എടവണ്ണ റിദാൻ ബാസിൽ കൊലക്കേസ്: അന്വേഷണം അട്ടിമറിക്കാൻ ഗൂഢാലോചന, പൊലീസിനെതിരെ വീണ്ടും പി.വി അൻവർ

എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിൽ ദുരൂഹത ഉണ്ടെന്നും,ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ ഇതിൽ പങ്കുണ്ടെന്നും പല തവണ ആവർത്തിച്ചിരുന്നതായി അൻവർ പോസ്റ്റിൽ പറയുന്നു.
എടവണ്ണ റിദാൻ ബാസിൽ കൊലക്കേസ്: അന്വേഷണം അട്ടിമറിക്കാൻ ഗൂഢാലോചന, പൊലീസിനെതിരെ വീണ്ടും പി.വി അൻവർ
Published on

എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിൽ അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന ആരോപണവുമായി വീണ്ടും പി.വി അൻവർ എംഎൽഎ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അൻവർ ഇത് വ്യക്തമാക്കിയത്. എടവണ്ണ റിദാൻ ബാസിൽ കൊലക്കേസിൽ ദുരൂഹത ഉണ്ടെന്നും, ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥർക്ക്‌ ഇതിൽ പങ്കുണ്ടെന്നും പല തവണ ആവർത്തിച്ചിരുന്നു. കേസിൽ വിചാരണ നിർത്തണമെന്ന് ആവശ്യപ്പെട് പൊലീസ് സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയെന്നും അൻവർ വ്യക്തമാക്കി.

2023 ഏപ്രിൽ 22 നാണ് റിദാൻ ബാസിൽനെ തലക്ക് വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഈ കേസ്‌ പ്രത്യേക അന്വേഷണ സംഘം നേരിട്ട്‌ വീണ്ടും അന്വേഷിക്കണം എന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ കത്ത് നൽകിയിരുന്നുവെന്നും പി.വി. അൻവർ പറഞ്ഞു. ഈ കേസുമായി ബന്ധമുണ്ടെന്ന് ഞാൻ സംശയിക്കുന്ന വ്യക്തി പൊലീസ് തലപ്പത്ത് തുടരുന്നിടത്തോളം കാലം ഈ കേസിൽ നീതിപൂർവ്വമായ അന്വേഷണം ഉണ്ടാകില്ലെന്ന് വ്യക്തമായെന്നും അൻവർ കൂട്ടിച്ചേർത്തു.

നിലവിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ഈ കേസിൽ എടവണ്ണ പൊലീസ്‌ പുതിയൊരു നീക്കം നടത്തിയിട്ടുണ്ട്‌. കൊല്ലപ്പെട്ട റിദാൻ്റെ കാണാതായ ഫോണുമായി ബന്ധപ്പെട്ട്‌ ചില സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും,അതിന്റെ അന്വേഷണത്തിനായി വിചാരണ നിർത്തി വയ്ക്കണം എന്നും ആവശ്യപ്പെട്ട്‌ അന്വേഷണ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം കോടതിയെ സമീപിക്കുകയും,കോടതി അത്‌ അനുവദിക്കുകയും ചെയ്തിട്ടുണ്ട്‌. ഇത്രകാലവും ലഭിക്കാതിരുന്ന ഈ വിവരം കഴിഞ്ഞ ദിവസം തന്നെ,അതായത്‌ താൻ ഈ ആരോപണം ഉയർത്തിയ ശേഷം എങ്ങനെ ലഭിച്ചു എന്നത്‌ അന്വേഷണവിധേയമാക്കേണ്ടതാണെന്നും അൻവർ പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.


പൊലീസിൻ്റെ തലപ്പത്തുള്ള ചില ആരോപണവിധേയർക്ക്‌ കരിപ്പൂരിലെ സ്വർണ്ണക്കടത്ത്‌ ഇടപാടുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ റിദാൻ്റെ ഐഫോണിൽ ഉണ്ടായിരുന്നെന്നും,ആ തെളിവ്‌ നശിപ്പിക്കാൻ വേണ്ടി റിദാനെ കൊലപ്പെടുത്തുകയും,പിന്നീട്‌ ഈ ഫോൺ കാണാതാവുകയും ചെയ്തിട്ടുണ്ട്‌.ഇത്‌ തന്നെയാണ് ഈ കേസ്സിലെ ദുരൂഹതയെന്നും അൻവർ പറഞ്ഞു. ഈ വിഷയം സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്താതെ നിർവ്വാഹമില്ലെന്നും അൻവർ പറഞ്ഞു.

പുതുതായി പ്രത്യേക അന്വേഷണ സംഘം ഈ കേസിൻ്റെ പുനരന്വേഷണം നടത്തണമെന്നും, താൻ ഇടപെട്ടു എന്നതിൻ്റെ പേരിൽ റിദാൻ്റെ കുടുംബത്തിനു നീതി നിഷേധിക്കപ്പെടരുത്‌ എന്ന നിർബന്ധം ഉണ്ടെന്നും അൻവർ കൂട്ടിച്ചേർത്തു. നാളെ ഒരു കാലത്ത്‌ പി.വി.അൻ വർ ഇക്കാര്യം വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയില്ല എന്ന പരാതി ഉയരാൻ പാടില്ല എന്നതിനാൽ ഈ വിഷയം നിങ്ങൾ പൊതുസമൂഹത്തിന്റെ കൂടി ശ്രദ്ധയിപ്പെടുത്തുന്നു എന്ന് പറഞ്ഞു കൊണ്ടാണ് അൻവർ പോസ്റ്റ് അവസാനിപ്പിച്ചത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com