ലക്ഷദ്വീപുകാര്‍ക്ക് ആശ്വാസം; പണ്ടാര ഭൂമി തിരിച്ചു പിടിക്കല്‍ നടപടിയുടെ സ്റ്റേ നീട്ടി ഹൈക്കോടതി

ദ്വീപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ നൽകിയ പരാതിയിലെ സ്റ്റേ നടപടികളാണ് കോടതി നീട്ടിയത്
ലക്ഷദ്വീപുകാര്‍ക്ക് ആശ്വാസം; പണ്ടാര ഭൂമി തിരിച്ചു പിടിക്കല്‍ നടപടിയുടെ സ്റ്റേ നീട്ടി ഹൈക്കോടതി
Published on

ലക്ഷദ്വീപിലെ പണ്ടാര ഭൂമി തിരിച്ചുപിടിക്കൽ നടപടികൾക്ക് നൽകിയ സ്റ്റേ ഹൈക്കോടതി നീട്ടി. ഭൂമി തിരിച്ചു പിടിക്കാനുള്ള ദ്വീപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ നൽകിയ പരാതിയിലെ സ്റ്റേ നടപടികളാണ് കോടതി നീട്ടിയത്. കേസ് അടുത്തമാസം രണ്ടിന് വീണ്ടും കോടതി വീണ്ടും പരിഗണിക്കും. ദ്വീപിലെ മുഴുവൻ പണ്ടാരഭൂമിയും പിടിച്ചെടുക്കാൻ ലക്ഷദ്വീപ് ജില്ലാ കളക്ടർ കഴിഞ്ഞ ദിവസമാണ് നിർദ്ദേശം നൽകിയത്.

പണ്ടാര ഭൂമി സര്‍ക്കാരിന്റേതാണെന്ന് കാട്ടിയാണ് നിര്‍ദേശം. പണ്ടാര ഭൂമി ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ദ്വീപ് വാസികള്‍ കാലങ്ങളായി കൈവശം വെച്ചിരിക്കുന്ന ഭൂമിയും പണ്ടാര ഭൂമിയായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സ്ഥലത്ത് നിരവധി വീടുകളുമുണ്ട്. കഴിഞ്ഞ ദിവസം ആള്‍ത്താമസമില്ലാത്ത ദ്വീപിലെ ഭൂമി പിടിച്ചെടുക്കാൻ ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ ലക്ഷദ്വീപിലെ മുഴുവന്‍ പണ്ടാര ഭൂമിയും പിടിച്ചെടുക്കാന്‍ ഉത്തരവിട്ടത്.

പണ്ടാര ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണെന്ന് ആവര്‍ത്തിച്ചു പറയുന്ന ഉത്തരവില്‍ ഭൂമിക്ക് നഷ്ടപരിഹാരം ഉണ്ടാവില്ല എന്ന് പറയുന്നു. പണ്ടാര ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണെന്ന് ഉത്തരവിന്റെ പല ഭാഗങ്ങളിലായി ആവര്‍ത്തിച്ച് പറയുന്നുണ്ട്. പണ്ടാര ഭൂമിയുടെ ഒരു ഭാഗം കൃഷിക്കും മറ്റുമായി ജനങ്ങള്‍ക്ക് ലീസിന് നല്‍കിയതാണെന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. അങ്ങനെ ഭൂമി നല്‍കപ്പെട്ടവര്‍ക്ക് ആ ഭൂമി കൃഷിക്കും മറ്റുമായി ഉപയോഗിക്കാമെന്നും വ്യവസ്ഥയുണ്ട്.

എന്നാല്‍ ഉപയോഗിക്കുന്നവര്‍ക്ക് ആ ഭൂമിയുടെ ഉടമസ്ഥാവകാശം നല്‍കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ സര്‍ക്കാരിന് ആവശ്യമുള്ളപ്പോള്‍ ഈ ഭൂമികള്‍ പിടിച്ചെടുക്കാം എന്ന് ഉത്തരവില്‍ പറയുന്നു. നിരവധി വികസന പദ്ധതികള്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ലക്ഷദ്വീപ് ഭരണകൂടം. അതിന് ഭൂമി ആവശ്യമാണ്. ദ്വീപുകളിലെ പണ്ടാര ഭൂമികള്‍ ഏറ്റെടുക്കുന്നതിന് അതാത് ദ്വീപുകളിലെ ഡെപ്യൂട്ടി കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com