വഖഫ് ഭേദഗതി ബില്ലിനെതിരെ ആർജെഡി; തിങ്കളാഴ്ച സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കും

ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ നേരത്തെ അറിയിച്ചിരുന്നു
വഖഫ് ഭേദഗതി ബില്ലിനെതിരെ ആർജെഡി; തിങ്കളാഴ്ച സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കും
Published on


വഖഫ് ഭേദഗതി ബില്ലിനെതിരെ രാഷ്ട്രീയ ജനതാദൾ (ആർജെഡി) സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കും. രാജ്യസഭാ എംപി മനോജ് ഝായും, പാർട്ടി നേതാവ് ഫയാസ് അഹമ്മദുമാണ് പാർട്ടിക്കുവേണ്ടി ഹർജി സമർപ്പിക്കുക. വഖഫ് സ്വത്തുക്കളുടെ നടത്തിപ്പിൽ ബിൽ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും, ബില്ലിലെ വ്യവസ്ഥകളെ ചോദ്യം ചെയ്തുമുള്ള ഹർജി തിങ്കളാഴ്ചയാണ് സുപ്രീം കോടതിയിൽ സമർപ്പിക്കുക. രാഷ്ട്രീയ വൃത്തങ്ങളിൽ വിവാദങ്ങൾക്ക് തിരികൊളുത്തിയ ബില്ലിനെ ഇതിനോടകം തന്നെ നിരവധി പ്രതിപക്ഷ പാർട്ടികൾ എതിർത്തിട്ടുണ്ട്.

ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ നടത്തിപ്പിലും മേൽനോട്ടത്തിലും ബില്ലിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് കോൺഗ്രസ് നേരത്തെ സുപ്രീം കോടതിയിൽ നിയമപോരാട്ടം ആരംഭിച്ചിരുന്നു. ബിൽ മുസ്ലീം സമൂഹത്തോട് വിവേചനപരമാണെന്നും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ഏപ്രിൽ 4 നാണ് കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ് സുപ്രീം കോടതിയെ സമീപിച്ചത്. ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ നേരത്തെ അറിയിച്ചിരുന്നു.

പാർലമെന്റിന്റെ ഇരുസഭകളിലും രണ്ട് ദിവസം നീണ്ടുനിന്ന ചൂടേറിയ ചർച്ചകൾക്ക് ശേഷമാണ് വഖഫ് ഭേദഗതി ബിൽ 2025 പാസാക്കിയത്. 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലായിരുന്നു രാജ്യസഭയിൽ ബിൽ പാസാക്കിയത്. 128 പേർ ബില്ലിനെ അനുകൂലിച്ചും, 95 പേർ എതിർത്തും വോട്ട് ചെയ്തു. രാജ്യസഭയിൽ വഖഫ് ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ശക്തമായ എതിർപ്പുകൾ ഉയർന്നിരുന്നു. ബില്ല് "മുസ്ലീം വിരുദ്ധമാണെന്നും, ഭരണഘടനാ വിരുദ്ധമാണെന്നും അവർ വാദിച്ചിരുന്നു. എന്നാൽ "ചരിത്രപരമായ പരിഷ്കാര"മാണ് ഇതെന്നും, ന്യൂനപക്ഷ സമൂഹത്തിന് അത് ഗുണം ചെയ്യുമെന്നുമാണ് കേന്ദ്ര സർക്കാരിൻ്റെ അവകാശവാദം. തുടർന്ന് പാർലമെന്റിലെ ഇരു സഭകളും പാസാക്കിയ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു. കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഇതോടെ വിവാദങ്ങൾക്കൊടുവിൽ വഖഫ് ഭേദഗതി ബിൽ നിയമമായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com