തനിക്കെതിരെയുള്ള വേട്ടയാടൽ ഇപ്പോൾ മാത്രമല്ല നിരന്തരമായി നേരിട്ടിരുന്ന കാര്യമാണെന്നും വേടൻ
പുലിപ്പല്ല് കേസിൽ റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിയ നടപടിയെ വിമർശിച്ച് റാപ്പർ വേടൻ. സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റകാരാക്കുന്നത് പോലെ തോന്നി. ഒരാളെ ശിക്ഷിക്കുന്നത് ശരിയല്ലെന്നും വേടൻ പ്രതകരിച്ചു. തനിക്കെതിരെയുള്ള വേട്ടയാടൽ ഇപ്പോൾ മാത്രമല്ല നിരന്തരമായി നേരിട്ടിരുന്ന കാര്യമാണെന്നും വേടൻ പറഞ്ഞു.
റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിയ നടപടിക്കെതിരെ പ്രതിഷേധവുമായി നേരത്തെ കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. ഉദ്യോഗസ്ഥരെ ക്രൂശിക്കുന്ന വനംമന്ത്രിയുടെ നിലപാടിനെ സംഘടന ശക്തിക്കൊണ്ട് എതിർക്കും. നടപടി തിരുത്തിയിലെങ്കിൽ ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്നും അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.
ഇത്രയും പൊതുജന ശ്രദ്ധയാകർഷിച്ച ഒരു കേസിൽ നിയമവിരുദ്ധമായ എന്തെങ്കിലും സംഭവിച്ചാൽ ജോലി പോലും നഷ്ടമായേക്കാവുന്ന അവസ്ഥയിൽ പ്രകൃതിയ്ക്കും നിയമവ്യവസ്ഥയ്ക്കും വേണ്ടി നിലകൊണ്ട കർമനിരതനായ ഉദ്യോഗസ്ഥനെ ആൾക്കൂട്ട കയ്യടിയ്ക്ക് വേണ്ടി ബലികൊടുക്കുന്നത് നീതി നിഷേധവും അങ്ങേയറ്റത്തെ പ്രതിഷേധാർഹവുമാണെന്നും അസോസിയേഷൻ പറയുന്നു.
അതേസമയം, സർക്കാരിന്റേത് പ്രതികാര നടപടിയല്ലെന്നാണ് വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ്റെ പ്രതികരണം. റേഞ്ച് ഉദ്യോഗസ്ഥരുടെ പ്രതിഷേധം സ്വാഭാവികമാണ്. നിയമപരമല്ലാത്ത ഒരു നടപടിയും ചെയ്തിട്ടില്ല. പൊതുജനങ്ങൾ നോക്കി കാണുന്ന വിഷയമാണ് വേടൻ്റേത്. അതുകൊണ്ട് തന്നെ വിഷയത്തിൽ സർക്കാരിന് ചിലത് ചെയ്യേണ്ടിവരും. ഉദ്യോഗസ്ഥരുടേത് ന്യായമുള്ള പരാതിയാണെങ്കിൽ പരിഹരിക്കുമെന്നും മന്ത്രി പ്രതികരിച്ചു.