"ബിജെപി ഭരണഘടന തകർക്കാൻ ശ്രമിക്കുന്നു, മോദി ശതകോടീശ്വരൻമാരുടെ കളിപ്പാവ"; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ജാർഖണ്ഡിലെ ഗൊഡ്ഡായിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു വിമർശനം
"ബിജെപി ഭരണഘടന തകർക്കാൻ ശ്രമിക്കുന്നു, മോദി ശതകോടീശ്വരൻമാരുടെ കളിപ്പാവ"; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
Published on


തെരഞ്ഞെടുപ്പിലുടനീളം രാഹുൽ ഉയർത്തിപിടിച്ച ചുവന്ന പുസ്തകം ശൂന്യമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭരണഘടന വായിക്കാത്തവർക്ക് എന്തും പറയാമെന്നായിരുന്നു രാഹുലിൻ്റെ പരാമർശം. ജാർഖണ്ഡിലെ ഗൊഡ്ഡായിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ വിമർശനം.

ഇന്ത്യൻ ഭരണഘടനയുടെ പകർപ്പ് ഉയർത്തി കാണിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധി തൻ്റെ പ്രസംഗം ആരംഭിച്ചത്. ഇന്ത്യാ സഖ്യം ഭരണഘടന സംരക്ഷിക്കാൻ പോരാടുകയാണ്, എന്നാൽ ബിജെപിയും ആർഎസ്എസും അത് തകർക്കാൻ ശ്രമിക്കുകയാണ്. പ്രധാനമന്ത്രി മോദി ഭരണഘടന വായിച്ചിരുന്നെങ്കിൽ, വിദ്വേഷം പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും ഒരു മതത്തിനെതിരെ മറ്റൊരു മതം പോരാടുന്നതിനെക്കുറിച്ചും സംസാരിക്കില്ലായിരുന്നുവെന്നും രാഹുൽ വിമർശിച്ചു.


ശതകോടീശ്വരന്മാരുടെ കൈയ്യിലെ കളിപ്പാവയാണ് പ്രധാനമന്ത്രിയെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ മറ്റൊരു ആരോപണം. അദാനി, അംബാനി തുടങ്ങിയ വ്യവസായികൾക്ക് രാജ്യത്തിൻ്റെ സമ്പത്ത് കൈമാറാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. മുംബൈയിലെ ധാരാവി ഭൂമി അദാനിക്ക് നൽകാനും ബിജെപിയും മോദിയും ശ്രമിക്കുന്നു. അദാനിയെ സഹായിക്കാനാണ് മഹാരാഷ്ട്രയിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിച്ചത് . കോൺഗ്രസിന് നരേന്ദ്ര മോദിയെയോ മൻ കി ബാത്തിനെയോ ഭയമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

കോൺഗ്രസ് പാർട്ടി ലോക്‌സഭയിൽ ജാതി സെൻസസ് നിയമം കൊണ്ടുവരുമെന്നും 50 ശതമാനം സംവരണത്തിൻ്റെ വേലിക്കെട്ട് പൊളിക്കുമെന്നും രാഹുൽ പ്രഖ്യാപിച്ചു. ജാർഖണ്ഡിൽ, ദളിത് വിഭാഗങ്ങൾക്ക് 26 മുതൽ 28 ശതമാനം വരെയും, ആദിവാസി വിഭാഗങ്ങൾക്ക് 10 മുതൽ 12 ശതമാനം വരെയും, പിന്നാക്ക വിഭാഗങ്ങൾക്ക് 14 മുതൽ 27 ശതമാനം വരെയും സംവരണം വർധിപ്പിക്കുമെന്നും രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തു. 

തെരഞ്ഞെടുപ്പ് അടുത്ത ജാർഖണ്ഡിൽ പ്രധാനമന്ത്രി മോദിയും പ്രചരണത്തിനെത്തിയിരുന്നു. ഭരണപക്ഷമായ ജാർഖണ്ഡ് മുക്തി മോർച്ചയേയും രാഹുല്‍ ഗാന്ധിയേയും വിമർശിച്ചായിരുന്നു റാലികളിലെ പ്രധാനമന്ത്രി മോദിയുടെ പ്രസംഗം. രാഹുലിനെ 'രാജകുമാരന്‍' എന്നാണ് പ്രധാനമന്ത്രി പരിഹാസത്തോടെ വിശേഷിപ്പിച്ചത്. കൂടാതെ, പട്ടിക ജാതി-പട്ടിക വർഗ വിഭാഗങ്ങളെ തളർത്താനായി അവർക്ക് ലഭിക്കേണ്ട സംവരണം രാഹുല്‍ ഇല്ലാതാക്കിയെന്നും നരേന്ദ്ര മോദി ആരോപിച്ചു.

അതേസമയം നരേന്ദ്ര മോദിയുടെ വിമാനത്തിന് തകരാർ സംഭവിച്ച വിഷയവും ബിജെപിക്കെതിരായ ആരോപണായുധമാക്കുകയാണ് കോൺഗ്രസ്. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തെ തടസപ്പെടുത്താനായി ബോധപൂർവം കാലതാമസം വരുത്തിയതാണെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. പ്രധാനമന്ത്രിയുടെ ദിയോഗറിലെ പരിപാടിക്ക് അധിക പ്രാധാന്യം കല്‍പ്പിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. 45 മിനിറ്റുകള്‍ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിയുടെ വിമാനത്തിനു പറക്കാനുള്ള അനുവാദം ലഭിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com