. അൻവർ പറഞ്ഞു.
ആരോപണങ്ങൾ ഉയർന്ന പിന്നാലെ തെളിവ് നശിപ്പിക്കാൻ ശ്രമം, കുറ്റവാളികളെ ശിക്ഷിക്കുമെന്നാണ് പ്രതീക്ഷ: പി.വി. അൻവർ
Published on

രാഷ്‌ട്രീയ കോളിളക്കം സൃഷ്‌ടിച്ച ആരോപണങ്ങൾ ഉന്നയിച്ച ശേഷം നിലമ്പൂർ എംഎൽഎ പി.വി. അൻവർ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ കണ്ട് പരാതി കൈമാറി. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടന്നതായും, തെളിവ് നശിപ്പിക്കുന്നതിൻ്റെ വീഡിയോ തൻ്റെ കൈവശമുണ്ടെന്നും പി.വി. അൻവർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസങ്ങളിൽ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട പരാതി സെക്രട്ടറിക്ക് കൈമാറിയത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതിയും തെളിവുകളും കൈമാറിയിരുന്നു. എഡിജിപി അജിത് കുമാറിനെ മാറ്റിനിർത്തുന്ന കാര്യം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയും ആണെന്നും പി.വി. പറഞ്ഞു.

എഡിജിപിയെ മാറ്റേണ്ടത് പാർട്ടിയും മുഖ്യമന്ത്രിയുമാണ്. എല്ലാത്തിനും അതിൻ്റെതായ നടപടി ക്രമങ്ങൾ ഉണ്ട്. അത് അനുസരിച്ച് നീങ്ങും. ഈ പാർട്ടിയെ പറ്റി എന്താണ് മനസ്സിലാക്കിയിട്ടുള്ളത്? അന്തസ്സുള്ള പാർട്ടിയും അന്തസ്സുള്ള മുഖ്യമന്ത്രിയുമാണ്. ലക്ഷക്കണക്കിന് സഖാക്കൾ പറയാൻ ആഗ്രഹിച്ചതാണ് ഞാൻ പറഞ്ഞത്. കള്ള അന്വേഷണം നടത്തി രക്ഷപ്പെടാമെന്ന് ആരും വിചാരിക്കേണ്ടെന്നും അൻവർ പറഞ്ഞു.

ആരോപണങ്ങൾ ഉന്നയിച്ചതിൻ്റെ ആദ്യ ഘട്ടത്തിലുള്ള ആവേശം ഇപ്പോൾ ഇല്ലല്ലോയെന്നും പി.വി. അൻവർ എലി ആയോ എന്നുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്,   എലി അത്ര മോശം ജീവിയല്ലെന്നും ഒരു വീട്ടിൽ എലി ഉണ്ടെങ്കിൽ എത്ര നല്ലതാണെന്നും പി.വി. അൻവർ പറഞ്ഞു.

ഇങ്ങനെ വൃത്തികെട്ട പൊലീസ് നാട്ടിലുണ്ടാകുമോ? ഈ അന്വേഷണമാണ് ആരോപണങ്ങളിലേക്ക് എത്തിച്ചത്. പറഞ്ഞത് ലക്ഷക്കണക്കിന് പാർട്ടി അണികളുടെ വികാരമാണ്. മരംമുറി കേസ് പൊലീസ് ഒന്ന് അട്ടിമറിക്കട്ടെ, അപ്പോൾ കാണാം. ഞാൻ ആർക്കു മുന്നിലും കീഴടങ്ങിയിട്ടില്ല. ഞാൻ തുടങ്ങിവച്ചത് വിപ്ലവമായി മാറും. പാർട്ടിക്കും ദൈവത്തിനും മുൻപിലേ കീഴടങ്ങൂവെന്നും നിലമ്പൂർ എംഎൽഎ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com