പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് പി.വി. അൻവർ; അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രതിനിധികൾ മത്സരിക്കും

മാധ്യമങ്ങളെ കാണുന്ന വേളയിലാണ് നിർണായകമായ പാർട്ടി പ്രഖ്യാപന തീരുമാനം അൻവർ അറിയിച്ചത്
പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് പി.വി. അൻവർ; അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രതിനിധികൾ മത്സരിക്കും
Published on

പുതിയ പാർട്ടി പ്രഖ്യാപനവുമായി പി.വി. അൻവർ. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രതിനിധികൾ മത്സരിക്കുമെന്നും അൻവർ വ്യക്തമാക്കി. മാധ്യമങ്ങളെ കാണുന്ന വേളയിലാണ് നിർണായകമായ പാർട്ടി പ്രഖ്യാപന തീരുമാനം അൻവർ അറിയിച്ചത്. ദ ഹിന്ദുവിലെ പരാമർശം തെറ്റാണെന്ന് അറിഞ്ഞിട്ടും തെറ്റ് തിരുത്തിയത് പത്രം ഇറങ്ങി 32 മണിക്കൂർ കഴിഞ്ഞിട്ടാണെന്ന് പി.വി. അൻവർ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതൊക്കെ പച്ചക്കള്ളമാണെന്നും, അൻവർ പറഞ്ഞു. ദ ഹിന്ദുവിന് മുഖ്യമന്ത്രി കത്തെഴുതിയത് നാടകമാണെന്നും, പത്രവുമായി മുഖ്യമന്ത്രി അഡ്‌ജസ്റ്റ്‌മെൻ്റ് ചെയ്തെന്നും അൻവർ ആരോപിച്ചു. മുഖ്യന്ത്രിയുടെ അഭിമുഖത്തിൻ്റെ പൂർണ രൂപം ഹിന്ദു പുറത്തുവിടണമെന്നും അൻവർ ആവശ്യപ്പെട്ടു.


മുഖ്യമന്ത്രി ആ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സത്യാവസ്ഥ പുറത്ത് വരട്ടെ എന്ന് പറഞ്ഞ് മാറി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യം പറയുന്നതിൽ UDF ന് എന്താണ് ശക്തി ഇല്ലാത്തതെന്നും അൻവർ ചോദിച്ചു. മുഖ്യമന്ത്രിയാകാൻ ശേഷിയുള്ളവർ പാർട്ടിയിലുണ്ട്. ഞായറാഴ്ച മഞ്ചേരിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗം നടത്തുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് ദ ഹിന്ദു പത്രത്തില്‍ മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചത്. 'ആര്‍എസ്എസിനെയും കേരളത്തിലെ മറ്റ് ഹിന്ദുത്വ ശക്തികളെയും സിപിഎം എപ്പോഴും ശക്തമായി എതിര്‍ത്തിട്ടുണ്ട്'. എന്ന പേരിലായിരുന്നു അഭിമുഖം. 'കഴിഞ്ഞ 5 വര്‍ഷ കാലയളവില്‍ മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം 150 കിലോഗ്രാം സ്വര്‍ണവും 123 കോടി രൂപയുടെ ഹവാല പണവും കേരള പൊലീസ് പിടികൂടി, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും, സംസ്ഥാന വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് കേരളത്തിലേക്ക് ഇത്തരത്തില്‍ പണം കടത്തുന്നത്' എന്നായിരുന്നു അഭിമുഖത്തില്‍ പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും അഭിമുഖത്തില്‍ ഏതെങ്കിലും പ്രദേശത്തെയോ മതവിഭാഗത്തെയോ മുഖ്യമന്ത്രി പരാമര്‍ശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.


മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയെയും ആരോപണം ഉന്നയിച്ച അൻവർ കഴിഞ്ഞ ദിവസം ശശിക്കെതിരെ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് നൽകിയ പരാതി പുറത്തുവിട്ടിരുന്നു.ഷാജന്‍ സ്‌കറിയ കേസ്, സോളാര്‍ കേസ്, സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ട വിവാദം, പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച ആരോപണം, കോഴിക്കോട്ടെ വ്യാപാരിയുടെ കേസ്, രാഹുല്‍ ഗാന്ധിയുടെ കേസ്, പാര്‍ക്കിലെ മോഷണക്കേസ്, സാമ്പത്തിക തര്‍ക്കത്തിലെ മധ്യസ്ഥന്‍ എന്നീ വിഷയങ്ങളില്‍ പി. ശശിയുടെ ഇടപെടലുകളില്‍ സംശയം ഉന്നയിച്ചും വിമര്‍ശിച്ചുമാണ് പരാതി നല്‍കിയത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com