fbwpx
"ലക്കി ഹർഷദ്"; സ്റ്റോക്ക് മാർക്കറ്റിലെ ബിഗ് ബുള്ളിൻ്റെ സിനിമയെ വെല്ലുന്ന കഥ!
logo

പ്രണീത എന്‍.ഇ

Last Updated : 03 Nov, 2024 07:01 AM

ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൻ്റെ ബിഗ് ബി എന്നാണ് ഹർഷദ് മെഹ്ത അറിയപ്പെടുന്നത്

EXPLAINER



മണി സ്കാം സീരീസുകളും സിനിമകളും നമുക്ക് തരുന്ന ഒരു ടോപ് നോച്ച് ത്രില്ലിങ് എക്സ്പീരിയൻസുണ്ട്. അത്തരത്തിൽ തിയേറ്ററിൽ പിടിച്ചിരുത്തിയ സിനിമയാണ് ദുൽഖർ സൽമാൻ്റെ 'ലക്കി ഭാസ്കർ'. ദാരിദ്ര്യത്തിൻ്റെ പടുകുഴിയിൽ നിന്ന് ഒരു ഭാഗ്യം കൊണ്ട്, അല്ലെങ്കിൽ ചില ട്രിക്കുകൾ കൊണ്ട് കോടീശ്വരനാവുന്ന നായകൻ. നമ്മൾ കണ്ട് ശീലിച്ച ഈ കഥയെ മുന്നോട്ടു കൊണ്ടുപോകുന്നത് ആ കഥാപാത്രമാണ്. അയാളെ അറിയുന്നവർക്ക് സിനിമ ഡബിൾ ത്രില്ലിങ്ങായി തോന്നി, അറിയാത്തവർ അയാൾക്കായി ഗൂഗിളിൽ തിരഞ്ഞു. ദലാൾ സ്ട്രീറ്റിൻ്റെ ബിഗ് ബുൾ, ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൻ്റെ ബിഗ് ബി. ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയ ആ ഗുജറാത്തുകരാൻ, ഹർഷദ് ശാന്തിലാൽ മെഹ്ത.

1992 ഏപ്രിൽ മാസം, ആർബിഐ, എസ്ബിഐ ജീവനക്കാർ അവധികളില്ലാതെ പണിയെടുത്ത കാലം. പുതിയ സാമ്പത്തിക വർഷം തുടങ്ങിയ തിരക്കുകൾ മാത്രമായിരുന്നില്ല അത്. അന്ന് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് ഭരിച്ചിരുന്ന ഹർഷദ് മെഹ്തയെന്ന ശതകോടീശ്വരനെ കുറിച്ചായിരുന്നു അവർ തിരഞ്ഞത്. ആരാണ് ഹർഷദ് മെഹ്ത? ഗുജറാത്തിൽ നിന്ന് മുംബൈയിലെത്തിയ ആ സാധാരണ ചെറുപ്പക്കാരൻ എങ്ങനെ ഇത്രയധികം പണം സമ്പാദിച്ചു?

സിനിമയിലെ ഭാസ്കറിൻ്റെ ജീവിതത്തേക്കാൾ ആവേശകരമായ കഥയാണ് ഹർഷദ് മെഹ്തയുടേത്. വെറും 40 രൂപയുമായാണ് ഹർഷദ് മെഹ്ത അന്ന് മുംബൈയിലേക്ക് വണ്ടി കയറുന്നത്. ലക്ഷ്യം ഒന്ന് മാത്രം, പണം. 1980ൻ്റെ തുടക്കത്തിൽ സ്റ്റോക്ക് മാർക്കറ്റിനോടുള്ള പ്രത്യേക കമ്പം ഹർഷദ് തിരിച്ചറിഞ്ഞു. മാസ ശമ്പളക്കാരനായിരുന്ന ഹർഷദ്, പതിയെ സ്റ്റോക്ക് മാർക്കറ്റ് തന്ത്രങ്ങൾ പഠിച്ചു. ബ്രോക്കറായിരുന്ന പ്രസൻ പഞ്ജിവന്ദസിൻ ആയിരുന്നു ഹർഷദിൻ്റെ ഗുരു.

പതുക്കെ തൻ്റെ ക്ലർക്ക് ജോലിയുപേക്ഷിച്ച് പൂർണമായും സ്റ്റോക്ക് മാർക്കറ്റിലേക്ക് കടക്കാൻ അയാൾ തീരുമാനിച്ചു. 1990ൽ 'ഗ്രോമോർ റിസർച്ച് ആൻഡ് അസറ്റ് മാനേജ്‌മെൻ്റ്' എന്ന പേരിൽ സ്വന്തമായി ഒരു കമ്പനിയും സ്ഥാപിച്ചു. സിനിമയെ വെല്ലുന്ന കഥയായിരുന്നു പിന്നീട് നടന്നത്. 'ലക്കി ഹർഷദിൻ്റെ' കമ്പനിക്ക് പേര് പോലെ തന്നെ വലിയ വളർച്ചയുണ്ടായി. 90കളുടെ തുടക്കത്തോടെ ഹർഷദ് മെഹ്ത ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലെ 'റാഗിംഗ് ബുള്ളായി' മാറി.

ഹർഷദിൻ്റെ സ്വപ്ന ജീവിതം

ആഡംബര ജീവിതം, അതായിരുന്നു ഹർഷദിൻ്റെ സ്വപ്നം. അതിനായി തുടക്കം മുതൽക്കേ മുംബൈയിലെ ഹൈ പ്രൊഫൈൽ ആളുകളുമായി അയാൾ ബന്ധം സ്ഥാപിച്ചു. സ്റ്റോക്ക് മാർക്കറ്റിലെ ചെറിയ ചെറിയ നിക്ഷേപങ്ങളിലും ലാഭങ്ങളിലും ഹർഷദ് തൃപ്തനായിരുന്നില്ല. പണക്കാരനാവാൻ എത്ര വലിയ വെല്ലുവിളിയും നേരിടാൻ ഹർഷദ് തയ്യാറായിരുന്നു.

ചെറിയ മൂല്യമുള്ള ഓഹരികൾ കൂട്ടമായി വാങ്ങി, അവയുടെ ഡിമാൻഡ് വർധിപ്പിക്കുക, പിന്നാലെ അത് വിറ്റ് ലാഭം നേടുക... ഇതായിരുന്നു ഹർഷദിൻ്റെ രീതി. ഒരു ദശകം കൊണ്ട് പണത്തോടൊപ്പം തന്നെ സമ്പാദിച്ച ബന്ധങ്ങൾ ഹർഷദിനെ കുറച്ചൊന്നുമല്ല സഹായിച്ചത്. ഇവരിൽ നിന്ന് പണം കടം വാങ്ങി ഓഹരികൾ വാങ്ങിക്കൂട്ടിയ ഹർഷദ്, ഇരട്ടിയായി പണം തിരിച്ച് നൽകുകയും ചെയ്തു.


ഹർഷദ് സ്റ്റോക്ക് കമ്പനികളിൽ മാറി മാറി നിക്ഷേപങ്ങൾ നടത്തി. ആയിരങ്ങളും ലക്ഷങ്ങളുമല്ല, കോടികളായിരുന്നു ഹർഷദിൻ്റെ ലക്ഷ്യം. പതിയെ പതിയെ ഹർഷദ് മെഹ്തയുടെ സാമ്രാജ്യം വികസിച്ചു. വോർളിയിലെ 15,000 സ്ക്വയർ ഫീറ്റിൽ നിലനിന്ന ബംഗ്ലാവ് പലരും അസൂയയോടെ നോക്കി നിന്നു. ഹർഷദ് തൻ്റെ സ്വപ്നങ്ങൾ ഓരോന്നായി നേടിയെടുക്കുകയായിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ ലെക്സസ് എൽഎസ് 400 മോഡൽ കാർ, മെർസിഡസ്, ഹോണ്ട കാറുകൾ. ഇത്തരത്തിൽ 15 മുതൽ 20 കാറുകളായിരുന്നു ഹർഷദിൻ്റെ ഗാരേജിലുണ്ടായിരുന്നത്. രാജ്യത്തെ ബിസിനസ് മാഗസിനുകളിൽ പലതിലും ഹർഷദ് നിറഞ്ഞുനിന്നു. ഒരു സാധാരണ തുണിക്കച്ചവടക്കാരൻ്റെ മകൻ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൻ്റെ രാജാവായ കഥ പലർക്കും പ്രചോദനമായി.

തന്ത്രങ്ങൾ മാറുന്നു

സുഹൃത്തുക്കളിൽ നിന്ന് റോൾ ചെയ്ത് എത്ര കാലം പണം സമ്പാദിക്കും? അപ്പോഴാണ് ബാങ്കുകളിലെ കടപത്രങ്ങളിൽ ഹർഷദിൻ്റെ കണ്ണുടക്കിയത്. കടപ്പത്രമിറക്കുന്ന ബാങ്കിൽ നിന്ന് അത് വാങ്ങി മറ്റൊരു ബാങ്കിന് നൽകുന്ന ടെക്നിക് ഹർഷദ് പഠിച്ചു.

തൻ്റെ സ്വാധീനമുപയോഗിച്ച് നിക്ഷേപകരെ ഒപ്പിച്ചുതരാമെന്ന് പറഞ്ഞു പണം നൽകാതെ തന്നെ പല ബാങ്കുകളിൽ നിന്നായി കടപ്പത്രം വാങ്ങുക, ഈ ഇടപാടിലൂടെ ഓഹരി വിപണിയിൽ പണം നിക്ഷേപിക്കുക... ഇതായിരുന്നു ഹർഷദിൻ്റെ രീതി. പണത്തിനോടുള്ള ആർത്തി കൂടിയതോടെ ഹർഷദ് അടുത്ത ഘട്ടത്തിലേക്ക് കടന്നു. കടപ്പത്രം വാങ്ങിക്കുന്ന ബാങ്കുകളിൽ നിന്ന് മുൻകൂറായി പണം വാങ്ങിക്കൂട്ടി, ആ പണം സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ചു. അയാളിലെ വ്യാമോഹിക്ക് അതും പോരായിരുന്നു. അയാൾ വ്യാജ കടപത്രങ്ങൾ നിർമിച്ച് ഇരട്ടി പണം സമ്പാദിക്കാൻ തുടങ്ങി. അവിടെയാണ് ഹർഷദിന് കാലിടറാൻ തുടങ്ങിയത്.