ഷാരോണ്‍ ഗ്രീഷ്മയെ അത്രയും വിശ്വസിച്ചിരുന്നു, പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് ഷാരോണിന്റെ സുഹൃത്ത്

''ജീവിതത്തില്‍ ഇറങ്ങാന്‍ പറ്റാത്ത വിധത്തില്‍ തന്നെ ശിക്ഷ കിട്ടണം. കാരണം അവന്‍ അത്രമാത്രം അവളെ വിശ്വസിച്ചിരുന്നു''
ഷാരോണ്‍ ഗ്രീഷ്മയെ അത്രയും വിശ്വസിച്ചിരുന്നു, പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് ഷാരോണിന്റെ സുഹൃത്ത്
Published on


ഷാരോണ്‍ വധക്കേസില്‍ കോടതി കുറ്റക്കാരിയായി കണ്ടെത്തിയ ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് ഷാരോണിന്റെ സുഹൃത്ത് റെജിന്‍. ഗ്രീഷ്മയെ ഷാരോണ്‍ അത്രയ്ക്കും വിശ്വസിച്ചിരുന്നുവെന്നും റെജിന്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു.

'അവള്‍ക്ക് നല്ല ശിക്ഷ തന്നെ കിട്ടണം. ജീവിതത്തില്‍ ഇറങ്ങാന്‍ പറ്റാത്ത വിധത്തില്‍ തന്നെ ശിക്ഷ കിട്ടണം. കാരണം അവന്‍ അത്രമാത്രം അവളെ വിശ്വസിച്ചിരുന്നു. അവന്‍ ഛര്‍ദ്ദിച്ച സമയത്ത് അവളുടെ വീട്ടില്‍ നിന്ന് കഷായവും ഫ്രൂട്ടിയും തന്നിരുന്നു. അവള്‍ ചതിച്ചെടാ എന്ന് അവന്‍ പറഞ്ഞിരുന്നു. പക്ഷെ എന്നിട്ടും ആശുപത്രിയില്‍ കിടക്കുമ്പോള്‍ അവള്‍ അങ്ങനെ ചെയ്യില്ലന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു. ഷാരോണും ഗ്രീഷ്മയും നേരത്തെ പ്രണയത്തിലായിരുന്നു. പിന്നെ അവര്‍ ബ്രേക്ക് അപ്പ് ആയി. അത് കഴിഞ്ഞ് പിന്നെയും അവള്‍ തന്നെ വന്ന് മിണ്ടുകയും ചെയ്തു എന്നൊക്കെ അവന്‍ പറഞ്ഞു കേട്ടിട്ടുണ്ട്,' റെജിന്‍ പറഞ്ഞു.

ഷാരോണുമായി തനിക്ക് 12 വര്‍ഷം മുമ്പു തൊട്ടുള്ള പരിചയമുണ്ട്. ജോലിക്കും കാറ്ററിങ്ങിനും ഒക്കെ ഒരുമിച്ചാണ് പോയിക്കൊണ്ടിരുന്നതെന്നും റെജിന്‍ പറയുന്നു.

ഷാരോണിനെ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് ഗ്രീഷ്മ, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. അതേസമയം തെളിവുകളുടെ അഭാവത്തില്‍ ഗ്രീഷ്മയുടെ അമ്മയെ വെറുതെ വിടുകയും ചെയ്തു. ശിക്ഷാ വിധി നാളെ പുറപ്പെടുവിക്കും.

2022 ഒക്ടോബര്‍ 14നാണ് ഗ്രീഷ്മ തന്റെ വീട്ടില്‍ വെച്ച് ഷാരോണിന് വിഷം കലര്‍ത്തിയ കഷായം നല്‍കുന്നത്. തുടര്‍ന്ന് വീട്ടിലെത്തിയ ഷാരോണിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഒക്ടോബര്‍ 17ന് ആരോഗ്യനില വഷളായ ഷാരോണിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി. ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച് കഷായം കഴിച്ച് 11-ാം ദിവസം ഷാരോണ്‍ മരിച്ചു.

പാരക്വറ്റ് എന്ന കളനാശിനിയാണ് ഗ്രീഷ്മ കഷായത്തില്‍ ചേര്‍ത്തത്. നൂറ് മില്ലിയോളം കഷായം ഒരു ഗ്ലാസിലാക്കി ഒഴിച്ചു കൊടുത്തെന്നും അതിന്റെ കയ്പ് മാറാന്‍ ഫ്രിഡ്ജിലിരിക്കുന്ന ജ്യൂസ് പിന്നീട് കുടിക്കാന്‍ കൊടുത്തുവെന്നും ഗ്രീഷ്മ പിന്നീട് മൊഴി നല്‍കുകയും ചെയ്തിരുന്നു.

നേരത്തെയും ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ജ്യൂസ് ചലഞ്ച് എന്ന പേരില്‍ പാരസിറ്റമോള്‍ ഗുളികകള്‍ പൊടിച്ച് ജ്യൂസില്‍ കലര്‍ത്തി നല്‍കിയാണ് ആദ്യം കൊലപാതകം നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് വിജയിക്കാതായതോടെയാണ് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com