
വയനാട് പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സൂചന സമരവുമായി ഉരുൾപൊട്ടൽ ദുരന്ത ഭൂമിയിൽ ഒറ്റപ്പെട്ട പടവെട്ടിക്കുന്ന് നിവാസികൾ. ഇവിടെയുള്ള 27 കുടുംബങ്ങളാണ് ലിസ്റ്റിൽ ഉൾപ്പെടാതെ പോയത്. സമരത്തിന് പിന്തുണയുമായി പുഞ്ചിരി മട്ടത്തിൽ നിന്നടക്കം നിരവധി പേരാണ് എത്തിയത്. ദുരന്ത ഭൂമിയിൽ ഒറ്റപ്പെട്ടു പോയ കുടുംബങ്ങളെയെല്ലാം പുനരധിവസിപ്പിക്കുമെന്നായിരുന്നു സർക്കാരിന്റെ ആദ്യ പ്രഖ്യാപനം. എന്നാൽ പിന്നീട് നോ ഗോ സോണിന് 50 മീറ്ററിനുള്ളിൽ ഒറ്റപ്പെട്ട കുടുംബങ്ങൾക്ക് മാത്രമായി പുനരധിവാസം ചുരുങ്ങി. ഇതോടെ ടൗൺഷിപ്പിൽ ഉൾപ്പെടുമെന്ന പടവെട്ടിക്കുന്നുകരുടെ പ്രതീക്ഷ ഇല്ലാതായി.
സൂചന സമരമെന്ന നിലയിലാണ് സമരം ആരംഭിച്ചതെന്നും ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും പടവെട്ടിക്കുന്ന് നിവാസികൾ അറിയിച്ചു. സമരത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, മുണ്ടക്കൈ, ചൂരൽമല വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുത്തു. പുനരധിവാസത്തിൽ പ്രതിഷേധിച്ച് നാളെ ജനശബ്ദം ആക്ഷൻ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം വയനാട് പുനരധിവാസ ടൗൺഷിപ്പിന് ഈ മാസം 27ന് തറക്കല്ലിടുമെന്ന പ്രഖ്യാപനത്തിനിടയിലും ദുരന്തബാധിതർ ആശങ്കയിലാണ്. ജില്ലാ കളക്ടറുമായുള്ള കൂടിക്കാഴ്ചയിൽ ടൗൺഷിപ്പിലെ വീടിനായി സമ്മതപത്രം നൽകിയത് 20 കുടുംബങ്ങൾ മാത്രമാണ്. ടൗണ്‍ഷിപ്പില്‍ 10 സെൻ്റ് സ്ഥലവും സാമ്പത്തിക സഹായം 40 ലക്ഷമാക്കി വര്‍ധിപ്പിക്കണമെന്ന് ദുരന്ത ബാധിതർ ആവശ്യപ്പെടുന്നുണ്ട്.
ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞ് 8 മാസത്തോടടുക്കുമ്പോഴാണ് സംസ്ഥാന സർക്കാരിൻ്റെ പ്രധാന പ്രഖ്യാപനമായിരുന്ന ടൗൺഷിപ്പിന് നിർമാണം ആരംഭിക്കുന്നത്. നെടുമ്പാലയിലും എൽസ്റ്റോൺ എസ്റ്റേറ്റിലും ടൗൺഷിപ്പ് നിർമിക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാൽ രണ്ട് ടൗൺഷിപ്പിന് വേണ്ട ആളുകൾ ഉണ്ടാകില്ല എന്ന വിലയിരുത്തലിൽ ടൗൺഷിപ്പ് എൽസ്റ്റോൺ എസ്റ്റേറ്റിലേക്ക് മാത്രമാക്കി ചുരുക്കി.
എൽസ്റ്റോൺ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ സ്ഥലത്ത് പ്രകൃതി ദുരന്തങ്ങള്‍ പ്രതിരോധിക്കും വിധമാണ് ടൗണ്‍ഷിപ്പിലെ വീടുകൾ രൂപകല്‍പന ചെയ്തിട്ടുള്ളത്. 1000 ചതുരശ്രയടിയില്‍ ഒറ്റ നിലയില്‍ പണിയുന്ന വീട് ഭാവിയില്‍ ഇരു നിലയായി വർധിപ്പിക്കാം. പ്രധാന മുറിയടക്കം മൂന്ന് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് ഒരു വീട്ടിൽ ഉണ്ടാവുക.
ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെൻ്റർ എന്നിവയും ടൗണ്‍ഷിപ്പിൻ്റെ ഭാഗമായി നിര്‍മിക്കും. മൾട്ടി പര്‍പ്പസ് ഹാള്‍, ഇന്റോര്‍ കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവയുടെ നിർമാണം കമ്മ്യൂണിറ്റി സെൻ്ററിൽ ഉള്‍പ്പെടുത്തി നിർവഹിക്കുമെന്നും പദ്ധതിയിൽ പറയുന്നുണ്ട്. 12 വർഷത്തേക്ക് വിൽക്കാൻ പാടില്ലെന്ന നിബന്ധനയും ടൗൺഷിപ്പിൽ നിർമിക്കുന്ന വീടുകൾക്ക് ഉണ്ടാകും. സ്പോൺസർഷിപ്പിലൂടെ വീട് ലഭിക്കുന്നവർക്ക് നിശ്ചിത ശതമാനം നഷ്ടപരിഹാരം നൽകാനും തീരുമാനമായിട്ടുണ്ട്.