ഏഴ് റണ്‍സിനിടെ രണ്ട് വിക്കറ്റ്; രക്ഷകരായി ഡാനിഷും കരുണും, 127 റണ്‍സ് ലീഡുമായി വിദര്‍ഭ

37 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ വിദര്‍ഭയുടെ ഓപ്പണിങ് വിക്കറ്റുകള്‍ വേഗത്തില്‍ സ്വന്തമാക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു
ഏഴ് റണ്‍സിനിടെ രണ്ട് വിക്കറ്റ്; രക്ഷകരായി ഡാനിഷും കരുണും, 127 റണ്‍സ് ലീഡുമായി വിദര്‍ഭ
Published on


രഞ്ജി ട്രോഫി ഫൈനലില്‍ കേരളത്തിനെതിരെ 127 റണ്‍സ് ലീഡുമായി വിദര്‍ഭയുടെ ബാറ്റിങ് തുടരുന്നു. ഒന്നാം ഇന്നിങ്സില്‍ ലഭിച്ച 37 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ വിദര്‍ഭയുടെ ഓപ്പണിങ് വിക്കറ്റുകള്‍ വേഗത്തില്‍ സ്വന്തമാക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍, ഡാനിഷ് മാലെവാര്‍-കരുണ്‍ നായര്‍ സഖ്യം വിദര്‍ഭയെ ട്രാക്കിലെത്തിക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍, രണ്ട് വിക്കറ്റിന് റണ്‍സ് 90 എന്ന നിലയിലാണ് വിദര്‍ഭ. 38 റണ്‍സുമായി ഡാനിഷും 42 റണ്‍സുമായി കരുണുമാണ് ക്രീസില്‍.

പാര്‍ഥ് രേഖാഡെയും ധ്രുവ് ഷോറെയും ചേര്‍ന്നാണ് വിദര്‍ഭയുടെ രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. എന്നാല്‍ രണ്ടാം ഓവറില്‍ തന്നെ ജലജ് സക്സേന രേഖാഡെയുടെ വിക്കറ്റ് തെറിപ്പിച്ചു. അഞ്ച് പന്തില്‍ ഒരു റണ്‍സെടുത്ത രേഖാഡെ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു. മൂന്നാമത്തെ ഓവറില്‍ ഷോറെയും പുറത്തായി. എം.ഡി. നിതീഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദീനായിരുന്നു ക്യാച്ച്. ആറ് പന്തില്‍ അഞ്ച് റണ്‍സായിരുന്നു ഷോറെയുടെ സമ്പാദ്യം. പിന്നാലെ കളത്തിലെത്തിയ ഡാനിഷും കരുണും ചേര്‍ന്നാണ് വിദര്‍ഭയുടെ ഇന്നിങ്സിന് അടിത്തറയിട്ടത്.

രണ്ട് വിക്കറ്റിന് ഏഴ് റണ്‍സ് എന്ന നിലയില്‍ നിന്നായിരുന്നു വിദര്‍ഭയെ ഡാനിഷും കരുണും ചേര്‍ന്ന് മുന്നോട്ടുനയിച്ചത്. ഇതിനിടെ, കരുണ്‍ നല്‍കിയ ക്യാച്ചുകള്‍ കേരളം വിട്ടുകളയുകയും ചെയ്തു. ആദ്യ ഇന്നിങ്സിലും തകര്‍ച്ചയില്‍നിന്ന് വിദഭര്‍യെ രക്ഷപെടുത്തിയത് ഡാനിഷ്-കരുണ്‍ ജോഡിയാണ്. ഡാനിഷ് സെഞ്ചുറിയും കരുണ്‍ അര്‍ധ സെഞ്ചുറിയും നേടിയിരുന്നു. നേരത്തെ, വിദര്‍ഭയുടെ 379 റണ്‍സ് പിന്തുടര്‍ന്ന കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 342 റണ്‍സില്‍ അവസാനിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com