ഓഗസ്റ്റ് 25 മുതല്‍ 28 വരെ 1,00,56,889 ലിറ്റർ പാലാണ് മില്‍മ വിറ്റത്
ഓണക്കാല വില്‍പ്പനയില്‍ റെക്കോർഡിട്ട് മില്‍മ. ഉത്രാട ദിവസം മാത്രം 37,00,365 ലിറ്റർ പാലും 3,91,576 കിലോ തൈരുമാണ് മില്‍മ വിപണിയില്‍ വിറ്റത്. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളിലായി സഹകരണ സംഘം വഴി മില്‍മ വിറ്റത് 1,33,47,013 ലിറ്റർ പാലും 14,95,332 കിലോ തൈരുമാണ്.
ഓഗസ്റ്റ് 25 മുതല്‍ 28 വരെ 1,00,56,889 ലിറ്റർ പാലാണ് മില്‍മ വിറ്റത്. കഴിഞ്ഞ വർഷം ഈ കാലയളവില്‍ പാലിന്‍റെ മൊത്ത വില്‍പ്പന 94,56,621 ലിറ്ററായിരുന്നു. വിറ്റുവരവില്‍ 5.22 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഓണ വിപണിയെ ലക്ഷ്യം വെച്ച് മില്‍മയുടെ വിതരണ സംവിധാനം പരിഷ്കരിച്ചിരുന്നു. ഇത് പാല്‍ വിതരണം സുഗമമാക്കുകയും വില്‍പ്പനയെ സഹായിക്കുകയും ചെയ്തുവെന്നാണ് വിലയിരുത്തല്‍. മില്‍മയില്‍ ജനങ്ങള്‍ അർപ്പിച്ച വിശ്വാസത്തില്‍ കേരള കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷന്‍ ചെയർമാന്‍ കെ.എസ്. മണി നന്ദി അറിയിച്ചു. റെക്കോർഡ് നേട്ടം കൈവരിക്കാനായതില്‍ ബോര്‍ഡ് ഓഫ് ഡയറക്ടര്‍മാര്‍, ക്ഷീരകര്‍ഷകര്‍, മില്‍മ ജീവനക്കാര്‍, വാഹനങ്ങളിലെ വിതരണ ജീവനക്കാര്‍, വിതരണക്കാര്‍ എന്നിവര്‍ക്കും ചെയർമാന്‍ നന്ദി രേഖപ്പെടുത്തി.
Also Read: ഓർമ്മകൾക്ക് നിറം മങ്ങിയില്ല; 105 ഓണക്കാലങ്ങൾ പിന്നിട്ട് ഒറ്റപ്പാലം മനിശ്ശേരിയിലെ നാണിമുത്തശ്ശി
ഓണക്കാലത്ത് ആവശ്യത്തിനു പാലും പാലുല്‍പ്പന്നങ്ങളും ലഭ്യമാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മില്‍മയുടെ വാർഷിക ജനറല്‍ ബോഡി തീരുമാനിച്ചിരുന്നു. ക്ഷീര കർഷകർക്ക് ഒരു ചാക്ക് കാലിത്തീറ്റ 100 രൂപ സബ്സിഡി നിരക്കില്‍ 50 ദിവസത്തേക്ക് നല്‍കാനും യോഗത്തില്‍ തീരുമാനമായി. പാലിന്‍റെ ഉല്‍പ്പാദനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.