ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് പ്രചാരണത്തിന് തുടക്കമായി; രാഹുൽ ഇന്ന് ജമ്മുകശ്മീരിലെത്തും

റംബാൻ, അനന്ത്നാഗ് ജില്ലകളിലെ രണ്ട് മെഗാ പൊതു റാലികളോടെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ക്യാമ്പയിന്  തുടക്കം കുറിക്കുക.
ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് പ്രചാരണത്തിന് തുടക്കമായി; രാഹുൽ ഇന്ന് ജമ്മുകശ്മീരിലെത്തും
Published on



ഒരു പതിറ്റാണ്ടിന് ശേഷം നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ജമ്മുകശ്മീരിൽ കോൺഗ്രസ് പ്രചാരണത്തിന് തുടക്കമായി. പ്രചാരണത്തിൻ്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ജമ്മുകശ്മീരിലെത്തും. സംസ്ഥാനത്ത് മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

റംബാൻ, അനന്ത്നാഗ് ജില്ലകളിലെ രണ്ട് മെഗാ പൊതു റാലികളോടെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ക്യാമ്പയിന്  തുടക്കം കുറിക്കുക. സെപ്തംബർ 18ന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികൾക്കായുള്ള പ്രചാരണത്തിൻ്റെ ഭാഗമായാണ് റാലികൾ. ഡൽഹിയിൽ നിന്ന് ജമ്മുവിലെത്തുന്ന രാഹുൽ ഗാന്ധി, ബനിഹാൽ നിയമസഭയിൽ നിന്ന് മത്സരിക്കുന്ന വികാർ റസൂൽ വാനിക്ക് വേണ്ടിയായിരിക്കും ആദ്യം രംഗത്തെത്തുക. 

ശേഷം രാഹുൽ അനന്ത്നാഗ് ജില്ലയിലേക്ക് യാത്രതിരിക്കും. ദൂരു നിയമസഭാ സ്ഥാനാർഥിയായ കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുൻ മന്ത്രിയുമായ ഗുലാം അഹമ്മദ് മിറിനെ പിന്തുണച്ച് മറ്റൊരു റാലിയിലും പ്രതിപക്ഷ നേതാവ് പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രചാരണ ഗോദയിൽ രാഹുൽ ഗാന്ധിയുടെ സാന്നിധ്യം കോൺഗ്രസിൻ്റെ വിജയസാധ്യതകൾ മെച്ചപ്പെടുത്തുമെന്ന് ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ താരിഖ് ഹമീദ് പറഞ്ഞു.


കഴിഞ്ഞ ദിവസമാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആറ് സ്ഥാനാർഥികളുടെ രണ്ടാം പട്ടിക കോൺഗ്രസ് പുറത്തിറക്കിയത്. മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചേർന്ന എഐസിസി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

സെൻട്രൽ ഷാൽടെങ്ങിൽ നിന്ന് പിസിസി സംസ്ഥാന അധ്യക്ഷൻ താരിഖ് ഹമീദ് കാര മത്സരിക്കും. ഒമ്പത് സ്ഥാനാർഥികളുടെ പ്രാഥമിക ലിസ്റ്റ് ഓഗസ്റ്റ് 27 ന് പുറത്തിറക്കിയിരുന്നു. നാഷണൽ കോൺഫറൻസും കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജന ഫോർമുലയ്ക്കും അന്തിമ രൂപമായി. നാഷണൽ കോൺഫറൻസ് 51 സീറ്റുകളിലും, കോൺഗ്രസ് 32 സീറ്റുകളിലും മത്സരിക്കും. സിപിഎമ്മിനും ജമ്മു കശ്മീർ നാഷണൽ പാന്തേഴ്‌സ് പാർട്ടിക്കും ഓരോ സീറ്റ് വീതം നൽകിയിട്ടുണ്ട്. 90 അംഗ ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് സെപ്റ്റംബർ 18, 25, ഒക്ടോബർ 1 തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com