5 വിക്കറ്റെടുത്ത പേസർ ജലജ് സക്സേനയുടെ മികവിലാണ് കേരളം യുപിയെ 162 റൺസിൽ എറിഞ്ഞൊതുക്കിയത്
രഞ്ജി ട്രോഫി ക്രിക്കറ്റിലെ നാലാം മത്സരത്തില്‍ യുപിക്കെതിരെ കേരളത്തിന് മികച്ച തുടക്കം. തുമ്പ സെൻ്റ് സേവ്യർ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഗ്രൂപ്പ് സിയിലെ ആവേശപ്പോരാട്ടത്തിൽ ഉത്തർപ്രദേശിൻ്റെ ഒന്നാമിന്നിങ്സിൽ 162ന് എല്ലാവരും പുറത്തായി. 5 വിക്കറ്റെടുത്ത ഓഫ് ബ്രേക്ക് സ്പിന്നർ ജലജ് സക്സേനയുടെ മികവിലാണ് കേരളം ആദ്യ ദിനം തന്നെ യുപിയെ എറിഞ്ഞൊതുക്കിയത്.
ബേസിൽ തമ്പി രണ്ട് വിക്കറ്റുമായി കേരളത്തിനായി തിളങ്ങി. ഉത്തർപ്രദേശിനായി ശിവം ശർമ (30), ആര്യൻ ജുയൽ (23), നിതീഷ് റാണ (25), എന്നിവർക്ക് മാത്രമെ കാര്യമായി തിളങ്ങാനായുള്ളൂ. മറുപടിയായി കേരളം 23 ഓവറിൽ 82/2 എന്ന നിലയിൽ ആദ്യ ദിനം ബാറ്റിങ് അവസാനിപ്പിച്ചു. യുപിയുടെ ഒന്നാമിന്നിങ്സ് സ്കോറിനേക്കാൾ 80 റൺസ് മാത്രം പിറകിലാണ് കേരളമിപ്പോൾ. വത്സൽ ഗോവിന്ദ് (23), രോഹൻ കുന്നുമ്മൽ (28) എന്നിവരാണ് പുറത്തായത്. ബാബ അപരാജിത് (21), ആദിത്യ സർവാതെ (4) എന്നിവരാണ് ക്രീസിൽ. 28 റൺസെടുത്ത രോഹൻ കുന്നുമ്മലിനെ ആഖിബ് ഖാൻ പുറത്താക്കി.
ടോസ് നേടിയ കേരള ടീമിൻ്റെ നായകൻ സച്ചിൻ ബേബി ആദ്യം ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബംഗാളിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങുന്നത്. എം.ഡി. നിധീഷിന് പകരം പേസര്‍ കെ.എം. ആസിഫ് കേരളത്തിന്‍റെ പ്ലേയിങ് ഇലവനിലെത്തി. കേരളവും ബംഗാളും തമ്മിലുള്ള കഴിഞ്ഞ മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു.
ഇതുവരെയുള്ള മൂന്ന് കളികളില്‍ നിന്നും ഒരു ജയവും രണ്ട് സമനിലയുമുള്ള കേരളം 8 പോയിന്‍റുമായി എലൈറ്റ് ഗ്രൂപ്പ് സി പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. കര്‍ണാടകക്കും എട്ട് പോയന്‍റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റിലാണ് കേരളം രണ്ടാം സ്ഥാനത്തെത്തിയത്. 13 പോയിന്‍റുള്ള ഹരിയാനയാണ് ഗ്രൂപ്പില്‍ ഒന്നാമത്. അഞ്ച് പോയന്‍റുള്ള യുപി അഞ്ചാമതാണ്.
ALSO READ: കോഹ്‌ലിയേയും രോഹിത്തിനേയും പോലുള്ള താരങ്ങൾ വിഐപി സംസ്കാരം മറന്ന് ആഭ്യന്തര ക്രിക്കറ്റ് കളിക്കണം: കൈഫ്
തുമ്പയിൽ അവസാനം നടന്ന രഞ്ജി മത്സരത്തിൽ പഞ്ചാബിനെതിരെ കേരളം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. കര്‍ണാടകക്കെതിരായ നടന്ന എവേ മത്സരം മഴമൂലം പൂര്‍ത്തിയാവാത്തത് കേരളത്തിന് തിരിച്ചടിയായി. ബംഗാളിനെതിരെ നടന്ന എവേ മത്സരം മഴ തടസപ്പെടുത്തിയെങ്കിലും കേരളത്തിന് ഒന്നാം ഇന്നിങ്സ് ലീഡ് നേടാനായത് നേട്ടമായി. സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയിൽ നവംബർ 8ന് ആരംഭിക്കുന്ന ടി20 പരമ്പര കളിക്കാനായി പോയതിനാല്‍ ടീമിലില്ല.
ഉത്തർപ്രദേശ് പ്ലേയിങ് ഇലവൻ: മാധവ് കൗശിക്, ആര്യൻ ജുയൽ (ക്യാപ്റ്റൻ), പ്രിയം ഗാർഗ്, നിതീഷ് റാണ, സമീർ റിസ്‌വി, സിദ്ധാർഥ് യാദവ്, സൗരഭ് കുമാർ, ശിവം മാവി, പിയൂഷ് ചൗള, ശിവം ശർമ, ആഖിബ് ഖാൻ.
കേരള പ്ലേയിങ് ഇലവൻ: വത്സൽ ഗോവിന്ദ്, രോഹൻ കുന്നുമ്മൽ, ബാബ അപരാജിത്ത്, സച്ചിൻ ബേബി (ക്യാപ്റ്റൻ), അക്ഷയ് ചന്ദ്രൻ, ജലജ് സക്‌സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, ആദിത്യ സർവതെ, ബേസിൽ തമ്പി, കെഎം ആസിഫ്.