പി.വി. അൻവറിൻ്റെ ആരോപണം: അഞ്ചംഗ അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കി സർക്കാർ; ഡിജിപി നേതൃത്വം നൽകും

കഴിഞ്ഞ ദിവസങ്ങളില്‍ നിലമ്പൂർ എംഎല്‍എ പി.വി. അന്‍വർ ഉന്നയിച്ച ആരോപണങ്ങളാകും സംഘം അന്വേഷിക്കുക
പി.വി. അൻവറിൻ്റെ ആരോപണം: അഞ്ചംഗ അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കി സർക്കാർ; ഡിജിപി നേതൃത്വം നൽകും
Published on

എഡിജിപി എം.ആർ. അജിത് കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെ പി.വി. അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. സംസ്ഥാന പൊലീസ് അധ്യക്ഷൻ ഷേയ്ഖ് ദർവേഷ് സാഹിബിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിനാണ് അന്വേഷണ ചുമതല.

കഴിഞ്ഞ ദിവസങ്ങളില്‍ നിലമ്പൂർ എംഎല്‍എ പി.വി. അന്‍വർ ഉന്നയിച്ച ആരോപണങ്ങളാകും സംഘം അന്വേഷിക്കുക. ഡിജിപിക്ക് പുറമെ തിരുവനന്തപുരം ഐജി ഗജുലവർത്തി, ജി. സ്പര്‍ജന്‍ കുമാര്‍ (ഐജിപി, സൗത്ത് സോണ്‍ & സിപി, തിരുവനന്തപുരം സിറ്റി), തൃശൂർ ഡിഐജി തോംസണ്‍ ജോസ്, സ്പെഷ്യല്‍ ബ്രാഞ്ച് എസ്‌പി എസ്. മധുസൂദനന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റു അംഗങ്ങള്‍. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. എഡിജിപി അജിത് കുമാർ നൽകിയ പരാതിയും അന്വേഷണ സംഘം അന്വേഷിക്കും.


അതേസമയം, പൊലീസ് സേനയിലെ ഉന്നതർക്കെതിരെ ഉയരുന്ന ആരോപണങ്ങൾ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രംഗത്തെത്തി. ഐപിഎസ് ഉദ്യോഗസ്ഥർക്ക് എതിരെയാണ് ആരോപണം. അത്തരം ആരോപണങ്ങൾ അന്വേഷിക്കേണ്ടത് സിബിഐ തന്നെയാണെന്ന് തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. സുജിത് ദാസിന്‍റെ സ്ഥലംമാറ്റം ഒരു ശിക്ഷണ നടപടിയല്ലെന്നും യുഡിഎഫ് ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണന്‍ പറഞ്ഞു.

കരിപ്പൂർ സ്വര്‍ണ കള്ളക്കടത്ത് അടക്കം നിരവധി ആരോപണങ്ങളാണ് എഡിജിപി എം.ആർ. അജിത് കുമാറിന് നേരെ പി.വി. അന്‍വർ ഉയർത്തിയത്. സ്വർണം കടത്തുന്നവരുടെ വിവരങ്ങൾ എസ്‍പി സുജിത് ദാസിന് ഗൾഫിൽ നിന്നും ലഭിക്കുമെന്നും അജിത് കുമാറുമായി ബന്ധമില്ലാത്തവർ സ്വർണം കടത്തിയാൽ എസ്‌പി അതു പിടികൂടുമെന്നും അന്‍വർ പറഞ്ഞു. എടവണ്ണ കൊലക്കേസിലെ പ്രതി ഷാൻ നിരപരാധിയാണെന്നും, സ്വർണക്കടത്തിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഷാൻ്റെ പക്കൽ ഉണ്ടായിരുന്നെന്നും അൻവർ ആരോപിച്ചു. പൊലീസ് ഇപ്പോഴും തല്ലി കുറ്റം സമ്മതിപ്പിക്കാറുണ്ടെന്നും, ഷാന്‍ കുറ്റസമ്മതം നടത്തിയത് അങ്ങനെയാണെന്നും അന്‍വർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com