ടി20 ലീഗിലെ ശേഷിക്കുന്ന ക്വാളിഫയർ, എലിമിനേറ്ററുകൾ, ഫൈനൽ എന്നീ മത്സരങ്ങൾ യുഎഇയിൽ വെച്ച് നടക്കുമെന്ന് പിസിബി അറിയിച്ചു.
ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾ വർധിക്കുന്നതിനിടെ പാകിസ്ഥാൻ സൂപ്പർ ലീഗിലെ (പിഎസ്എൽ) ശേഷിക്കുന്ന എട്ട് മത്സരങ്ങൾ യുഎഇലേക്ക് മാറ്റിയതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) അറിയിച്ചു. ടി20 ലീഗിലെ ശേഷിക്കുന്ന ക്വാളിഫയർ, എലിമിനേറ്ററുകൾ, ഫൈനൽ എന്നീ മത്സരങ്ങൾ യുഎഇയിൽ വെച്ച് നടക്കുമെന്ന് പിസിബി അറിയിച്ചു.
മത്സരങ്ങളുടെ കൃത്യമായ ഷെഡ്യൂൾ (തീയതികൾ, വേദികൾ തുടങ്ങിയ വിവരങ്ങൾ) യഥാസമയം പങ്കിടുമെന്നും പിസിബി പ്രസ്താവനയിൽ അറിയിച്ചു. താഴെപ്പറയുന്ന മത്സരങ്ങൾ പുനഃക്രമീകരിക്കുമെന്നും സംഘാടകർ അറിയിച്ചു.
കറാച്ചി കിംഗ്‌സ് vs പെഷവാർ സാൽമി
പെഷവാർ സാൽമി vs ലാഹോർ ഖലന്ദേഴ്സ്
ഇസ്ലാമാബാദ് യുണൈറ്റഡ് vs കറാച്ചി കിംഗ്സ്
മുൾട്ടാൻ സുൽത്താൻസ് vs ക്വെറ്റ ഗ്ലാഡിയേറ്റർ
നേരത്തെ പഞ്ചാബ് കിങ്സും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള ഐപിഎൽ മത്സരം ഉപേക്ഷിച്ചത് പാകിസ്ഥാൻ സൈന്യം ജമ്മു കശ്മീരിൽ നേരെ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയായിരുന്നു. ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള ധരംശാലയിലാണ് മത്സരം നടന്നത്. ഐപിഎൽ പ്രാഥമിക റൗണ്ട് മത്സരങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കെ വാശിയേറിയ പോരാട്ടമായിരുന്നു ഗ്രൗണ്ടിലും പുറത്തും. "ജമ്മുവിൽ ചില സംഭവങ്ങൾ നടന്നിട്ടുണ്ട്, മുൻകരുതൽ നടപടിയായി മത്സരം നിർത്തുകയാണ്," എന്നാണ് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ വിശദീകരണം നൽകിയത്.
ധരംശാലയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണ് ജമ്മു. ബ്ലാക്ക് ഔട്ടിനിടയിലും ഇവിടേക്ക് പാകിസ്ഥാൻ മിസൈലുകൾ പാഞ്ഞടുത്തിരുന്നു. ഇന്ത്യയുടെ റഷ്യൻ നിർമിതമായ എസ് 400 പ്രതിരോധ സംവിധാനം ഇതിനെ ഫലപ്രദമായി തടഞ്ഞിരുന്നു. ഇതിന് പിന്നാലെ കുന്നിൻ മുകളിലുള്ള ധരംശാല ഗ്രൗണ്ടിന് നേരെയും വ്യോമാക്രമണത്തിന് സാധ്യതയുണ്ടെന്ന ഭീതി ഉയർന്നു. പിന്നാലെ ഇവിടുത്തെ ലൈറ്റുകൾ അടിയന്തരമായി അണക്കാൻ അധികൃതർ നിർദേശിക്കുകയായിരുന്നു.