
അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിർണായക മത്സരത്തിന് വേദിയാകുന്ന ജോർജിയയിൽ ഈ വർഷം മുൻകൂർ വോട്ടിങ്ങിൽ റെക്കോർഡ് പോളിങ്. ആദ്യ ദിനത്തിൽ തന്നെ മൂന്ന് ലക്ഷത്തിലധികം പേർ മുൻകൂർ വോട്ട് രേഖപ്പെടുത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
കമല ഹാരിസിന് മേൽക്കൈ പ്രവചിച്ച് റോയിട്ടേഴ്സ് ഇപ്സോസ് സർവെ ഫലവും പുറത്തുവന്നിട്ടുണ്ട്. ട്രംപിനേക്കാൾ കമലയ്ക്ക് 3 ശതമാനത്തിൻ്റെ ലീഡാണ് പ്രവചിക്കുന്നത്. കമലയെ 45 ശതമാനം ജനങ്ങൾ പിന്തുണക്കുമ്പോൾ ട്രംപിനെ 42 ശതമാനം ജനം പിന്തുണക്കുന്നുവെന്നാണ് പുതിയ സർവേ ഫലമനുസരിച്ച് പുറത്തു വരുന്ന റിപ്പോർട്ട്.
ലഭ്യമായ അവസാന കണക്കു പ്രകാരം 3,28,000 പേർ മുൻകൂർ വോട്ട് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. 2020ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഇരട്ടിയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജോർജിയയിൽ ആദ്യദിനത്തിൽ 1,36,000 പേർ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. മുൻകൂർ വോട്ടിങ്ങിലെ ഈ റെക്കോർഡ് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇരുപാർട്ടികളും. വോട്ടിങ്ങിലെ ഉയർന്ന ജനപങ്കാളിത്തത്തിൽ ഡൊണൾഡ് ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ത്യയിലെ തപാൽ വോട്ടിന് സമാനമാണ് അമേരിക്കയിലെ മുൻകൂർ വോട്ടിങ് സംവിധാനം. മെയിൽ മുഖേനയോ നേരിട്ടെത്തിയോ തെരഞ്ഞെടുപ്പ് ദിവസത്തിന് മുന്നോടിയായി മുൻകൂർ വോട്ട് രേഖപ്പെടുത്താം. ഈ തെരഞ്ഞെടുപ്പിൽ ഇതിനകം 55 ലക്ഷത്തോളം പേർ മുൻകൂർ വോട്ട് രേഖപ്പെടുത്തിയെന്നാണ് ഇലക്ഷൻ ലാബ് പുറത്തുവിടുന്ന കണക്കുകൾ. ശക്തമായ മത്സരം നടക്കുന്ന സ്റ്റേറ്റ് കൂടിയാണ് ജോർജിയ.