തുടരുന്ന വംശീയ സംഘർഷങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങൾ; കോംഗോയിൽ നിന്ന് അഭയാർഥി പ്രവാഹം വർധിക്കുന്നതായി റിപ്പോർട്ട്

കോംഗോ സൈന്യം നഗരമുപേക്ഷിച്ചതോടെ ഏറ്റുമുട്ടലുകള്‍ തണുത്തെങ്കിലും ഗോമയിലേക്ക് തിരിച്ചുപോകാന്‍ മടിക്കുകയാണ് കുടിയൊഴിപ്പിക്കപ്പെട്ടവർ
തുടരുന്ന വംശീയ സംഘർഷങ്ങള്‍, മനുഷ്യാവകാശ ലംഘനങ്ങൾ; കോംഗോയിൽ നിന്ന് അഭയാർഥി പ്രവാഹം വർധിക്കുന്നതായി റിപ്പോർട്ട്
Published on

വിമതമുന്നേറ്റത്തെ തുടർന്ന് കിഴക്കന്‍ കോംഗോയില്‍ നിന്നുള്ള അഭയാർഥി പ്രവാഹം നാള്‍ക്കുനാള്‍ വർധിച്ചുവരികയാണ്. പ്രധാന നഗരങ്ങളിലൊന്നായ ഗോമ, വിമതർ കീഴടക്കിയതോടെ അതിർത്തി കടക്കേണ്ട നിലയിലാണ് ജനങ്ങൾ. കോംഗോ സൈന്യം നഗരമുപേക്ഷിച്ചതോടെ ഏറ്റുമുട്ടലുകള്‍ തണുത്തെങ്കിലും ഗോമയിലേക്ക് തിരിച്ചുപോകാന്‍ മടിക്കുകയാണ് കുടിയൊഴിപ്പിക്കപ്പെട്ടവർ.


കിഴക്കന്‍ കോംഗോയിൽ മൂന്ന് ദശാബ്ദത്തിലധികമായി തുടരുന്ന വംശീയ സംഘർഷങ്ങള്‍, കഴിഞ്ഞ മാസമാരംഭിച്ച വിമതമുന്നേറ്റത്തിലൂടെ തീവ്രമായിരിക്കുകയാണ്. ടൂട്‌സി ന്യൂനപക്ഷ വിമതരായ എം23, മേഖലയിലെ ഏറ്റവും വലിയ നഗരമായ ഗോമ കീഴടക്കിയതോടെ മനുഷ്യാവകാശ ലംഘനങ്ങള്‍ വ്യാപകമായെന്ന് യുഎന്‍ റിപ്പോർട്ടുചെയ്യുന്നു. ക്രമസമാധാനം പുനഃസ്ഥാപിക്കപ്പെട്ടെന്നും, ജനങ്ങള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്നും വിമതർ പറയുന്നു. കോംഗോ സൈന്യം പൂർണമായി നഗരം വിട്ട പശ്ചാത്തലത്തില്‍ ഏറ്റുമുട്ടലുകള്‍ തണുത്തിട്ടുമുണ്ട്. എന്നാല്‍ മടങ്ങാന്‍ മടിക്കുകയാണ് കുടിയൊഴിപ്പിക്കപ്പെട്ടവർ.

കിഴക്കന്‍ കോംഗോയില്‍ പിടിച്ചെടുത്ത മേഖലകളില്‍ വിമതപോരാളികള്‍ തുടരുന്നതാണ് പ്രധാനകാരണം. വിവിധ വംശീയവിഭാഗങ്ങളുള്‍പ്പെടുന്ന വിമതസഖ്യത്തില്‍ നിന്ന് വധഭീഷണി നേരിട്ട് പാലായനം ചെയ്തവർക്ക് അതേയിടങ്ങളിലേക്ക് മടങ്ങാനാകില്ല. വിമതനീക്കം ആരംഭിച്ച് ഒരാഴ്ച കാലയളവില്‍, 700 പേർ സംഘർഷങ്ങളില്‍ കൊല്ലപ്പെടുകയും 3,000 ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജനുവരി 26 നും 28 നും ഇടയിൽ മാത്രം 12 പേരെയെങ്കിലും എം23 വധശിക്ഷയ്ക്ക് വിധേയരാക്കിയെന്നും യുഎന്‍ റിപ്പോർട്ട് പറയുന്നു.

സംഘർഷത്തിനിടെ ലൈംഗികാതിക്രമങ്ങള്‍ കുത്തനെ ഉയർന്നതും അഭയാർഥി സംഘത്തിലെ സ്ത്രീകളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ഒന്നിലധികം തവണ പലായനം ചെയ്യേണ്ടിവന്നവർ ഉള്‍പ്പെടുന്ന അഭയാർഥികളില്‍ പലരും മുന്‍പ് കൂട്ട ബലാത്സംഗമുള്‍പ്പടെയുടെ അതിക്രമങ്ങള്‍ നേരിട്ടിട്ടുള്ളവരാണ്. പതിറ്റാണ്ടുകളായി സായുധസംഘങ്ങള്‍ 'ബലാത്സംഗം' അടക്കം ലൈംഗികാതിക്രമങ്ങളെ ആയുധമാക്കിവരുന്ന ചരിത്രമാണ് മേഖലയ്ക്കുള്ളത്.

വീട് അതിക്രമിച്ചുകയറിയും തെരുവില്‍വെച്ചും പ്രായവ്യത്യാസമില്ലാതെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേർക്ക് ലൈംഗികാതിക്രമങ്ങള്‍ നടന്നുവരുന്നു. വിമതമുന്നേറ്റത്തിനിടെ ജനുവരി 27ന് ഗോമയിലെ മുസെൻസ് ജയിലിൽ തടവുകാരായിരുന്ന 165 സ്ത്രീകളെ പുരുഷ തടവുകാർ ബലാത്സംഗം ചെയ്തതായി കോംഗോ അധികൃതർ കണ്ടെത്തി. ഇതിനുപുറമെ, കോംഗോ സൈനികരില്‍ നിന്നും മേഖലയിലെ ടൂട്‌സി ന്യൂനപക്ഷവിഭാഗങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ റിപ്പോർട്ടുചെയ്തുവരുന്നുണ്ട്.

ഗോമയില്‍ നിന്ന് കോംഗോ സൈന്യം പിന്‍വാങ്ങിയെങ്കിലും മേഖലയിലെ പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല എന്നതാണ് വസ്തുത. തെക്കൻ കിവുവിൻ്റെ തലസ്ഥാനമായ ബുക്കാവു ലക്ഷ്യമിട്ട് വിമതർ നീങ്ങുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകള്‍. കോംഗോ തലസ്ഥാനമായ കിന്‍ഷാസ കീഴടക്കും വരെ പോരാട്ടം തുടരുമെന്നാണ് വിമതരുടെ പ്രഖ്യാപനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com