സുശാന്ത് സിങ്ങിന്റെ മരണം: റിയ ചക്രബര്‍ത്തി കടന്നു പോയത് പറഞ്ഞറിയിക്കാനാകാത്ത ദുരിതത്തിലൂടെ; അഭിഭാഷകന്‍

റിയ ചക്രബര്‍ത്തി പറഞ്ഞറിയിക്കാനാകാത്ത ദുരിതങ്ങളിലൂടെ കടന്നു പോകുകയും 27 ദിവസം ജയിലിലും കഴിയേണ്ടി വന്നുവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
സുശാന്ത് സിങ്ങിന്റെ മരണം: റിയ ചക്രബര്‍ത്തി കടന്നു പോയത് പറഞ്ഞറിയിക്കാനാകാത്ത ദുരിതത്തിലൂടെ; അഭിഭാഷകന്‍
Published on

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ ദുരൂഹത തള്ളിയ സിബിഐ അന്വേഷണത്തിന് നന്ദി പറഞ്ഞ് നടി റിയ ചക്രബര്‍ത്തിയുടെ അഭിഭാഷകന്‍ സതീശ് മനേഷിന്‍ഡേ. ബോംബെ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ സതീശ് മനേഷിന്‍ഡേയാണ് സുശാന്തിന്റെ കേസില്‍ റിയ ചക്രബര്‍ത്തിക്കു വേണ്ടി നിയമ പോരാട്ടം നടത്തിയത്.

സുശാന്ത് സിങ്ങിന്റെ മരണത്തില്‍ എല്ലാ വശങ്ങളും അന്വേഷിച്ച ശേഷമാണ് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് അഭിഭാഷകന്‍ പറഞ്ഞു. നടന്റെ മരണത്തില്‍ റിയ ചക്രബര്‍ത്തിക്ക് സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലുടേയും നേരിടേണ്ടി വന്നത് കടുത്ത ആക്രമണമാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

തെറ്റായ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിച്ചത്. ഇതുമൂലം റിയ ചക്രബര്‍ത്തി പറഞ്ഞറിയിക്കാനാകാത്ത ദുരിതങ്ങളിലൂടെ കടന്നു പോകുകയും 27 ദിവസം ജയിലിലും കഴിയേണ്ടി വന്നുവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസമാണ്, സുശാന്തിന്റെ മരണത്തില്‍ മുംബൈ പ്രത്യേക കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സുശാന്ത് സിങ്ങിന്റെ മരണത്തിന് പിന്നില്‍ എന്തെങ്കിലും ദുരൂഹതയുണ്ടെന്ന് സ്ഥാപിക്കാന്‍ മാത്രമുള്ള തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

2020 ജൂണ്‍ 14 നാണ് സുശാന്ത് സിങ് രജ്പുതിനെ മുംബൈയിലെ ബാന്ദ്രയിലുള്ള ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വിഷാദമാകാമെന്നാണ് പ്രാഥമിക നിഗമനം. സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെടുത്തിരുന്നില്ല. ഓഗസ്റ്റില്‍ സുശാന്തിന്റെ മരണത്തില്‍ പിതാവ് കെ.കെ. സിങ് സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്.

അന്വേഷണത്തില്‍, സുശാന്തിന്റെ സുഹൃത്തായിരുന്ന റിയ ചക്രബര്‍ത്തി, റിയയുടെ മാതാപിതാക്കള്‍, സഹോദരന്‍ എന്നിവര്‍ക്ക് പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞില്ല.

കോവിഡ് കാലത്തുണ്ടായ ദാരുണമായ സംഭവത്തില്‍ ആളുകള്‍ മുഴുവന്‍ ടിവിയിലും സോഷ്യല്‍മീഡിയയിലുമായിരുന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത ദുരിതത്തിലൂടെയാണ് റിയയും കുടുംബവും ഈ സമയത്ത് കടന്നു പോയത്. ഇനി ഒരു കേസിലും ഇതുപോലെ ആര്‍ക്കും ഉണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നത്. മനുഷ്യത്വരഹിതമായ പെരുമാറ്റം നേരിട്ടിട്ടും മൗനം പാലിച്ചതിന് റിയയേയും കുടുംബത്തേയും താന്‍ കുടുംബത്തെയും അഭിവാദ്യം ചെയ്യുന്നുവെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. റിയയ്ക്ക് നീതി ലഭിക്കാന്‍ ഒപ്പം നിന്ന മാധ്യമങ്ങള്‍ക്കും അഭിഭാഷകന്‍ നന്ദി പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com