കാന്‍ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ നടനും നിര്‍മാതാവുമായ ലിയോനാര്‍ഡോ ഡികാപ്രിയോ ആണ് റോബേര്‍ട്ട് ഡി നീറോയ്ക്ക് പുരസ്‌കാരം നല്‍കി ആദരിച്ചത്
78-ാമത് കാന്‍ ചലച്ചിത്ര മേളയില്‍ ഓണററി പാം ഡി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹനായി മുതിര്‍ന്ന ഹോളിവുഡ് നടന്‍ റോബേര്‍ട്ട് ഡി നീറോ. കാന്‍ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങില്‍ നടനും നിര്‍മാതാവുമായ ലിയോനാര്‍ഡോ ഡികാപ്രിയോ ആണ് റോബേര്‍ട്ട് ഡി നീറോയ്ക്ക് പുരസ്‌കാരം നല്‍കി ആദരിച്ചത്. പുരസ്‌കാരം സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗത്തില്‍ റോബേര്‍ട്ട് ഡി നീറോ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചു. സംസ്‌കാരത്തോടും കലയോടും മുഖം തിരിക്കുന്ന പ്രസിഡന്റാണ് നമുക്കുള്ളതെന്നാണ് റോബേര്‍ട്ട് ഡി നീറോ പറഞ്ഞത്.
"എന്റെ രാജ്യത്ത് നമ്മള്‍ ഒരിക്കല്‍ നിസാരമായി കരുതിയിരുന്ന ജനാധിപത്യത്തിന് വേണ്ടിയാണിപ്പോള്‍ നമ്മള്‍ പോരാടിക്കൊണ്ടിരിക്കുന്നത്. ഇത് നമ്മെ എല്ലാവരെയും ബാധിക്കുന്നു. കാരണം കല രാത്രിയെന്ന പോലെ ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒന്നാണ്. കല തിരയുന്നത് സത്യത്തെയാണ്. കല വൈവിധ്യത്തെ സ്വീകരിക്കുന്നു. അതുകൊണ്ടാണ് കല ഒരു ഭീഷണിയാകുന്നത്. അതുകാണ്ടാണ് നമ്മള്‍ ഫാസിസ്റ്റുകള്‍ക്കും സ്വേച്ഛാധിപതികള്‍ക്കും ഭീഷണിയാകുന്നത്", റോബേര്‍ട്ട് ഡി നീറോ പറഞ്ഞു.
"അമേരിക്കയുടെ കലയോടും സംസ്‌കാരത്തോടും മുഖം തിരിക്കുന്ന പ്രസിഡന്റ് നമ്മുടെ പ്രമുഖ സാംസ്‌കാരിക സ്ഥാപനങ്ങളിലൊന്നായ കെന്നഡി സെന്ററിന്റെ തലവനായി സ്വയം നിയമിക്കപ്പെട്ടിരിക്കുന്നു. കല, മാനവികത, വിദ്യാഭ്യാസം എന്നിവയ്ക്കുള്ള ഫണ്ടിങും പിന്തുണയും അദ്ദേഹം വെട്ടിക്കുറച്ചു. ഇപ്പോള്‍ അദ്ദേഹം യുഎസിന് പുറത്ത് നിര്‍മിക്കുന്ന സിനിമകള്‍ക്ക് 100 ശതമാനം താരിഫ് പ്രഖ്യാപിക്കുകയും ചെയ്തു. അത് അങ്ങനെ തന്നെ തുടരട്ടെ", അദ്ദേഹം വ്യക്തമാക്കി.
ALSO READ : കേരളത്തില്‍ നിന്ന് മാത്രം 100 കോടി; ചരിത്ര വിജയവുമായി 'തുടരും'
"സര്‍ഗാത്മകതയ്ക്ക് വില നിശ്ചയിക്കാനാവില്ല. പക്ഷെ പ്രത്യക്ഷത്തില്‍ നിങ്ങള്‍ക്ക് അതിന്‍മേല്‍ താരിഫ് ചുമത്താം. ഇത് സ്വീകരിക്കാനാവില്ല. ഈ ആക്രമണങ്ങളൊന്നും തന്നെ സ്വീകരിക്കാനാവില്ല. ഇത് അമേരിക്കയുടെ മാത്രം പ്രശ്നമല്ല. ആഗോള പ്രശ്‌നമാണ്. ഒരു സിനിമ പോലെ ഇത് നമുക്ക് വെറുതെ ഇരുന്ന് കാണാന്‍ ആകില്ല. നമ്മള്‍ എല്ലാവരും പ്രവര്‍ത്തിക്കേണ്ടതുണ്ട്", എന്നും റോബേര്‍ട്ട് ഡി നീറോ കൂട്ടിച്ചേര്‍ത്തു.
"അക്രമമില്ലാതെ തന്നെ എന്നാല്‍ ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കണം. സ്വാതന്ത്ര്യത്തെ കുറിച്ച് കരുതലുള്ള എല്ലാവരും സംഘടിക്കാനും പ്രതിഷേധിക്കാനും തെരഞ്ഞെടുപ്പ് സമയത്ത് വോട്ടു ചെയ്യാനുമുള്ള സമയമാണിത്. ഇന്ന് രാത്രി മുതല്‍ 11 ദിവസത്തേക്ക് ഈ മഹത്തായ മേളയില്‍ കലയെ ആഘോഷിച്ചുകൊണ്ട് നമ്മള്‍ നമ്മുടെ ശക്തിയും പ്രതിബദ്ധതയും പ്രകടിപ്പിക്കും", എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചു.