
നിലമ്പൂരിൽ പരിപാടി കഴിഞ്ഞു മടങ്ങുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ആക്രോശിച്ച് പി.വി. അൻവർ എംഎൽഎ. വാഹനം പാർക്കു ചെയ്യുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് റേഞ്ച് ഓഫീസറോടാണ് അദ്ദേഹം ക്ഷുഭിതനായത്. നിലമ്പൂർ അരുവാക്കോട് വനം ഓഫിസീലെ ഉദ്ഘാടനത്തിനെത്തിയ എംഎൽഎയുടെ വാഹനം മാറ്റി നിർത്താൻ ആവശ്യപ്പെട്ടാതാണ് പ്രകോപനത്തിനിടയാക്കിയത്.
READ MORE: വനംമന്ത്രിയെ മുന്നിലിരുത്തി വകുപ്പിനെ വിമർശിച്ച് പി.വി. അൻവർ; എംഎൽഎയുടേത് രാജിസൂചനയോ?
വാഹനം മൂന്നു തവണ മാറ്റിയിടാൻ ആവശ്യപ്പെട്ടുവെന്ന് പരിപാടിക്ക് ശേഷം ഡ്രൈവർ എംഎൽഎയോട് പറയുകയായിരുന്നു. തുടർന്ന് വാഹനം മാറ്റിയിടാൻ പറഞ്ഞ ഉദ്യോഗസ്ഥൻ ആരാണെന്ന് ചോദിച്ച് അൻവർ ഓഫീസിലേക്കെത്തി. എന്നാൽ ഓഫീസർ ഇവിടെയില്ലെന്ന് അറിയിച്ചതോടെയാണ് റേഞ്ച് ഓഫീസറോട് അൻവർ തട്ടിക്കയറിയത്. തന്നോടുള്ള വിരോധത്തിൻ്റെ ഭാഗമായാണ് ഓഫീസറുടെ ഭാഗത്തു നിന്ന് ഇത്തരമൊരു നീക്കമുണ്ടായതെന്ന് അൻവർ പറഞ്ഞു. ഇതിനു പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി എംഎൽഎ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിപ്പു പങ്കുവെക്കുകയും ചെയ്തു.
"പരിപാടി നടക്കുന്നതിനിടയിൽ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന "എം.എൽ.എ ബോർഡ്" വച്ച വാഹനം ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വന്ന് മാറ്റി ഇടീച്ചത് മൂന്ന് തവണയാണ്.വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കാതെ,പരിപാടിക്കെത്തുന്നിടത്തെല്ലാം എം.എൽ.എ ഇനി "വാഹനം തലയിൽ ചുമന്നൊണ്ട് നടക്കണം" എന്നാണോ. ആണെങ്കിൽ, അതൊന്നും അംഗീകരിച്ചു കൊടുക്കാൻ മനസ്സില്ല. ഉദ്യോഗസ്ഥ തൻപ്രമാണിത്തമൊക്കെ കൈയ്യിൽ വച്ചാൽ മതി" എന്നായിരുന്നു അൻവറിൻ്റെ ഫെയ്സ്ബുക്ക് കുറിപ്പ്.