
സംസ്ഥാനത്ത് ക്രിസ്മസ്-പുതുവത്സര കാലത്ത് ബീവറേജസ് ഔട്ട് ലെറ്റുകളിലുണ്ടായത് റെക്കോർഡ് മദ്യവിൽപ്പന. ഇത്തവണ ക്രിസ്മസ് പുതുവത്സര സീസണിൽ 712.96 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ തവണത്തേക്കാൾ 16 കോടിയോളം രൂപയുടെ അധിക മദ്യം ഇത്തവണ വിറ്റഴിച്ചു.
കൊച്ചി രവിപുരത്താണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്.92 ലക്ഷം രൂപയുടെ മദ്യം ഇന്നലെ മാത്രം വിറ്റു. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം പവർ ഹൗസ് ബിവറേജാണ്. 86.64 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.
ഇന്നലെ സംസ്ഥാനത്ത് ആകെ വിറ്റത് 108 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഇത് 95.69 കോടി ആയിരുന്നു.
കഴിഞ്ഞ തവണ ഈ സീസണിൽ 697.05 കോടിയുടെ മദ്യമായിരുന്നു വിറ്റത്. മദ്യത്തിന്റെ വില വർധനവും തുക വർധിക്കാൻ കാരണമായെന്നാണ് ബെവ്കോ വ്യക്തമാക്കുന്നത്.
ക്രിസ്മസ് ദിനവും തലേന്നുമായ ഡിസംബര്‍ 24, 25 തിയതികളിലായി 152. 06 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റുപോയത്. കഴിഞ്ഞ വര്‍ഷം ഇത് 122.14 കോടിയായിരുന്നു. തുക താരതമ്യം ചെയ്യുമ്പോൾ 29.92 കോടി രൂപയുടെ വർധനവാണ് ഉണ്ടായത്.