fbwpx
ബാബ സിദ്ദിഖിയുടെ കൊലപാതകത്തിനു കാരണം സല്‍മാന്‍ ഖാനോടുള്ള അടുപ്പം; എന്താണ് ബിഷ്ണോയ് സംഘത്തിന് നടനോടുള്ള പക?
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Oct, 2024 07:25 PM

സിദ്ദിഖിയുടെ വധത്തിനു പിന്നാലെ സല്‍മാന്‍ ഖാന്‍റെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ടുമെൻ്റ്സിലെ വീടിന്‍റെ സുരക്ഷ മുംബൈ പൊലീസ് വർധിപ്പിച്ചു

NATIONAL


മഹാരാഷ്ട്ര മുന്‍മന്ത്രി ബാബ സിദ്ദിഖിന്‍റെ കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുക മാത്രമല്ല ലോറന്‍സ് ബിഷ്‌ണോയ് സംഘം ചെയ്തത്. നടന്‍ സല്‍മാന്‍ ഖാനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവർ തങ്ങളുടെ തോക്കിനിരയാവുമെന്ന ഭീഷണിയും ബിഷ്‌ണോയ് ഗ്യാങ് ഉയർത്തുന്നുണ്ട്. നടന്‍റെ വീടിനു സമീപം ഇതിനു മുന്‍പ് സംഘം വെടിവെപ്പ് നടത്തിയിരുന്നു.

മൂന്ന് തവണ ബാന്ദ്ര ഈസ്റ്റ് എംഎല്‍എ ആയിരുന്ന ബാബ സിദ്ദിഖി കൊല്ലപ്പെട്ടപ്പോള്‍ തന്നെ പിന്നില്‍ ബിഷ്ണോയ് ഗ്യാങ്ങായിരിക്കുമെന്ന സൂചനകള്‍ ഉയർന്നിരുന്നു. ഞായറാഴ്ച ഷിബു ലോന്‍കർ എന്ന ഒരാളുടെ ഫേസ്ബുക്ക് പോസ്റ്റ് വഴി സംഭവത്തിന്‍റെ ഉത്തരവാദിത്തം ബിഷ്ണോയ് ഗ്യാങ് ഏറ്റെടുത്തതോടെ സംശയം സ്ഥിരീകരിക്കപ്പെട്ടു. ഈ പോസ്റ്റിനു പിന്നില്‍ ഗ്യാങ്ങിലെ ശുഭം രാമേശ്വർ ലോന്‍കറാണെന്നാണ് കരുതുന്നത്.

പോസ്റ്റില്‍ സിദ്ദിഖിയെ കൊലപ്പെടുത്താനുള്ള കാരണമായി പറയുന്നത് മുന്‍മന്ത്രിക്ക് ഇന്ത്യയിലെ കുപ്രസിദ്ധനായ തീവ്രവാദി ദാവൂദ് ഇബ്രാഹിം, നടൻ സല്‍മാന്‍ ഖാന്‍ എന്നിവരുമായുള്ള ബന്ധമാണ്. സല്‍മാന്‍റെ വീടിനു മുന്നില്‍ വെടിയുതിർത്തതിനു അറസ്റ്റിലായ പ്രതികളില്‍ ഒരാളായ അനുജ് തപന്‍റെ മരണത്തിനു പിന്നിലും സിദ്ദിഖിയാണെന്ന് പോസ്റ്റില്‍ ആരോപിക്കുന്നു. അനുജ് ബിഷ്‌ണോയ് ഗ്യാങ്ങിലെ അംഗമായിരുന്നു.

മെയ് 1ന് മുംബൈ ക്രൈംബ്രാഞ്ച് ലോക്കപ്പിനുള്ളിലാണ് അനുജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനുജ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്‍റെ വാദം. എന്നാല്‍ അനുജിന്‍റേത് കസ്റ്റഡി മരണമാണെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

Also Read: ബാബ സിദ്ദിഖി കൊലപാതകം: 28 വെടിയുണ്ടകള്‍, കൃത്യമായ ആസൂത്രണം; പ്രതികളെ കോടതിയില്‍ ഹാജരാക്കി

'ഞങ്ങൾക്ക് ആരുമായും ശത്രുതയില്ല, എന്നാൽ സൽമാൻ ഖാനെയും ദാവൂദ് ഗ്യാങ്ങിനെയും സഹായിക്കുന്നവർ സൂക്ഷിക്കുക ('ഹിസാബ്-കിതാബ് കർ ലെന')', ലോന്‍കർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കഴിഞ്ഞ വർഷം സൽമാൻ ഖാനുമായുള്ള അടുപ്പത്തിൻ്റെ പേരിൽ രണ്ട് സെലിബ്രിറ്റികളെയെങ്കിലും ബിഷ്‌ണോയ് സംഘം ആക്രമിച്ചിട്ടുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. പഞ്ചാബി പാട്ടുകാരായ ഗിപ്പി ഗ്രെവാൾ, എ.പി. ധില്ലന്‍ എന്നിവരെയാണ് ഗ്യാങ് ആക്രമിച്ചത്.

സിനിമ, കായിക താരങ്ങളെ ഉള്‍പ്പെടുത്തി ആഡംബര പാർട്ടികൾക്ക് ആതിഥ്യം വഹിക്കുന്നതിനു പ്രശസ്തനാണ് ബാബ സിദ്ദിഖി. സൽമാൻ ഖാനും ഷാരൂഖ് ഖാനും തമ്മിലുള്ള അഞ്ച് വർഷം നീണ്ട പിണക്കം 2013 ലെ 'ഇഫ്താർ' പാർട്ടിയിൽ വെച്ച് സിദ്ദിഖിയാണ് പരിഹരിച്ചത്. ശനിയാഴ്ച വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന സിദ്ദിഖിയെ സല്‍മാന്‍ സന്ദർശിച്ചിരുന്നു. ഞായറാഴ്ച സിദ്ദിഖിയുടെ വസതിയിലും പോയി.

Also Read: ബാബ സിദ്ദിഖിയുടെ കൊലപാതകം; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയ് ഗാങ്

സല്‍മാന്‍ ഖാനോടുള്ള പകയ്ക്ക് കാരണം

2022ല്‍ പാട്ടുകാരനായ സിദ്ധു മൂസെ വാലയെ കൊലപ്പെടുത്തിയതോടെയാണ് ലോറന്‍സ് ബിഷ്ണോയിയും സംഘവും രാജ്യത്ത് കുപ്രസിദ്ധി നേടുന്നത്. ബിഷ്ണോയ് വിഭാഗത്തിന്‍റെ വികാരം വ്രണപ്പെടുത്തിയെന്നതാണ് ഇവർക്ക് സല്‍മാനോടുള്ള പകയ്ക്ക് കാരണം. 1998ല്‍ 'ഹം സാത് സാത് ഹേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ജോധ്‌പൂരിനു സമീപമുള്ള മതാനിയയിലെ ബവാദില്‍ വെച്ച് സല്‍മാന്‍ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയെന്നാണ് ബിഷ്ണോയ് സംഘത്തിന്‍റെ ആരോപണം. കൃഷ്ണമൃഗം ബിഷ്ണോയ് വിഭാഗം വിശുദ്ധമായി കരുതുന്ന മൃഗമാണ്.

2018ല്‍ കോടതി മുറിയില്‍ വെച്ച് പോലും സല്‍മാന്‍ ഖാനെതിരെ ലോറന്‍സ് ബിഷ്ണോയ് വധഭീഷണി മുഴക്കിയിരുന്നു. സൽമാൻ ഖാനെ ജോധ്പൂരിൽ വച്ച് കൊല്ലുമെന്നും അത് നടന്നു കഴിയുമ്പോഴേ എല്ലാവരും അറിയൂ എന്നുമായിരുന്നു ലോറന്‍സിന്‍റെ വാക്കുകള്‍.

Also Read: ബാബ സിദ്ദിഖിയുടെ കൊലപാതകം: മഹാരാഷ്ട്ര രാഷ്ടീയത്തില്‍ ഭരണപക്ഷ-പ്രതിപക്ഷ വാക്പോര് മുറുകുന്നു

അതേസമയം, സിദ്ദിഖിയുടെ വധത്തിനു പിന്നാലെ സല്‍മാന്‍ ഖാന്‍റെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ടുമെൻ്റ്സിലെ വീടിന്‍റെ സുരക്ഷ മുംബൈ പൊലീസ് വർധിപ്പിച്ചു. ഏപ്രില്‍ 14ന് ഈ വീടിനു മുന്നിലാണ് വെടിവെപ്പു നടന്നത്. സല്‍മാന്‍ ഖാന്‍റേതിനു പുറമേ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവരുടെ വസതികൾ സ്ഥിതി ചെയ്യുന്ന ദക്ഷിണ മുംബൈയിലെ മലബാർ ഹില്ലിലും കനത്ത സുരക്ഷാവലയം ഏർപ്പെടുത്തിയിട്ടുണ്ട്.


KERALA
ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിന്റെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി
Also Read
user
Share This

Popular

IPL 2025
WORLD
WORLD
പാകിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി; വ്യോമാതിർത്തി അടച്ചു