ഗവർണർ കാവിവല്‍ക്കരണത്തിന്‍റെ ഇടനിലക്കാരന്‍, ഇഷ്ടക്കാരെ ആജ്ഞാനുവർത്തികളാക്കി  നിയമിക്കാനാണ് ശ്രമിക്കുന്നത്: ആർ. ബിന്ദു

ഗവർണർ കാവിവല്‍ക്കരണത്തിന്‍റെ ഇടനിലക്കാരന്‍, ഇഷ്ടക്കാരെ ആജ്ഞാനുവർത്തികളാക്കി നിയമിക്കാനാണ് ശ്രമിക്കുന്നത്: ആർ. ബിന്ദു

ഗവർണർക്കെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനാണ് എസ്എഫ്ഐയുടെയും തീരുമാനം
Published on

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. വിദ്യാഭ്യാസരംഗം കാവിവൽക്കരിക്കാനാണ് കേന്ദ്രസർക്കാർ നീക്കമെന്നും ഗവർണർ അതിന്‍റെ ഇടനിലക്കാരനായാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. സാങ്കേതിക, ഡിജിറ്റല്‍ സർവകലാശാലകളിലെ വിസി നിയമനത്തിലായിരുന്നു ആർ. ബിന്ദുവിന്‍റെ വിമർശനം.

ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ പ്രാർത്ഥിച്ചു ചുമതലയേൽക്കുന്നവരാണ് ഇക്കൂട്ടർ. വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ നിയമപരമായി മുന്നോട്ടു പോകുമെന്നും ബിന്ദു അറിയിച്ചു. കെടിയു ആക്ടിൽ കൃത്യമായി കാര്യങ്ങൾ പറയുന്നുണ്ട്. സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം നിയമനം നടത്താൻ. എന്നാൽ അതിന് വിരുദ്ധമായിട്ടാണ് ചാൻസലറുടെ നടപടിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇഷ്ടക്കാരെ ആജ്ഞാനുവർത്തികളാക്കി നിയമിക്കാനാണ് ചാൻസലർ ശ്രമിക്കുന്നതെന്നും ആർ. ബിന്ദു കൂട്ടിച്ചേർത്തു.

Also Read: സർക്കാരിന് തിരിച്ചടി; വൈസ് ചാന്‍സലർ നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

സർവകലാശാലാ ആക്ട് ലംഘിച്ചാണ് ഡിജിറ്റൽ സർവകലാശാലയിൽ സിസാ തോമസിനേയും, കെടിയുവിൽ കെ. ശിവപ്രസാദിനേയും നിയമിച്ചതെന്നാണ് സർക്കാർ ആരോപിക്കുന്നത്. ഇതിനെ തുടർന്നാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ കോടതി പ്രൊഫ. ശിവപ്രസാദിന് നോട്ടീസ് അയച്ചു. എന്നാല്‍ നിയമനം സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. വൈസ് ചാന്‍സലർ ഇല്ലാത്ത അവസ്ഥ സർവകലാശാലകളില്‍ അനുവദിക്കാൻ പറ്റുകയില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ വൈസ്‌ ചാന്‍സലര്‍മാരെ ഏകപക്ഷീയമായി നിയമിച്ച ഗവർണറുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നാണ് സിപിഎം നിലപാട്. ഗവർണർക്കെതിരെ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനാണ് എസ്എഫ്ഐയുടെയും തീരുമാനം.

News Malayalam 24x7
newsmalayalam.com