
റിസർവ് ബാങ്ക് ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്രയെ നിയമിച്ചു. ബുധനാഴ്ച ( ഡിസംബർ 11) ആണ് സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കുന്നത്. മൂന്ന് കൊല്ലത്തേക്കാണ് നിയമനം.
രാജസ്ഥാൻ കേഡറിൽ നിന്നുള്ള 1990 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐഎഎസ്) ഉദ്യോഗസ്ഥനാണ് മൽഹോത്ര. കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ അദ്ദേഹം യുഎസിലെ പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
33 വർഷത്തിലേറെ നീണ്ട കരിയറിൽ, വൈദ്യുതി, ധനകാര്യം, നികുതി, വിവര സാങ്കേതിക വിദ്യ, ഖനികൾ തുടങ്ങി നിരവധി മേഖലകളിൽ മൽഹോത്ര പ്രവർത്തിച്ചിട്ടുണ്ട്. റവന്യൂ സെക്രട്ടറിയുടെ ചുമതലയേറ്റെടുക്കും മുന്‍പ് ഫിനാന്‍ഷ്യല്‍ സർവീസസ് വകുപ്പ് സെക്രട്ടറിയായിരുന്നു.
നിലവിലെ ഗവർണർ ശക്തികാന്ത ദാസിന്‍റെ കാലാവധി ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്. കേന്ദ്ര സർക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവെച്ച ആർബിഐ ഗവർണർ ഊർജിത് പട്ടേലിന്‍റെ പിന്‍ഗാമിയായിട്ടായിരുന്നു ശക്തികാന്ത ദാസിന്‍റെ നിയമനം. 2018 ഡിസംബർ 12നാണ് ആർബിഐയുടെ 25-ാമത് ഗവർണറായി ശക്തികാന്ത ദാസ് നിയമിതനായത്.