fbwpx
കലാഭവന്‍ മണി: മലയാളികളുടെ ആഘോഷം
logo

എസ് ഷാനവാസ്

Last Updated : 06 Mar, 2025 09:58 AM

റാപ്പറെന്നും ബാൻഡെന്നുമൊക്കെ നാം കേട്ടുതുടങ്ങും മുൻപേ മണി ഒറ്റയാനായി ആ വഴികളൊക്കെ നടന്നു തീർത്തിരുന്നു

MALAYALAM MOVIE


ഇല്ലായ്മകളുടെ നടുവിലേക്കായിരുന്നു പിറവി. പട്ടിണിയും കഷ്ടപ്പാടും മറക്കാൻ കലയായിരുന്നു ഏക മാർഗം. മണൽ വാരിയും ഓട്ടോ ഓടിച്ചും ഉപജീവനം നടത്തുമ്പോഴും, കലയോടുള്ള അടങ്ങാത്ത അഭിനിവേശം മനസിൽ കാത്തുസൂക്ഷിച്ചു. പാട്ടും പറച്ചിലും അഭിനയവുമൊക്കെയായി അയാൾ പതുക്കെ മലയാളികളുടെ ഇടംനെഞ്ചിലേക്ക് കുടിയേറി. ചിരിപ്പിച്ചും, കരയിപ്പിച്ചും, കൈയടിപ്പിച്ചും, ചടുലമായ താളത്തിനൊപ്പം ചുവടുവെപ്പിച്ചും ആ ചാലക്കുടിക്കാരൻ എല്ലാവരുടെയും പ്രിയപ്പെട്ട ചങ്ങാതിയായി. മലയാളികൾ ഇന്നും ആഘോഷിക്കുന്ന പേര്... കലാഭവൻ മണി.



ചാലക്കുടി ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ മകനായി 1971 ജനുവരി ഒന്നിനായിരുന്നു മണിയുടെ ജനനം. അച്ഛൻ കൂലിപ്പണിയെടുത്ത് നേടുന്നതുകൊണ്ട് മാത്രം വീട്ടിലെ ദാരിദ്ര്യം മാറിയിരുന്നില്ല. പട്ടിണിയും കഷ്ടപ്പാടുമൊക്കെ അനുഭവിച്ചായിരുന്നു ബാല്യം. ചാലക്കുടി ഗവ. ബോയ്സ് ഹൈസ്കൂളിലായിരുന്നു മണി പഠിച്ചിരുന്നത്. സ്കൂളിലെ ഉച്ചക്കഞ്ഞി മണിക്ക് നൽകിയ ആശ്വാസം ചെറുതായിരുന്നില്ല. തോറ്റുതോറ്റു പഠിക്കുമ്പോഴും, കലാ കായിക രംഗത്ത് ഒന്നാമനായിരുന്നു. ഓട്ടവും ചാട്ടവും മിമിക്രിയും മോണോ ആക്ടും പദ്യ പാരായണവും കൊണ്ട് സഹപാഠികളെയും അധ്യാപകരെയും കൈയിലെടുത്തു. അങ്ങനെയാണ് 1987ൽ സ്കൂൾ യുവജനോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. കൊല്ലത്ത് നടന്ന യുവജനോത്സവത്തിൽ മോണോ ആക്ടിൽ മണി ഒന്നാം സ്ഥാനം നേടി. അതായിരുന്നു മണിയുടെ ജീവിതത്തിലെ വഴിത്തിരിവ്.


Also Read: 'അരിക്'; പുരോഗമനത്തിന്റെ വായ്ത്താരികള്‍ ഉറക്കെ പാടുമ്പോഴും തികട്ടി വരുന്ന ജാതിബോധത്തിന്റെ കഥ



പത്താം ക്ലാസിൽ രണ്ടാം തവണയും തോറ്റതോടെ, മണി പഠനം അവസാനിപ്പിച്ച് ഓട്ടോ ഓടിക്കാൻ പഠിച്ചു. പകൽ ചാലക്കുടി പുഴയിൽ നിന്ന് മണൽ വാരും, ഓട്ടോ ഓടിക്കാൻ പോകും, തെങ്ങു കയറും, കിണർ കുത്താൻ പോകും. ജീവിതത്തിൽ മണി ചെയ്യാത്ത ജോലികൾ കുറവായിരുന്നു. രാത്രി കിട്ടുന്ന വേദികളിൽ മിമിക്രി അവതരിപ്പിക്കും. ചെറിയ ചെറിയ ട്രൂപ്പുകൾക്കൊപ്പമായിരുന്നു തുടക്കം. അങ്ങനെയൊരു പരിപാടിക്കിടെയാണ് തൃശൂർ പീറ്റർ എന്നയാളെ മണി പരിചയപ്പെടുന്നത്. പീറ്റർ മണിയെ കലാഭവനിലെത്തിച്ചു. ആബേലച്ചനെയും വിധികർത്താക്കളായ മറ്റു കലാകാരന്മാരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മണി കലാഭവൻ അംഗമായി, പിന്നീട് ടീം ലീഡറുമായി. കേരളത്തിലും വിദേശത്തുമായി കൈനിറയെ പ്രോഗ്രാമുകൾ. ആർക്കും അനുകരിക്കാനാവാത്ത നമ്പറുകളും പാട്ടുകളുമായി മണി കൈയ്യടി വാങ്ങിക്കൂട്ടി.



Also Read: സത്യജിത് റേ: ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം


അതിനിടെ, വിനോദശാല എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. അതോടെ, കലാഭവനിൽ നിന്ന് മാറേണ്ടിവന്നു. പിന്നാലെ സിനിമാമോഹവുമായി സംവിധായകരെയും അണിയറ പ്രവർത്തകരെയുമൊക്കെ കണ്ടുമുട്ടി. 1995ൽ അമ്പിളി സംവിധാനം ചെയ്ത 'സമുദായം' എന്ന ചിത്രത്തിൽ വേഷം നൽകി. പിന്നാലെ, സിബി മലയിൽ സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം 'അക്ഷര'ത്തിൽ ഓട്ടോക്കാരനായി അഭിനയിച്ചു. അതിൽ ഒന്ന് രണ്ട് ഡയലോഗുകളും കിട്ടി. എന്നാൽ, ലോഹിതദാസിന്റെ രചനയിൽ സുന്ദർദാസ് സംവിധാനം ചെയ്ത 'സല്ലാപം' ആയിരുന്നു മണിക്ക് കിട്ടിയ ബ്രേക്ക്. ചാലക്കുടിയിലെ ഏതോ സ്കൂളിൽ നടന്ന പരിപാടിയിൽ മണി അവതരിപ്പിച്ച മിമിക്രി കണ്ടാണ് ലോഹിതദാസ് മണിയെ സല്ലാപത്തിലേക്ക് ക്ഷണിച്ചത്. അവിടെ കാത്തിരുന്നത് ചെത്തുകാരന്റെ വേഷം. ജീവിതത്തിൽ ആടിക്കൊണ്ടിരിക്കുന്ന വേഷം വെള്ളിത്തിരയിൽ മണി മികച്ചതാക്കി. നായികയായ മഞ്ജു വാര്യരെ നോക്കി 'തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി' എന്ന് നീട്ടിപ്പാടിക്കൊണ്ട് മണി മലയാള സിനിമയിൽ വരവറിയിച്ചു. കൂടുതൽ ചിത്രങ്ങൾ മണിയെ തേടിയെത്തി. തൊട്ടടുത്ത വർഷം ഉദ്യാനപാലകൻ, കിരീടമില്ലാത്ത രാജക്കന്മാർ, കല്യാണ സൗഗന്ധികം, ദില്ലിവാല രാജകുമാരൻ എന്നിങ്ങനെ 12ഓളം ചിത്രങ്ങളിൽ മണി വേഷമിട്ടു. പിന്നീടത് വർഷത്തിൽ ഇരുപതും മുപ്പതും ചിത്രങ്ങളായി ഉയർന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം വില്ലനായും, സഹനടനായും, ഹാസ്യതാരമായും അരങ്ങ് വാണു.



സംവിധായകൻ വിനയനാണ് മണിയെ നായകനായി പരീക്ഷിക്കുന്നത്. 'വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും' എന്ന ചിത്രത്തിൽ അന്ധഗായകനായ രാമുവായി മണി മാറി. സിനിമാപ്രേക്ഷകർ ഒന്നടങ്കം മണിയുടെ രാമുവിനെ സ്വീകരിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം, കേരള സർക്കാരിന്റെ പ്രത്യേക ജൂറി പരാമർശം, സത്യൻ ഫൗണ്ടേഷൻ അവാർഡ്, മാതൃഭൂമി അവാർഡ്, ഏഷ്യാനെറ്റ് അവാർഡ് എന്നിങ്ങനെ അംഗീകാരങ്ങൾ മണിയെ തേടിയെത്തി. അത് മണിയെന്ന നടന്റെ കരിയർ ഗ്രാഫ് മാറ്റിയെഴുതി. പിന്നീടുള്ള ചിത്രങ്ങളിൽ കൂടുതൽ സ്ക്രീൻ സ്പേസുള്ള വേഷങ്ങളിലേക്ക് മണി പരിഗണിക്കപ്പെട്ടു. കരുമാടിക്കുട്ടൻ, ദി ഗ്യാങ്, ഗാർഡ്, ആകാശത്തിലെ പറവകൾ, വാൽക്കണ്ണാടി, ബെൻ ജോൺസൺ, ലോകനാഥൻ ഐഎഎസ് എന്നിങ്ങനെ ചിത്രങ്ങളിൽ കൂടി മണി നായകനായി. നായകനായും സഹനടനായും വില്ലനായും ഹാസ്യതാരവും ഒക്കെയായി മണി കൈയ്യടി വാങ്ങിക്കൂട്ടി. കഥാപാത്രങ്ങളുടെ നടപ്പുശീലങ്ങളിൽ നിന്നെല്ലാം മണി വഴിമാറി സഞ്ചരിച്ചു. അന്ധനായ രാമുവിനെ അവതരിപ്പിക്കാൻ മണിക്കൂറുകളോളം കണ്ണുകൾ മുകളിലേക്കാക്കി അഭിനയിച്ച മണി, ഛോട്ടാ മുംബൈയിൽ എത്തുമ്പോൾ മറ്റൊരു തരം വില്ലനാകുന്നു. പതിഞ്ഞ സ്വരത്തിൽ സംസാരിച്ചും, തന്റെ ക്രൂരതകൊണ്ട് ആളുകളെ ഭയപ്പെടുത്താനും കെൽപ്പുള്ള വില്ലൻ. വല്യേട്ടനിൽ മമ്മൂക്കയ്‌ക്കൊപ്പം കട്ടയ്ക്ക് നിന്ന കാട്ടിപ്പള്ളി പപ്പൻ, വിക്രമിനെ വിറപ്പിച്ച സൈക്കോ വില്ലൻ തേജ. ആ മണിയെ മലയാളത്തിന് പുറത്ത് തമിഴും തെലുങ്കും സ്വീകരിച്ചു. രജനീകാന്ത്, കമൽ ഹാസൻ, ഐശ്വര്യാ റായ്, വിക്രം, വിജയ്, സൂര്യ എന്നിങ്ങനെ താരങ്ങൾക്കൊപ്പവും മണി അഭിനയിച്ചു. ജെമിനിയിൽ വിക്രമിനെ പോലും നിഷ്പ്രഭമാക്കിയ മണിയെ ‘സ്റ്റൈലിഷ് വില്ലൻ’ എന്ന പേര് നൽകിയാണ് തമിഴകം സ്വീകരിച്ചത്. അവിടെയും മണിയുടെ കട്ടൗട്ടുകൾ ഉയരുന്നത് മലയാളം അഭിമാനത്തോടെ നോക്കിനിന്നു. അപ്പോഴും വന്ന വഴി മണി മറന്നില്ല. സാധാരണക്കാരെ ചേർത്തുപിടിച്ചു. അവരുടെ ആവശ്യങ്ങളിൽ സഹായിച്ച് ഒപ്പംനിന്നു.



Also Read: പുരുഷന്‍മാര്‍ക്ക് വേണ്ടി സംസാരിക്കുന്ന സിനിമ: ആഭ്യന്തര കുറ്റവാളിയെ കുറിച്ച് സംവിധായകന്‍ സേതുനാഥ് പദ്മകുമാര്‍


സിനിമയേക്കാൾ പാട്ടുകളാണ് മണിക്ക് കൂടുതൽ കൈയ്യടി നേടിക്കൊടുത്തത്. അതും നാടൻ പാട്ടുകൾ. നാടൻ പാട്ടിനെ ഇത്രത്തോളം ജനകീയമാക്കിയതിന്റെ ക്രെഡിറ്റ് മണിക്ക് അവകാശപ്പെട്ടതാണ്. സ്റ്റേജ് ഷോകളിലും, കാസറ്റുകളിലും സിഡികളിലുമൊക്കെയായി അത് കേരളം മുഴുവൻ കേട്ടു. മാപ്പിളപ്പാട്ടുകളും, ഭക്തിഗാനങ്ങളുമൊക്കെ മണിയുടെ ശബ്ദത്തിൽ പുറത്തുവന്നു. അഭിനയിക്കുന്ന ചിത്രങ്ങളിൽ പാടിയ പാട്ടുകളും സൂപ്പർ ഹിറ്റുകളായി. മറ്റാർക്കും പാടി ഫലിപ്പിക്കാൻ കഴിയാത്ത താളവും ശ്രുതിയുമൊക്കെയായിരുന്നു മണിയുടെ പാട്ടിന്റെ അനന്യത. അനുഭവങ്ങളുടെ കരുത്തിൽ പാടുന്ന വരികളിൽ നിറഞ്ഞുനിൽക്കുന്ന വികാരഭാവങ്ങളെ അത്രയെളുപ്പം മറ്റാർക്കും അനുകരിക്കാനും സാധിക്കുമായിരുന്നില്ല. ലൈവ് കൺസേർട്ടുകളിൽ ആളുകളുടെ കണ്ണ് നനയിപ്പിക്കാനും, നൃത്തം ചെയ്യിപ്പിക്കാനും മണിക്ക് കഴിഞ്ഞത് അതുകൊണ്ടാണ്. മൂന്നും നാലും മണിക്കൂറൊക്കെ ഒറ്റയ്ക്ക് നിന്ന് ആളുകളെ രസിപ്പിക്കുകയും, കൈയ്യടി വാങ്ങുകയും ചെയ്തത് അങ്ങനെയാണ്. റാപ്പറെന്നും ബാൻഡെന്നുമൊക്കെ നാം കേട്ടുതുടങ്ങും മുൻപേ മണി ഒറ്റയാനായി ആ വഴികളൊക്കെ നടന്നു തീർത്തിരുന്നു.




ആ പാട്ടും പറച്ചിലും നിലച്ചിട്ട് ഒൻപത് കൊല്ലമാകുന്നു. 2016 മാർച്ച് ആറിനായിരുന്നു മണിയുടെ അപ്രതീക്ഷിത വിയോഗം. ഒരിക്കൽ മണി പറഞ്ഞിരുന്നു, 'ഞാൻ മരിച്ചുകഴിഞ്ഞ ശേഷമായിരിക്കും എല്ലാവരും എന്നെ കൂടുതൽ അംഗീകരിക്കുക. കാലങ്ങളോളം എന്നെ ഓർക്കാനുള്ളത് ഇവിടെയുണ്ട്'. ശരിയാണ്. മണിയുടെ പേരോ, സീനുകളോ, പാട്ടുകളോ ഇല്ലാതെ ദിവസം കടന്നുപോകാറില്ല. അത് ടെലിവിഷൻ പരിപാടിയായാലും, കോമഡി പരിപാടികളായാലും, ഗാനമേള ആയാലും. അടുത്തിടെ റാപ്പർ വേടൻ മണിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ പങ്കുവെച്ചുകൊണ്ട് നിർത്താം. 'മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ പുള്ളിയെ ഒക്കെ ഇറക്കിയേനെ. ചുമ്മാ കത്തിയേനേ.. ഒന്ന് ആലോചിച്ചുനോക്കിയേ പുള്ളി ഹിപ് ഹോപ്പ് സ്റ്റൈലിൽ വന്ന് പെർഫോം ചെയ്യുന്നത്...', വേടൻ അങ്ങനെ പറയാൻ കാരണമുണ്ട്. സമൂഹമാധ്യങ്ങളിലും റീലുകളിലുമൊക്കെ മണിയുടെ പഴയ സ്റ്റേജ് ഷോകൾ ഇപ്പോൾ തരംഗമാണ്. കാരണം, കലാഭവന്‍ മണിയെന്നാല്‍ മലയാളികൾക്ക് അന്നുമിന്നും ആഘോഷമാണ്.

WORLD
EXCLUSIVE | പുതിയ മാർപാപ്പയുടെ സ്ഥാനാരോഹണം: ലിയോ പതിനാലാമൻ സ്ഥാനമേൽക്കുക ഈ മാസം 18ന്
Also Read
user
Share This

Popular

NATIONAL
WORLD
പാകിസ്ഥാൻ ആരാധനാലയങ്ങൾക്ക് നേരെ നടത്തുന്ന ഷെല്ലാക്രമണങ്ങളെ വിമർശിച്ച് ഇന്ത്യ