'കേന്ദ്ര സർക്കാരിനോട് ആവശ്യങ്ങൾ പറയാൻ നട്ടെല്ല് വേണം, മന്ത്രി വന്നപ്പോൾ സമരക്കാർ മണി മുറ്റത്താവണി പന്തൽ പാടി'; ആശമാരെ വിമർശിച്ച് ആർ. ബിന്ദു

സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് ആശാ വർക്കേഴ്സ് അസോസിയേഷൻ
ആർ. ബിന്ദു
ആർ. ബിന്ദു
Published on

ആശാ വർക്കർമാർക്കെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി . കേന്ദ്രത്തോട് ആവശ്യങ്ങൾ പറയാൻ നട്ടെല്ല് വേണമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. കേന്ദ്രമന്ത്രി വന്നപ്പോൾ സമരക്കാർ 'മണി മുറ്റത്താവണി പന്തൽ' പാട്ട് പാടുകയാണ് ചെയ്തത്. അവർക്ക് കേന്ദ്ര സർക്കാരിനോട് പറയാൻ ഒന്നും ഇല്ല. ആശമാരുടെ പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി പറഞ്ഞു. എന്നാൽ കാലിക്കറ്റ് സർവകലാശാലയിലെ ഗവർണറുടെ പ്രസംഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രി പ്രതികരിച്ചില്ല.


എന്നാല്‍, കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിലപാടിൽ മാറ്റം വരുത്തി. സംസ്ഥാന സർക്കാരിനും ആരോഗ്യമന്ത്രിക്കും കേന്ദ്രമന്ത്രി പിന്തുണ നൽകി. സർക്കാരിന് എടുത്തുചാടി ഒന്നും ചെയ്യാൻ കഴിയില്ല, വീണാ ജോർജിനെ കുറ്റം പറയാനാകില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. ആശാ വർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെയാണെന്നും ആ ആത്മാർത്ഥത അവസാനം വരെ ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. 

അതേസമയം, സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ് ആശാ വർക്കേഴ്സ് അസോസിയേഷൻ. നിരാഹാരം ഇരിക്കുന്നവർക്ക് പിന്തുണയുമായി തിങ്കളാഴ്ച ആശമാർ കൂട്ട ഉപവാസം നടത്തും. മാർച്ച് 20ന് രാവിലെ 11 മുതലാണ് ആശമാർ നിരാഹാര സമരം ആരംഭിച്ചത്. ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു, ആശാ വർക്കർമാരായ തങ്കമണി, ഷീജ എന്നിവരാണ് നിരാഹാരസമരം ആരംഭിച്ചത്. ഇന്നലെ രാത്രിയോടെ തിരുവനന്തപുരം സ്വദേശിയായ ഷീജയുടെ ആരോ​ഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഷീജക്ക് പകരം ആശാ വർക്കറായ ശോഭ നിരാഹാര സമരം ഏറ്റെടുത്തു. എന്‍എച്ച്എം ഡയറക്ടർ, ആരോഗ്യ മന്ത്രി എന്നിവരുമായി നടത്തിയ ചർച്ചകള്‍ പരാജയപ്പെട്ടതിനെ തുടർന്നാണ് ആശമാർ സമരത്തിന്‍റെ മൂന്നാം ഘട്ടമായി നിരാഹാരം ആരംഭിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com