
ബലാത്സംഗ കേസില്‍ മുകേഷിന്‍റെ അറസ്റ്റ് തടഞ്ഞ് ജില്ലാ സെഷന്‍സ് കോടതി. സെപ്റ്റംബർ മൂന്ന് വരെയാണ് കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. എറണാകുളം മരട് പൊലീസാണ് എം. മുകേഷ് എംഎൽഎക്കെതിരെ കേസെടുത്തത്. സിനിമയില്‍ അവസരവും അമ്മയില്‍ അംഗത്വവും വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന നടിയുടെ പരാതിയിലാണ് കേസ്.
കേസിലെ രേഖകൾ മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ തയ്യാറാണെന്ന് മുകേഷ് കോടതിയെ അറിയിച്ചു. അതേസമയം, അറസ്റ്റിനെ കുറിച്ച് ആശങ്ക നിലനിൽക്കുന്നുണ്ടെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം കോടതിയോട് അഭ്യർത്ഥിച്ചു.
ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കല്‍, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
പരാതിക്കാരിക്ക് ദുരുദ്ദേശമുണ്ടെന്നായിരുന്നു മുകേഷിന്‍റെ വാദം. ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണ് പരാതിക്കാരിയുടെ ലക്ഷ്യം. 15 വര്‍ഷം മുന്‍പുള്ള സംഭവത്തിലാണ് ഇപ്പോഴത്തെ പരാതിയെന്നും മുകേഷ് കോടതിയെ അറിയിച്ചു.
2009 മാര്‍ച്ച് ഏഴിന് പരാതിക്കാരി ഇ-മെയില്‍ അയച്ചു. ആരോപണങ്ങള്‍ നിഷേധിച്ചായിരുന്നു ഇ-മെയില്‍. പരാതിക്കാരി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും ഇതിനായി വാട്‌സ്‌ആപ് വഴി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയെന്നും മുകേഷ് വാദിച്ചു. നിയമബിരുദം നേടിയെന്ന പറയുന്ന ഒരാൾ ആരോപണവുമായി വരാന്‍ ഇത്രയും സമയം എടുത്തത് എന്തിനെന്നും മുകേഷിന്‍റെ അഭിഭാഷകന്‍ പോദിച്ചു.
പൊതുമധ്യത്തിൽ നിൽക്കുന്ന ആളാണ് മുകേഷ്. അന്വേഷണം നേരിടാൻ കക്ഷി തയ്യാറാണെന്നും ഒളിച്ചോടുന്ന ആളല്ലെന്നും മുകേഷിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.