
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ റെയിൽവേ ബുക്കിങ് കൗണ്ടർ പ്രവർത്തനങ്ങൾ ആരംഭിക്കാതെ കിടക്കുന്നു. നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞെങ്കിലും ഇതുവരെ സേവനങ്ങൾ ലഭ്യമായിട്ടില്ല. കൗണ്ടർ പ്രവർത്തിക്കാത്തതിനാൽ രോഗികളടക്കം കിലോമീറ്ററുകൾ താണ്ടി റെയിൽവേ സ്റ്റേഷനിൽ എത്തി വേണം ടിക്കറ്റ് എടുക്കാൻ.
മലബാറിലെ ആറ് ജില്ലകളിൽ നിന്നുള്ള രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഗതാഗത കുരുക്കുകൾ മറികടന്ന് 10 കിലോമീറ്റർ താണ്ടി വേണം കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്താൻ. ഈ പ്രതിസന്ധിയ്ക്ക് ഏറെ പരിഹാരം ആകുന്നതാണ് റെയിൽവേയുടെ ടിക്കറ്റ് ബുക്കിങ് കൗണ്ടർ.
സ്വകാര്യ ഏജൻസിയുടെ സ്പോൺസർഷിപ്പിൽ റൂം അറ്റകുറ്റപ്പണി നടത്തി ശൗചാലയവും, കൗണ്ടറിലേക്കുള്ള കമ്പ്യൂട്ടറും സ്ഥാപിച്ച് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിരുന്നു. എം.കെ. രാഘവൻ എംപി ഇടപെട്ട് റെയിൽവേയുടെ പ്രത്യേക അനുമതിയും വാങ്ങി. ജീവനക്കാരെ വെച്ച് റെയിൽവേ തന്നെ കൗണ്ടർ പ്രവർത്തിപ്പിക്കാം എന്നറിയിച്ചിട്ടും മെഡിക്കൽ കോളേജ് അധികൃതർ അനുമതി നൽകാത്തതിനാൽ തുറന്നു പ്രവർത്തിക്കാനാകാത്ത അവസ്ഥയിലാണ് ബുക്കിങ് കൗണ്ടർ.
എംപിയോടുള്ള രാഷ്ട്രീയ നീരസമാണ് പണി പൂർത്തിയായിട്ടും കൗണ്ടർ അടഞ്ഞു കിടക്കുന്നതിനു പിന്നിലെന്നും ആരോപണമുണ്ട്. കൗണ്ടറുകൾ വഴി ബുക്ക് ചെയ്താൽ മാത്രമേ രോഗികൾക്കും കൂടെയുള്ള സഹായിക്കും യാത്രാ ആനുകൂല്യം ലഭിക്കുകയുള്ളൂ. അർബുദം, കിഡ്നി രോഗചികിത്സ എന്നിവയ്ക്ക് ഉൾപ്പെടെ ഇതര ജില്ലകളിൽ നിന്ന് നൂറുകണക്കിന് രോഗികളാണ് നേരത്തേ മെഡിക്കൽ കോളേജിൽ ഈ ടിക്കറ്റ് ബുക്കിങ് കൗണ്ടറിനെ ആശ്രയിച്ചിരുന്നത്.