'ഇത് അഞ്ചാമത്തെയും അവസാനത്തെയും ക്ഷണം'; ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ ജൂനിയർ ഡോക്ടർമാരെ ചർച്ചക്ക് വിളിച്ച് ബംഗാൾ സർക്കാർ

പ്രശ്നം പരിഹരിക്കുന്നതിനുള്ള അവസാനഘട്ട ശ്രമമെന്ന നിലയിൽ ഇന്നലെ മുഖ്യമന്ത്രി മമത ബാനർജി ഡോക്ടർമാരെ നേരിട്ട് കണ്ടിരുന്നു. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ പഠിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മമത ഉറപ്പ് നൽകിയിരുന്നു
'ഇത് അഞ്ചാമത്തെയും അവസാനത്തെയും ക്ഷണം'; ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ ജൂനിയർ ഡോക്ടർമാരെ ചർച്ചക്ക് വിളിച്ച് ബംഗാൾ സർക്കാർ
Published on

കൊൽക്കത്തിയിലെ ആർ ജി കർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിനു പിന്നാലെ പ്രതിഷേധിക്കുന്ന ഡോക്ടർമാരെ വീണ്ടും ചർച്ചക്ക് ക്ഷണിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്താൻ സന്നദ്ധത അറിയിച്ച് ചീഫ് സെക്രട്ടറി മനോജ് പന്ത് ഡോക്ടർമാർക്ക് കത്തയച്ചു. ഇതോടെ അഞ്ചാം തവണയാണ് ചർച്ചക്കായി സര്‍ക്കാര്‍ ഡോക്ടര്‍മാരെ വിളിപ്പിക്കുന്നത്.  മുഖ്യമന്ത്രിയുമായുള്ള ചർച്ചകൾ തത്സമയം സംപ്രേഷണം ചെയ്യണമെന്ന ഡോക്ടർമാരുടെ ആവശ്യം സർക്കാർ നിഷേധിച്ചതോടെ നേരത്തെ ചർച്ചകൾ മുടങ്ങിയിരുന്നു.

ഇത് അഞ്ചാമത്തെയും അവസാനത്തെയും തവണയാണ് ചർച്ചക്ക് ക്ഷണിക്കുന്നത്. മുഖ്യമന്ത്രിയുടെ കാളിഘട്ടിലെ വസതിയിൽ വൈകിട്ട് നടക്കുന്ന ചർച്ചയിൽ മമത ബനർജിയും പ്രതിനിധികളും പങ്കെടുക്കും. വീഡിയോ ചിത്രീകരിക്കാനോ, തത്സമയം സംപ്രേഷണം ചെയ്യനോ പാടില്ലെന്നും കത്തിൽ പറയുന്നു. സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്കിടയിൽ ഭിന്ന അഭിപ്രായം നിലനിൽക്കുന്നുണ്ടെന്ന ടിഎംസിയുടെ ആരോപണത്തിനു പിന്നാലെയാണ് ഇപ്പോൾ ചർച്ചക്ക് വിളിപ്പിച്ചിരിക്കുന്നത്. 

ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് ആശുപത്രി ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന സുപ്രീം കോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ യുവ ഡോക്ടർമാർ പ്രതിഷേധം കടുപ്പിച്ചിരുന്നു. ജൂനിയർ ഡോക്ടർമാർ പണിമുടക്കിയതിനാൽ പശ്ചിമ ബംഗാളില്‍ 23 പേർ മരിച്ചുവെന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചിരുന്നത്. എന്നാൽ കോടതി നിർദേശത്തില്‍ ജൂനിയർ ഡോക്ടർമാരുടെ തീരുമാനം എന്താണെങ്കിലും അതിനെ പിന്തുണയ്ക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ (ഐഎംഎ) ബംഗാള്‍ ഘടകം വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com