ബോംബെ നഗരത്തിലേക്ക് ചേക്കേറിയ കുടിയേറ്റക്കാര്‍ക്കെതിരെ വികാരം സൃഷ്ടിച്ച ഈ പാര്‍ട്ടിയുടെ ബുദ്ധികേന്ദ്രം ഒരു കാര്‍ട്ടൂണിസ്റ്റായിരുന്നു-ബാലാസാഹേബ് താക്കറെ
'വിക്ടോറിയ ടെര്‍മിനസ്സിലെ പ്ലാറ്റ്ഫോമുകളിലൊന്നില്‍ ഒരു വണ്ടിവന്നു നിന്നു. വണ്ടി നിന്നതോടെ അതിന്റെ വാതിലുകളില്‍ക്കൂടിയും ജനലുകളില്‍ക്കൂടിയും മനുഷ്യര്‍ ധൃതിപിടിച്ചു പുറത്തു ചാടാന്‍ തുടങ്ങി. കരിയും പൊടിയുംപറ്റി കറുത്ത മനുഷ്യര്‍. ചിരിയും അമ്പരപ്പും മ്ലാനതയും അവരുടെ മുഖത്ത് ഇടകലര്‍ന്നു. ഭാഷയോ ആശയങ്ങളോ ഇല്ലാത്ത ഇരമ്പല്‍....'
1970-ല്‍ പ്രസിദ്ധീകരിച്ച ആനന്ദിന്റെ ആദ്യ നോവല്‍, ആള്‍ക്കൂട്ടം ആരംഭിക്കുന്നത് മുംബൈ (അന്നത്തെ ബോംബെ)യില്‍ തൊഴില്‍ തേടി വന്നടിയുന്ന വിവിധ ദേശഭാഷകളില്‍ നിന്നുള്ള തൊഴില്‍ അന്വേഷികളെ ചിത്രീകരിച്ചുകൊണ്ടാണ്. ഇവര്‍ മുംബൈയില്‍ തിരഞ്ഞത് അവസരങ്ങളാണ്, ജീവിതമാണ്. പതിയെ ഈ അവസരം തേടിയെത്തിയവര്‍ മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ പ്രധാന ഭാഗമായി. 'വന്നവരും നിന്നവരും' എന്ന പ്രതീതി എങ്ങനെയോ പലനാട്ടില്‍നിന്നുള്ള ഭാഗ്യാന്വേഷികള്‍ കയറിയ കള്ളവണ്ടികള്‍ ചെന്നു നിന്ന മഹാരാഷ്ട്രയില്‍ ഉടലെടുത്തു. ആ നിലത്തില്‍ വേരാഴ്ത്തി ഒരു സംസ്ഥാനത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന ഘടകമായി മാറാന്‍ ഒരു പാര്‍ട്ടിക്ക് സാധിച്ചു- ശിവസേന.
ബോംബെ നഗരത്തിലേക്ക് ചേക്കേറിയ കുടിയേറ്റക്കാര്‍ക്കെതിരെ വികാരം സൃഷ്ടിച്ച ഈ പാര്‍ട്ടിയുടെ ബുദ്ധികേന്ദ്രം ഒരു കാര്‍ട്ടൂണിസ്റ്റായിരുന്നു-ബാലാസാഹേബ് താക്കറെ. ശങ്കേഴ്‌സ് വീക്കിലിയിലെ മൗനിയായ ഈ കാര്‍ട്ടൂണിസ്റ്റ് മരണം വരെ മഹാരാഷ്ട്രവാദത്തിന്റെയും തീവ്ര ഹിന്ദുത്വത്തിന്റെയും രാഷ്ട്രീയ ബിംബമായിരുന്നു, 'ഹിന്ദു ഹൃദയ സാമ്രാട്ടായിരുന്നു'. തീവ്ര വലതുപക്ഷ സമീപനവും മറാത്താവാദവും പ്രത്യയശാസ്ത്രമാക്കി 1966ലാണ് താക്കറെ ശിവസേന രൂപീകരിക്കുന്നത്. 'ഗര്‍വ് സേ കഹോ ഹം ഹിന്ദു ഹൈ' (ഹിന്ദുവാണെന്ന് അഭിമാനത്തോടെ പറയൂ) എന്നായിരുന്നു പാര്‍ട്ടിയുടെ ആപ്തവാക്യം. ദക്ഷിണേന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍, ഗുജറാത്തികള്‍, മാര്‍വാഡികള്‍ എന്നിവര്‍ക്കെതിരെ മത്സരിച്ച് ജീവിക്കുന്ന മഹാരാഷ്ട്രക്കാര്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു ശിവസേനയുടെ ആദ്യകാല ലക്ഷ്യം.
1960കളുടെ അവസാനത്തിലും 70കളുടെ തുടക്കത്തിലും മഹാരാഷ്ട്രയിലെ ഒട്ടുമിക്ക എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ശിവസേന സഖ്യങ്ങളുണ്ടാക്കി. അടിസ്ഥാനപരമായി കമ്മ്യൂണിസ്റ്റ് വിരോധം വെച്ചുപുലര്‍ത്തിയിരുന്ന താക്കറെ രൂപീകരിച്ച പാര്‍ട്ടിയും ആ സ്വഭാവം തുടര്‍ന്നു. പതിയെ കമ്മ്യൂണിസ്റ്റ് സംഘടനകളുടെ കയ്യില്‍ നിന്നും പ്രധാനപ്പെട്ട ട്രേഡ് യൂണിയനുകളുടെ നേതൃത്വം ശിവസേന ഏറ്റെടുത്തു. യൂണിയന്റെ നേതൃത്വം കിട്ടിയതോടെ ശിവസേനാ നേതാക്കള്‍ ഗുജറാത്തി-മാര്‍വാഡി ബിസിനസുകാരില്‍ നിന്നും പാര്‍ട്ടി സംരക്ഷണം നല്‍കാം എന്ന ഉറപ്പില്‍ പണം പിരിച്ചു തുടങ്ങി.
ആശയ പ്രചരണത്തിന്റെ അടുത്തഘട്ടമെന്ന നിലയ്ക്ക് 1989ല്‍ ശിവസേന 'സാമ്‌ന' എന്ന മുഖപത്രം ആരംഭിച്ചു. പാര്‍ട്ടി പത്രത്തിലൂടെ തീവ്ര വര്‍ഗീയതയാണ് താക്കറെ പ്രചരിപ്പിച്ചത്. ഇന്ത്യയിലെ മുസ്ലീം ജനവിഭാഗത്തെ താക്കറെ സാമ്‌നയിലൂടെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരുന്നു. 1992, ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തതിലൂടെ ഹിന്ദുത്വ പുതിയ രാഷ്ട്രീയ വഴിവെട്ടിയപ്പോള്‍ ആ ആശയത്തിന്റെ പതാകവാഹകരായി താക്കറെയും കൂട്ടരും മുന്നില്‍ തന്നെയുണ്ടായിരുന്നു. പള്ളി തകര്‍ത്തതില്‍ തുടങ്ങിയ അസ്വാരസ്യങ്ങള്‍ മഹാരാഷ്ട്രയില്‍ കലാപമായി രൂപം മാറിയപ്പോള്‍ ആയിരക്കണക്കിനു ആളുകളാണ് തെരുവുകളില്‍ കൊല്ലപ്പെട്ടത്. അന്നത്തെ മഹാരാഷ്ട്ര സര്‍ക്കാര്‍ കലാപത്തിന്റെ മുഖ്യ ആസൂത്രകര്‍ ശിവസേന ആണെന്നാണ് ആരോപിച്ചത്. ബോംബെ കലാപത്തെപ്പറ്റി അന്വേഷിച്ച ശ്രീകൃഷ്ണ കമ്മീഷനു മുന്‍പാകെ മഹാനഗര്‍ റിപ്പോര്‍ട്ടര്‍ യുവ്‌രാ മോഹിതെ നല്‍കിയ മൊഴി ഇതില്‍ സുപ്രധാനമാണ്. ശിവസേന അധ്യക്ഷന്‍ ഫോണ്‍ വഴി കലാപകാരികള്‍ക്ക് നിര്‍ദേശം നല്‍കിയെന്നായിരുന്നു മോഹിതെയുടെ മൊഴി.
'കോടതിയില്‍ തെളിവ് നല്‍കാന്‍ ഒരു മുസ്ലീം പോലും ജീവിച്ചിരിപ്പില്ലെന്ന് ഉറപ്പാക്കാന്‍ താക്കറെ ഫോണില്‍ നിര്‍ദേശം നല്‍കി', മോഹിതെ കമ്മീഷനോട് പറഞ്ഞു. വളരെ വൈകാതെ തന്നെ താക്കറെയുടെ ശിവസേന, ഹിന്ദുത്വ ദേശീയതയെ സ്വീകരിച്ചു. ബിജെപിയുമായി കൂടുതല്‍ അടുത്തു. 1995ല്‍ ബിജെപിയുമായി ചേര്‍ന്ന് ശിവസേന മഹാരാഷ്ട്രയില്‍ അധികാരത്തിലേറി. 1995 മുതല്‍ 1999 വരെ നീണ്ട ഭരണകാലത്ത് സര്‍ക്കാരിനെ മുന്‍നിര്‍ത്തി താക്കറെ മഹാരാഷ്ട്ര ഭരിച്ചു. 2012 നവംബര്‍ 17ന് 86-ാം വയസ്സ് ബാല്‍താക്കറെ അന്തരിച്ചെങ്കിലും മകന്‍ ഉദ്ധവിന്റെ നേതൃത്വത്തില്‍ ശിവസേന ബിജെപിക്ക് പിന്തുണ നല്‍കി. 2019 വരെ ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎയുടെ ഭാഗമായിരുന്നു ശിവസേന. കേവലം സഖ്യകക്ഷികളെന്നതിനുപരി ഹിന്ദുത്വയെ അതിന്റെ എല്ലാ തീവ്രതയോടും കൂടി പ്രാവര്‍ത്തികമാക്കാന്‍ സാധിച്ച പാര്‍ട്ടിയായി പലപ്പോഴും ബിജെപിയെ തന്നെ ശിവസേന അത്ഭുതപ്പെടുത്തി.
ബിജെപിയുമായി അകലുന്നു...
2019 തെരഞ്ഞെടുപ്പാണ് ശിവസേനയെ ബിജെപിയില്‍ നിന്നും അകറ്റിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിലാണ് ശിവസേന മത്സരിച്ചത്. 288 അംഗ സഭയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം ഉള്‍പ്പെട്ട യുപിഎക്കെതിരെ എളുപ്പത്തില്‍ എന്‍ഡിഎ സഖ്യം ഭൂരിപക്ഷം ഉറപ്പിച്ചു. പക്ഷെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം സഖ്യത്തിനുള്ളിലെ എല്ലാ സമവാക്യങ്ങളെയും തകര്‍ത്തു. 56 സീറ്റുകള്‍ നേടിയ സേനയ്ക്ക് ബാല്‍താക്കറെയുടെ പിന്‍ഗാമിയായ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ ബിജെപിയുടെ തീരുമാനം മറിച്ചായിരുന്നു. 105 സീറ്റുകള്‍ നേടിയ ബിജെപി ദേവേന്ദ്ര ഫഡ്‌നാവിസിനെയാണ് മുഖ്യമന്ത്രിയായി നിശ്ചയിച്ചത്. അതോടെ ദീര്‍ഘകാലം നീണ്ട ശിവസേന-ബിജെപി സഖ്യം അവസാനിച്ചു.
എന്‍ഡിഎയില്‍ നിന്നും വിട്ടുപോന്ന ശിവസേന ചേക്കേറിയത് എതിര്‍പക്ഷത്തായിരുന്നു. കോണ്‍ഗ്രസ്, എന്‍സിപി എന്നിവരുമായി ചേര്‍ന്ന് അവര്‍ മഹാവികാസ് അഘാഡി സഖ്യത്തിന്റെ (എംവിഎ) ഭാഗമായി. വൈകാതെ, 2019 നവംബര്‍ 28ന് മഹാ വികാസ് അഘാഡി സഖ്യം മഹാരാഷ്ട്രയുടെ അധികാരത്തിലെത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റ സേന നേതാവ് ഉദ്ധവ് താക്കറെയെ കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് പിന്തുണയ്ക്കുന്ന അപൂര്‍വ ദൃശ്യത്തിന് മഹാരാഷ്ട്ര രാഷ്ട്രീയം സാക്ഷിയായി.
സേന രണ്ടാകുന്നു...
കാവി രാഷ്ട്രീയം തീവ്രതയോടെ കൊണ്ടുനടന്ന ശിവസേനയുടെ ഈ പുതിയ സഖ്യ പ്രവേശനം പാര്‍ട്ടിക്കുള്ളില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് കാരണമായി. ഇതു മറനീക്കിയത് 2022ല്‍ ഏക്‌നാഥ് ഷിന്‍ഡെയും അനുകൂലികളും പാര്‍ട്ടിവിട്ടതോടെയാണ്. വലിയൊരു വിഭാഗം എംഎല്‍എമാരും ഷിന്‍ഡെയ്‌ക്കൊപ്പമായിരുന്നു. 2022 ജൂണ്‍ 21-ന്, ഏക്‌നാഥ് ഷിന്‍ഡെ തന്നെ പിന്തുണയ്ക്കുന്ന മറ്റു ശിവസേന എംഎല്‍എമാര്‍ക്കൊപ്പം ഒളിവില്‍ പോയി. ശിവസേനയിലെ വിമത സംഘം ആദ്യം സൂറത്തിലേക്കും പിന്നീട് ഗുവാഹത്തിയിലേക്കും നീങ്ങി. എംവിഎ സഖ്യം ശിവസേനയുടെ പ്രത്യയശാസ്ത്രത്തിന് എതിരാണെന്നും എംവിഎ സഖ്യത്തിലും മുഖ്യമന്ത്രി താക്കറെയിലും തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും ഷിന്‍ഡെ വിഭാഗം പ്രഖ്യാപിച്ചു.
പാര്‍ട്ടി താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനു വിമത സംഘത്തിനു നോട്ടീസ് നല്‍കി ഉദ്ധവ് വിഭാഗം അയോഗ്യത നടപടികള്‍ ആരംഭിച്ചു. 48 മണിക്കൂറായിരുന്നു മറുപടി നല്‍കാനായി വിമത വിഭാഗത്തിനു നല്‍കിയ സമയം. 2022 ജൂണ്‍ 26ന്, തനിക്കും മറ്റ് 'വിമത' എംഎല്‍എമാര്‍ക്കും എതിരെ ആരംഭിച്ച അയോഗ്യത നടപടികളെ ചോദ്യം ചെയ്ത് ഏക്‌നാഥ് ഷിന്‍ഡെ സുപ്രീം കോടതിയെ സമീപിച്ചു.
അസാധാരണമായ ഉത്തരവാണ് ഷിന്‍ഡെയുടെ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് പുറപ്പെടുവിച്ചത്. ജൂണ്‍ 25ന് ഡെപ്യൂട്ടി സ്പീക്കര്‍ (ആക്ടിംഗ് സ്പീക്കര്‍) നല്‍കിയ അയോഗ്യത നോട്ടീസിന് മറുപടി നല്‍കാന്‍ വിമത ഗ്രൂപ്പിന് 12 ദിവസത്തെ 'ആശ്വാസ സമയം' ബെഞ്ച് നല്‍കി. അയോഗ്യത നോട്ടീസുകള്‍ക്ക് മറുപടി നല്‍കാന്‍ സാധാരണ ഏഴ് ദിവസമാണ് സമയം അനുവദിക്കുക. എന്നാല്‍ ഇത്തരം കീഴ്‌വഴക്കങ്ങളെ അട്ടിമറിച്ചായിരുന്നു ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി. പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. വിഷയത്തിലെ കോടതി ഇടപെടല്‍ തന്നെ അസ്വാഭാവികമായിരുന്നു. സാധാരണയായി നിയമസഭയിലെ നടപടിക്രമങ്ങളില്‍ കോടതി ഇടപെടാറില്ല. സ്പീക്കറുടെ തീരുമാനം അറിഞ്ഞശേഷം അവലോകനം ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇവിടെ അത് മറികടക്കപ്പെട്ടു.
അതേസമയം, മഹാ വികാസ് അഘാഡി സഖ്യത്തില്‍ നിന്നും പിന്മാറുന്നു എന്ന് അറിയിച്ച് ഷിന്‍ഡെ വിഭാഗം മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ സമീപിച്ചു. തുടര്‍ന്ന്, ഗവര്‍ണര്‍ ജൂണ്‍ 30ന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഉത്തരവിട്ടു. എന്നാല്‍, ഈ നടപടിയെ ഉദ്ധവ് വിഭാഗം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. വിമത എംഎല്‍എമാര്‍ക്കെതിരെ അയോഗ്യത നടപടികള്‍ നടക്കുന്ന സാഹചര്യത്തില്‍ വിശ്വാസ വോട്ട് നടത്തരുതെന്നായിരുന്നു അവരുടെ വാദം. എന്നാല്‍ കോടതി ഉദ്ധവ് വിഭാഗത്തിന്റെ വാദം തള്ളി. ഇതിനു പിന്നാലെ, വിശ്വാസ പ്രമേയത്തിന്റെ വെല്ലുവിളി നേരിടാതെ ഉദ്ധവ് താക്കറെ രാജിവെച്ചു. ഒരു ദിവസത്തിന് ശേഷം, ഷിന്‍ഡെയും ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ഗവര്‍ണറെ കണ്ടു. യോഗത്തിനുശേഷം ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് ഫഡ്നാവിസ് അറിയിച്ചു.
ബിജെപി പിന്തുണയോടെ ഏക്നാഥ് ഷിന്‍ഡെ മഹാരാഷ്ട്രയുടെ 20ാമത് മുഖ്യമന്ത്രിയായി. സംസ്ഥാന ഭരണത്തിനു പിന്നാലെ പാര്‍ട്ടി പിടിച്ചടക്കാനായിരുന്നു ഷിന്‍ഡെയുടെ നീക്കം. പുതിയൊരു പാര്‍ട്ടി എന്നതിനേക്കാള്‍ ബാല്‍താക്കറെയുടെ മഹാരാഷ്ട്രയുടെ ആഴങ്ങളിലേക്ക് വേരിറങ്ങിയ ശിവസേന എന്ന മഹാവൃക്ഷത്തിന്റെ തണലായിരുന്നു ഇരുപക്ഷത്തിന്റെയും ലക്ഷ്യം. അത്ര കണ്ട് സ്വാധീനമുണ്ടായിരുന്നു ആ കാവി കൊടിക്കും അതിലെ അമ്പും വില്ലും ചിഹ്നത്തിനും. 'യഥാര്‍ഥ സേന' ആരാണെന്ന് തെളിയിക്കാനുള്ള പോരാട്ടമായിരുന്നു പിന്നീടങ്ങോട്ട്. ഇതിനായി ഉദ്ധവ് വിഭാഗവും ഷിന്‍ഡെ വിഭാഗവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
ഷിന്‍ഡെയെ ശരിവെയ്ക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍
ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തിനു അനുകൂലമായായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി. 2023 ഫെബ്രുവരി 17ന് ഷിന്‍ഡെ പക്ഷമാണ് യഥാര്‍ഥ ശിവസേനയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധിയെഴുതി. മാത്രമല്ല ഉദ്ധവ് വിഭാഗത്തിനോട് പേരും ചിഹ്നവും മാറ്റാനും നിര്‍ദേശിച്ചു. 2023 ഫെബ്രുവരി 21-ന്, ഷിന്‍ഡെ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂറുമാറ്റത്തിന് തുല്യമായതിനാല്‍ അവരെ അയോഗ്യരാക്കണമെന്ന് താക്കറെ പക്ഷം വാദിക്കാന്‍ തുടങ്ങി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് ഉദ്ധവ് താക്കറെ വിഭാഗം 2023 മേയില്‍ സുപ്രീം കോടതിയെ സമീപിച്ചു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിനു നില്‍ക്കാതെ സ്ഥാനമൊഴിഞ്ഞ നടപടി ഉദ്ധവിനു തിരിച്ചടിയായി. മുഖ്യമന്ത്രി സ്ഥാനം പുനസ്ഥാപിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. 2024 ജനുവരി 10നകം അയോഗ്യതാ ഹര്‍ജികളില്‍ തീരുമാനമെടുക്കാന്‍ മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറിന് കോടതി നിര്‍ദേശം നല്‍കി. ഈ തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാമെന്നും അറിയിച്ചു.
നിയമസഭയില്‍ ഭൂരിപക്ഷമുള്ള ഏകനാഥ് ഷിന്‍ഡെ വിഭാഗമാണ് യഥാര്‍ഥ ശിവസേനയെന്നായിരുന്നു നര്‍വേക്കരുടെ വിധി. ഷിന്‍ഡെക്കൊപ്പം നില്‍ക്കുന്ന എംഎല്‍എമാര്‍ അയോഗ്യരല്ലെന്നും സ്പീക്കര്‍ പ്രഖ്യാപിച്ചു. അതോടെ ബാല്‍താക്കറെ പാര്‍ട്ടിയുടെ കൊടിയും അടയാളവും ഏക്‌നാഥ് ഷിന്‍ഡെക്കു സ്വന്തമായി. എന്നിരുന്നാലും പാര്‍ട്ടി സ്ഥാപകന്റെ മകന്‍ മറുപുറം നില്‍ക്കുന്നത് ശിവസേന എന്ന സ്വത്വത്തെ പൂര്‍ണമായി സ്വന്തമാക്കുന്നതിന് ഷിന്‍ഡെക്ക് തടസമായി. അതുകൊണ്ടുതന്നെ ബിജെപിക്കൊപ്പം നിന്ന് തങ്ങളുടെ ശക്തി തെളിയിക്കാനായിരുന്നു ഷിന്‍ഡെ വിഭാഗത്തിന്റെ തീരുമാനം. 2023 ജൂലൈയില്‍, സമാനമായ രീതിയില്‍ എന്‍സിപിയില്‍ നിന്നും വേർപെട്ട് അജിത് പവാർ പക്ഷം കൂടി ബിജെപി പാളയത്തില്‍ എത്തി. അങ്ങനെ മഹാരാഷ്ട്രയില്‍ മഹായുതി സഖ്യം രൂപംകൊണ്ടു.
ഇതൊക്കെയാണെങ്കിലും, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ മഹായുതി സഖ്യത്തിനായില്ല. സംസ്ഥാനത്ത് ആകെയുള്ള 48 സീറ്റില്‍ 17 സീറ്റില്‍ മാത്രമാണ് അവര്‍ക്ക് വിജയിക്കാനായത്. പ്രതിപക്ഷമായ മഹാരാഷ്ട്ര വികാസ് അഘാഡി ശക്തരും സ്വാധീനവുമുള്ള നേതാക്കളില്ലാതെ 30 സീറ്റുകളാണ് നേടിയത്. ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി കൂടി കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്തതോടെ ആകെ എംപിമാരുടെ എണ്ണം 31 ആയി. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ ഏറിയപ്പോഴും മഹാരാഷ്ട്രയിലെ വീഴ്ച വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. മഹാരാഷ്ട്രയിലെ ജനങ്ങളെ സ്വാധീനിച്ചതെന്താണ് എന്നതായിരുന്നു മുന്നണികളുടെ അന്വേഷണം. മോദി പ്രഭാവം, ശിവസേന പിളര്‍പ്പ്, എന്‍സിപി പിളര്‍പ്പ്, ഇന്ത്യ സഖ്യം എന്നിങ്ങനെ വിവിധ ഉത്തരങ്ങള്‍ സംസ്ഥാനത്തെ ഓരോ മേഖലകളും നല്‍കി.
അതേസമയം, സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയം വിഭിന്നമാണെന്നാണ് ഇരുപക്ഷവും വാദിക്കുന്നത്. ഇരു സഖ്യത്തിലേയും ശിവസേനകള്‍ക്ക് ഈ തെരഞ്ഞെടുപ്പ് അഗ്‌നി പരീക്ഷയാണ്. കോടതിയിലോ തെരഞ്ഞെടുപ്പ് കമ്മീഷനോ അല്ല ജനങ്ങളാണ് 'യാഥാര്‍ഥ' ശിവസേനയെ തെരഞ്ഞെടുക്കുക അല്ലെങ്കില്‍ അവര്‍ വിജയിപ്പിക്കുന്നവരാകും 'ശരിയായ' സേന എന്ന അവസ്ഥയാണിപ്പോള്‍ മഹാരാഷ്ട്രയില്‍. ഈ തെരഞ്ഞെടുപ്പില്‍ ശിവസേന ഉദ്ധവ് വിഭാഗത്തിനു സഖ്യത്തിന്റെ ഭാരം വലുതാണ്. യഥാര്‍ഥ ശിവസേനയാണെന്ന് തെളിയിക്കാന്‍ എത്രമാത്രം വര്‍ഗീയതയും ഹിന്ദുത്വയും പ്രാദേശികതയും പറയാന്‍ സാധിക്കും എന്നതാണ് ഉയരുന്ന വെല്ലുവിളി. സഖ്യത്തിന്റെ ചട്ടക്കൂടില്‍ ഉദ്ധവ് നിലപാടുകളില്‍ മാറ്റം വരുത്തുമോ അതോ തീവ്രത ചോരാതെ മുന്നോട്ട് പോകുമോയെന്ന് കണ്ടുതന്നെ അറിയണം.