ബിജെപിയും ബിആർഎസും ചേർന്ന് നടത്തിയ ഇടപെടലിനെ തുടർന്നാണ് കവിതക്ക് ജാമ്യം ലഭിച്ചതെന്ന രേവന്ത് റെഡ്ഡിയുടെ പരാമർശമാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്.
മദ്യനയ കേസിൽ ബിആർഎസ് നേതാവ് കെ. കവിതക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ ക്ഷമാപണം നടത്തി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പരാമർശത്തിൽ സുപ്രീംകോടതി കടുത്ത അമർഷം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ക്ഷമാപണം. ഔദ്യോഗിക എക്സ് പോസ്റ്റ് വഴിയായിരുന്നു രേവന്ത് റെഡ്ഡി ക്ഷമ ചോദിച്ചത്.
ബിജെപിയും ബിആർഎസും ചേർന്ന് നടത്തിയ ഇടപെടലിനെ തുടർന്നാണ് കവിതക്ക് ജാമ്യം ലഭിച്ചതെന്ന രേവന്ത് റെഡ്ഡിയുടെ പ്രസ്താവനയാണ് സുപ്രീംകോടതിയെ ചൊടിപ്പിച്ചത്.
"2024 ആഗസ്ത് 29-ലെ ചില പത്രവാർത്തകളിലൂടെ, എൻ്റെ അഭിപ്രായങ്ങൾ ബഹുമാനപ്പെട്ട കോടതിയുടെ ജുഡീഷ്യൽ പദവിയെ ഞാൻ ചോദ്യം ചെയ്യുകയാണെന്ന പ്രതീതിയാണ് നൽകിയതെന്ന് ഞാൻ മനസ്സിലാക്കുന്നു. ഞാൻ ജുഡീഷ്യൽ പ്രക്രിയയിൽ ഉറച്ചു വിശ്വസിക്കുന്ന ആളാണെന്ന് ആവർത്തിക്കട്ടെ. അത്തരം പത്ര റിപ്പോർട്ടുകളിൽ പ്രതിഫലിച്ച പ്രസ്താവനയിൽ ഞാൻ നിരുപാധികം ഖേദം പ്രകടിപ്പിക്കുന്നു. ജുഡീഷ്യറിയോടും അതിൻ്റെ സ്വാതന്ത്ര്യത്തോടും എനിക്ക് നിരുപാധികമായ ബഹുമാനമുണ്ട്. ഇന്ത്യൻ ഭരണഘടനയിലും അതിൻ്റെ ധാർമ്മികതയിലും ഉറച്ചു വിശ്വസിക്കുന്ന ഒരാളെന്ന നിലയിൽ, ജുഡീഷ്യറിയെ അതിൻ്റെ ഏറ്റവും ഉയർന്ന ആദരവിൽ ഞാൻ നിലനിർത്തും," രേവന്ത് റെഡ്ഡി എക്സിൽ കുറിച്ചു.
ഭരണഘടന പദവിയിൽ ഇരിക്കുന്നയാൾ ഇത്തരത്തിലാണോ സംസാരിക്കേണ്ടതെന്നായിരുന്നു കെ. കവിതയുടെ ജാമ്യവുമായി ബന്ധപ്പെട്ട രേവന്ത് റെഡ്ഡിയുടെ പ്രസ്താവന നീരിക്ഷിച്ച കോടതിയുടെ സുപ്രീംകോടതിയുടെ ചോദ്യം. രാഷ്ട്രീയ സ്പർധ വളർത്തുന്നതിൽ എന്തിനാണ് കോടതിയെ വലിച്ചിഴക്കുന്നതെന്നും രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കണോയെന്നും കോടതി ചോദിച്ചു. മനഃസാക്ഷി മുൻനിർത്തിയാണ് കോടതി കടമ നിർവഹിക്കുന്നത്. ഇത് രാജ്യത്തെ ഉന്നത കോടതിയാണെന്നും തെലങ്കാന മുഖ്യമന്ത്രിക്ക് മുന്നറിയിപ്പായി കോടതി ചൂണ്ടിക്കാട്ടി.
‘ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം ലഭിക്കാൻ 15 മാസമെടുത്തു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇനിയും ജാമ്യം ലഭിച്ചിട്ടില്ല. എന്നാൽ, കവിതക്ക് അഞ്ചു മാസത്തിനുള്ളിൽ ജാമ്യം ലഭിച്ചതിൽ സംശയം നിലനിൽക്കുന്നു. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിആർഎസ് ബിജെപിയുടെ വിജയത്തിനായി പ്രവർത്തിച്ചുവെന്നത് വസ്തുതയാണ്,’’ ഇതായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമർശം.
കവിത അഞ്ച് മാസം കസ്റ്റഡിയിലിരുന്നതായും ഈ കേസുകളിലെ സിബിഐ, ഇഡി അന്വേഷണം പൂർത്തിയായതായും ചൂണ്ടിക്കാട്ടിയാണ് ബി ആർ ഗവായ്, കെ ആർ വിശ്വനാഥൻ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ നിയമം സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.