സര്‍ക്കാരിന് ഫാള്‍സ് ഈഗോ, ആശ വര്‍ക്കര്‍ക്കര്‍മാരുടെ സമരത്തെ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഗൗനിച്ചില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍

'മഴ കൊള്ളാതിരിക്കാന്‍ കെട്ടിയ ടാര്‍പോളീന്‍ പോലും മിസ്റ്റര്‍ ചീഫ് മിനിസ്റ്ററുടെ ആളുകള്‍ വലിച്ചു പറിച്ചു കളഞ്ഞില്ലേ?'
സര്‍ക്കാരിന് ഫാള്‍സ് ഈഗോ, ആശ വര്‍ക്കര്‍ക്കര്‍മാരുടെ സമരത്തെ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഗൗനിച്ചില്ല: രാഹുല്‍ മാങ്കൂട്ടത്തില്‍
Published on


ഓണറേറിയം മൂന്ന് മാസം മുടങ്ങിയതു കൊണ്ടാണ് ആശ വർക്കർമാർ സമരത്തിലേക്ക് ഇറങ്ങിയതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പ്രതിദിന കൂലി 700 രൂപ ആക്കുമെന്ന് ഇടതുമുന്നണി പറഞ്ഞതല്ലേ. ബക്കറ്റ് പിരിവ് എന്ന് മുതലാണ് സര്‍ക്കാരിന് അയിത്തമായി തുടങ്ങിയത്. ആശ വര്‍ക്കര്‍മാരുടെ സമരത്തെ സര്‍ക്കാര്‍ ഗൗനിച്ചില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയോ മറ്റു മന്ത്രിമാരോ പോലും അവരെ കണ്ട് സംസാരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

മഴ കൊള്ളാതിരിക്കാന്‍ കെട്ടിയ ടാര്‍പോളീന്‍ പോലും മിസ്റ്റര്‍ ചീഫ് മിനിസ്റ്ററുടെ ആളുകള്‍ വലിച്ചു പറിച്ചു കളഞ്ഞില്ലേ? മിനിമം കൂലി കൂട്ടേണ്ടത് കേന്ദ്രമാണെങ്കില്‍ 2014ല്‍ സിഐടിയു സെക്രട്ടറി എളമരം കരീം ശമ്പളം 10,000 രൂപ ആക്കണമെന്ന് നിയമസഭയില്‍ പറഞ്ഞത് എന്തിനാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

2018ന് ശേഷം ആശമാര്‍ മറ്റു ജോലിക്ക് പോകുന്നതും തടഞ്ഞു. മറ്റു ജോലിക്കൊപ്പം മന്ത്രിമാരുടെ പ്രസംഗത്തിന് കൈയ്യടിക്കാനും പോണം. ഇവരുടെ പ്രസംഗം കേട്ട് കൈയ്യടിക്കുന്നവര്‍ക്ക് 233 രൂപ മതിയോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.

700 രൂപ കൊടുക്കാന്‍ സര്‍ക്കാരിന്റെ കൈയ്യില്‍ പൈസയില്ല. പിഎസ്‌സി അംഗങ്ങള്‍ക്ക് ലക്ഷങ്ങള്‍ കൊടുക്കാന്‍ സര്‍ക്കാരിന് പണമുണ്ട്. കേന്ദ്രത്തില്‍ നിന്ന് 98 ലക്ഷം രൂപ വാങ്ങിയെടുക്കാന്‍ കഴിവില്ലാത്ത കെവി തോമസിന് ലക്ഷങ്ങള്‍ നല്‍കുന്നു. സര്‍ക്കാരിന് ഫാള്‍സ് ഈഗോയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രംഗത്തെത്തി. എസ്‌യുസിഐയുടെ നാവായി കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മാറിയെന്നും അത് നാണക്കേടാണെന്നും വീണ ജോര്‍ജ് ആരോപിച്ചു. ആശമാരെക്കുറിച്ചും പ്രവര്‍ത്തനത്തെക്കുറിച്ചും യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിന് അറിയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വ്യക്തിപരമായ അസത്യ പ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കും.ആശമാരുടെ കാര്യത്തില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്ന നിലപാട് തന്നെയാണ് സര്‍ക്കാരിനെന്നും വീണ ജോര്‍ജ് പറഞ്ഞു.

എന്നാല്‍ ആശ വര്‍ക്കര്‍മാര്‍ക്ക് ആദ്യമായി ഓണറേറിയം നല്‍കിയത് യുഡിഎഫ് സര്‍ക്കാരാണെന്ന് വീണ ജോര്‍ജിന് പ്രതിപക്ഷ നേതാവ് മറുപടി നല്‍കി. കഴിഞ്ഞ ഒന്‍പത് വര്‍ഷം നല്‍കിയ ഇന്‍സെന്റീവിന്റെ സംസ്ഥാന വിഹിതത്തിന്റെ കണക്ക് മേശപ്പുറത്ത് വെക്കാമോ എന്നും പ്രിപക്ഷ നേതാവ് ചോദിച്ചു. കര്‍ണാടകയില്‍ സമരം ചെയ്ത ആശാ വര്‍ക്കര്‍മാര്‍ക്ക് 10000 രൂപ ഓണറേറിയം വര്‍ധിപ്പിച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കേരളത്തിലെ ആശാവര്‍ക്കര്‍മാര്‍ക്കുള്ളതുപോലെ ഒരു ജോലി മറ്റൊരു സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാര്‍ക്കും ഇല്ല. വീട്ടില്‍ ചെന്നാല്‍ കുത്തിക്കുറിക്കലും കണക്കുമായി പാതിരാത്രി വരെയിരിക്കണം. സമരം ചെയ്യുന്നവരെ പാട്ടപ്പിരിവുകാര്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ത്തുന്ന കീടങ്ങള്‍ എന്നിങ്ങനെ അധിക്ഷേപിച്ചുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com