
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വ്യവസായിയായിരുന്നു രത്തൻ ടാറ്റ. ഇന്നലെ വൈകുന്നേരം മുംബൈയിലെ സ്വകാര്യം ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വ്യവസായ ലോകത്തിന് നൽകിയ സംഭാവനകൾക്ക് മാത്രമല്ല, അദ്ദേഹത്തിന് ഒരു മികച്ച മനുഷ്യസ്നേഹി എന്ന നിലയിൽ രത്തൻ ടാറ്റ എന്നും ഓർമ്മിക്കപ്പെടും.
ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകൻ ജംഷെഡ്ജി ടാറ്റയുടെ ചെറുമകനാണ് രത്തൻ നവൽ ടാറ്റ. നവൽ ടാറ്റയുടെയും സൂനി ടാറ്റയുടെയും മകനായി 1937 ഡിസംബർ 28 ന് മുംബൈയിലാണ് രത്തൻ ടാറ്റ ജനിക്കുന്നത്. 1948 ൽ രത്തൻ ടാറ്റായുടെ മാതാപിതാക്കൾ വേർപിരിഞ്ഞ ശേഷം അദ്ദേഹത്തെ വളർത്തിയത് മുത്തശ്ശി നവജിഭായ് ടാറ്റയാണ്. നാല് തവണ വിവാഹം തീരുമാനിച്ചിട്ടും അദ്ദേഹത്തിന്‍റെ വിവാഹം നടന്നില്ല.
ഒരിക്കൽ ലോസ് ഏഞ്ചലസിൽ വെച്ച് താൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് രത്തൻ ടാറ്റ വെളിപ്പെടുത്തിയിരുന്നു. എന്നാൽ 1962 ലെ ഇന്ത്യ-ചൈന യുദ്ധം കാരണം പെൺകുട്ടിയുടെ മാതാപിതാക്കൾ അവളെ ഇന്ത്യയിലേക്ക് പോകാൻ അനുവദിച്ചില്ല. അങ്ങനെ ആ പ്രണയം അവസാനിച്ചു.
1961 ലായിരുന്നു രത്തൻ ടാറ്റ തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് 1991 ൽ ടാറ്റ ഗ്രൂപ്പിന്‍റെ ചെയർമാൻ ആവുകയും, തന്റെ മുത്തശ്ശൻ 100 വര്ഷം മുൻപേ സ്ഥാപിച്ച കമ്പനി 2012 വരെ കൊണ്ടു പോവുകയും ചെയ്തു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഉദാരവൽക്കരണം നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് രത്തൻ ടാറ്റ, ടാറ്റ ഗ്രൂപ്പിനെ പുനഃക്രമീകരിക്കാൻ തുടങ്ങിയത്. ടാറ്റ നാനോയും, ടാറ്റ ഇൻഡിക്കയും ഉൾപ്പെടെയുള്ള ജനപ്രിയ കാറുകൾ അദ്ദേഹം അവതരിപ്പിച്ചതും അക്കാലത്ത് ആയിരിന്നു.
രത്തൻ ടാറ്റയുടെ കാലത്താണ് ടാറ്റ ഗ്രൂപ്പ് അതിൻ്റെ ഏറ്റവും മികച്ച തലത്തിലേക്കെത്തുന്നതും വളർച്ച പ്രാപിക്കുന്നതും. ടാറ്റ ടീ, ടെറ്റ്ലി, ടാറ്റ മോട്ടോഴ്സ്, ലാൻഡ് റോവർ, ടാറ്റ സ്റ്റീൽ, കോറസ് എന്നിവ ഏറ്റെടുത്തതോടെ ടാറ്റ ഗ്രൂപ്പ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. 2009-ൽ ഇടത്തരക്കാർക്ക് ലഭ്യമാകുമെന്ന ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ ലഭ്യമാക്കുമെന്ന തന്റെ വാഗ്ദാനം രത്തൻ ടാറ്റ നിറവേറ്റി. 1 ലക്ഷം രൂപ മാത്രമായിരുന്നു ടാറ്റ നാനോയുടെ വില. സാധാരണക്കാർക്ക് താങ്ങാനാവുന്ന വില മാത്രമായിരുന്നു അത്. അനവധി അവാർഡുകൾ ലഭിച്ചിട്ടുള്ള രത്തൻ ടാറ്റയെ രാജ്യം 2000 ൽ പത്മഭൂഷണും 2008 ൽ പത്മവിഭൂഷണും നൽകി ആദരിച്ചു.