വർധിക്കുന്ന തൊഴിലില്ലായ്മ നിരക്ക്; ഗ്രാമീണ മേഖലയിലും തൊഴിലില്ലായ്മ രൂക്ഷമെന്ന് കേന്ദ്ര റിപ്പോർട്ട്

സ്ത്രീകളുടെയും യുവാക്കളുടെയും തൊഴിലില്ലായ്മ നിരക്ക് മുൻ വർഷത്തെക്കാൾ ഉയർന്നതായാണ് സർവേ ഫലങ്ങൾ
വർധിക്കുന്ന തൊഴിലില്ലായ്മ നിരക്ക്;  ഗ്രാമീണ മേഖലയിലും തൊഴിലില്ലായ്മ രൂക്ഷമെന്ന് കേന്ദ്ര റിപ്പോർട്ട്
Published on

ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമായി തുടരുന്നതായി സർക്കാർ സർവേ ഫലങ്ങൾ. യുവജനങ്ങളുടെയും സ്ത്രീകളുടെയും തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ വർഷത്തേക്കാൾ വർധിച്ചതായാണ് കണക്ക്. ഗ്രാമീണ മേഖലയിലും തൊഴിലില്ലായ്മ രൂക്ഷമെന്ന് കേന്ദ്രസർക്കാരിൻ്റെ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.

കേന്ദ്ര സർക്കാരിൻ്റെ ആനുകാലിക ലേബർ ഫോഴ്‌സ് സർവേ പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് വർധിക്കുകയാണ്. 2023-24-ലും 15 വയസിന് മുകളിലുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായി തുടരുന്നു. സ്ത്രീകളുടെയും യുവാക്കളുടെയും തൊഴിലില്ലായ്മ നിരക്ക് മുൻ വർഷത്തെക്കാൾ ഉയർന്നതായാണ് സർവേ ഫലങ്ങൾ. രാജ്യത്ത് 15-നും 29-നും ഇടയിൽ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ നിരക്ക് 10 ശതമാനത്തിൽ നിന്നും 10.2 ശതമാനത്തിലേക്ക് ഉയർന്നു. യുവാക്കളിൽ 9.8 ശതമാനവും, യുവതികളിൽ 11 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. 2022-23 ൽ 2.9 ശതമാനമായിരുന്ന സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായി വർദ്ധിച്ചു. പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 3.3 ശതമാനത്തിൽ നിന്നും 3.2 ശതമാനമായി കുറഞ്ഞതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.


പിഎൽഎഫ്എസ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഗ്രാമീണ മേഖലകളിൽ തൊഴിലില്ലായ്മ രൂക്ഷമാണ്. 2.5 ശതമാനമാണ് ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്ക്. ഗ്രാമീണ മേഖലകളിലെ പുരുഷന്മാർ വൻതോതിൽ തൊഴിലില്ലായ്മ നേരിടുന്നതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ഗ്രാമങ്ങളിലെ പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 2017-18 കാലയളവിൽ 1.8 ശതമാനമായിരുന്നത് 2024-ലേക്ക് എത്തുമ്പോഴേക്കും 2.7 ശതമാനമായി ഉയർന്നിട്ടുണ്ട്. എന്നാൽ, 2017-18 കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ ഗ്രാമീണ-നഗര മേഖലകളിലെ മൊത്തം തൊഴിലില്ലായ്മ നിരക്കിൽ കുറവു സംഭവിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് 2017-18 കാലയളവിലെ 5.3 ശതമാനത്തിൽ നിന്ന് 2023-24 ൽ 2.5 ശതമാനമായും, നഗരപ്രദേശങ്ങളിൽ 7.7 ശതമാനത്തിൽ നിന്ന് 5.1 ശതമാനമായും കുറഞ്ഞു.

സർവേ റിപ്പോർട്ട് പ്രകാരം തൊഴിൽ പങ്കാളിത്ത നിരക്ക് മുൻ വർഷം 57.9 ശതമാനമായിരുന്നത് ഈ വർഷം 60.1 ശതമാനമായിട്ടുണ്ട്. 2023-24 കാലയളവിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും തൊഴിൽ പങ്കാളിത്ത നിരക്ക് ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. കണക്കുകൾ പ്രകാരം സ്ത്രീ തൊഴിൽ പങ്കാളിത്തം കഴിഞ്ഞ വർഷത്തെ 37 ശതമാനത്തിൽ 41.7 ശതമാനമായി ഉയർന്നു. പുരുഷന്മാരുടെ തൊഴിൽ പങ്കാളിത്തം 78.8 ശതമാനമായും വർധിച്ചിട്ടുണ്ട്. ജനസംഖ്യയിൽ ജോലി ചെയ്യുന്നവരുടെയോ, ജോലി അന്വേഷിക്കുന്നതോ ലഭ്യമാവുന്നതോ ആയ വ്യക്തികളുടെയോ ശതമാനമാണ് തൊഴിൽ പങ്കാളിത്ത നിരക്ക്.

15 വയസിന് മുകളിലുള്ള തൊഴിലാളികളുടെ ജനസംഖ്യ അനുപാതം 56 ശതമാനത്തിൽ നിന്ന് 58.2 ശതമാനമായി ഉയർന്നു. പുരുഷന്മാരിൽ ഇത് മുൻ വർഷം 76 ശതമാനമായിരുന്നത് 2023-24-ൽ 76.3 ശതമാനമായി. സ്ത്രീകളിൽ 35.9 ശതമാനത്തിൽ നിന്ന് 40.3 ശതമാനമായി ഉയർന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. തൊഴിൽ, തൊഴിലില്ലായ്മ സൂചകങ്ങൾ കണക്കാക്കുന്നതിനായി 2017-ലാണ് ആനുകാലിക ലേബർ ഫോഴ്‌സ് സർവേ ആരംഭിച്ചത്. ദേശീയ സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിൻ്റെ നാഷണൽ സാമ്പിൾ സർവേ ഓഫീസ് തിങ്കളാഴ്ചയാണ് ഏഴാമത്തെ വാർഷിക റിപ്പോർട്ട് പുറത്തുവിട്ടത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com