2022ല്‍ റിഷഭ് പന്തിന്റെ ജീവന്‍ രക്ഷിച്ച യുവാവ് കാമുകിക്കൊപ്പം ജീവനൊടുക്കാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയില്‍

2022ലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ മരണത്തില്‍ നിന്നും രക്ഷിച്ചവരില്‍ ഒരാളാണ് രജത് കുമാര്‍
2022ല്‍ റിഷഭ് പന്തിന്റെ ജീവന്‍ രക്ഷിച്ച യുവാവ് കാമുകിക്കൊപ്പം ജീവനൊടുക്കാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയില്‍
Published on

2022ല്‍ നടന്ന കാര്‍ അപകടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ ജീവന്‍ രക്ഷിച്ച യുവാവ് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം സ്വയം ജീവനെടുക്കാന്‍ ശ്രമിച്ച് ഗുരുതരാവസ്ഥയില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലുള്ള ബുച്ചാ ബസ്തി എന്ന ഗ്രാമത്തിലാണ് സംഭവം. രജത് കുമാര്‍ (25) ആണ് കാമുകിക്കൊപ്പം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രജത് കുമാറിന്റെ കാമുകി മനു കശ്യപ് (21) ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി. യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്.

വീട്ടുകാര്‍ പ്രണയ ബന്ധത്തെ എതിര്‍ത്തതോടെയാണ് ഇരുവരും ജീവനൊടുക്കാന്‍ തീരുമാനിച്ചത്. ഫെബ്രുവരി ഒമ്പതിനാണ് രജത്തിനേയും മനു കശ്യപിനേയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടയില്‍ മനു മരണപ്പെട്ടു.

വ്യത്യസ്ത ജാതിയില്‍ പെട്ട മനുവിനും രജത്തിനും വീട്ടുകാര്‍ മറ്റ് വിവാഹാലോചനകള്‍ നടത്തി വരികയായിരുന്നു. വീട്ടുകാര്‍ ബന്ധത്തെ പിന്തുണയ്ക്കാതായതോടെയാണ് ഇരുവരും ഒന്നിച്ച് മരിക്കാന്‍ തീരുമാനിച്ചത്. അതേസമയം, മനു കശ്യപ് മരിച്ചതിനു പിന്നാലെ, മകളെ തട്ടിക്കൊണ്ടുപോയി വിഷം നല്‍കിയതാണെന്നാരോപിച്ച് മാതാവ് രജത് കുമാറിനെതിരെ രംഗത്തെത്തി.

2022ലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിനെ മരണത്തില്‍ നിന്നും രക്ഷിച്ചവരില്‍ ഒരാളാണ് രജത് കുമാര്‍. ഡല്‍ഹിയില്‍ നിന്നും ഉത്തരാഖണ്ഡിലേക്ക് പോകുകയായിരുന്ന റിഷഭ് പന്തിന്റെ കാര്‍ റൂര്‍ക്കിക്ക് സമീപം ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടമുണ്ടായത്. പൂര്‍ണമായും കത്തിയമര്‍ന്ന കാറില്‍ നിന്ന് റിഷഭ് പന്തിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത് രജത് കുമാറും നിഷു കുമാര്‍ എന്ന യുവാവും ചേര്‍ന്നായിരുന്നു.

തന്റെ ജീവന്‍ രക്ഷിച്ച യുവാക്കളെ റിഷഭ് പന്ത് ആശുപത്രിയിലേക്ക് വിളിപ്പിച്ച് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. അന്ന് രാജ്യം മുഴുവന്‍ അഭിനന്ദനം വാങ്ങിയ യുവാക്കളില്‍ ഒരാളാണ് കുടുംബങ്ങളുടെ കടുത്ത ജാതിബോധത്തില്‍ സ്വന്തം ജീവനെടുക്കാന്‍ ശ്രമിച്ചത്.

ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com