
ഒരു മുറിയെടുക്കാൻ എന്ത് വാടകവരും എന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും തലയിൽ കൈവയ്ക്കും. തിരക്കുള്ള നഗരങ്ങളിൽ മാത്രമല്ല ഗ്രാമപ്രദേശങ്ങളിൽ വരെ മുറികൾ വാടകയ്ക്ക് ലഭിക്കാൻ നല്ല തുക മുടക്കണം. എത്ര കുറവാണെന്ന് പറഞ്ഞാലും വരുമാനത്തിൻ്റെ ഒരു പ്രധാന ഭാഗം താമസ സൗകര്യത്തിനായി ചെലവാക്കേണ്ടി വരും എന്നത് തീർച്ചയാണ്. ഈ ചർച്ചകൾക്കിടെ ഏവരേയും ഞെട്ടിച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ വാർത്തകളിലെ താരം. പ്രതിമാസം 15 രൂപയുടെ മുറിയെന്ന് കേട്ടാൽ ഞെട്ടാത്തവരുണ്ടോ?
അതെ പ്രതിമാസം 15 രൂപയുടെ മുറി,വെറുമൊരു മുറിയല്ല, കിടക്ക, സ്റ്റഡി ടേബിൾ, റിവോൾവിംഗ് ചെയർ,അലമാര, അച്ചാച്ച്ഡ് വാഷ് റൂം ഉൾപ്പെടെ വൃത്തിയുള്ള ഒറ്റമുറി സൗകര്യമാണ് 15 രൂപ മാസവാടകയ്ക്ക് ലഭിച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായ പോസ്റ്റ്. പശ്ചിമ ബംഗാളിലെ എയിംസ് കല്യാണിയിലെ അവസാന വർഷ എംബിബിഎസ് വിദ്യാർത്ഥി മനീഷ് അമൻ ആണ് തൻ്റെ മുറിയുടെ ചിത്രവും വാടക വിവരങ്ങളും പങ്കുവച്ച് ആളുകളെ അതിശയിപ്പിച്ചത്.
Also Read; 'തോരാമഴ'; തമിഴ്‌നാട്ടിൽ മഴ തുടരുന്നു; ഇനിയും ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്
മുറിയുടെ നാലോളം ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് മനീഷ്, 'അറ്റാച്ച്ഡ് വാഷ്റൂമുള്ള ഈ ഒരൊറ്റ മുറി പ്രതിമാസം 15 രൂപ ചെലവിൽ എനിക്ക് ലഭിച്ചു' എന്നായിരുന്നു കുറിച്ചത്. പോസ്റ്റ് വളരെ വേഗം തന്നെ വൈറലായി. താഴെ വന്ന കമൻ്റുകളും രസകരമായിരുന്നു. പലർക്കും സംഭവം വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല, തമാശ പോസ്റ്റായി തള്ളിയവരുമുണ്ട്. 15,000 രൂപ 15 രൂപയായി തെറ്റിദ്ധരിച്ചിരിക്കാം, അറസ്റ്റ് ചെയ്തപ്പോൾ എനിക്ക് സമാനമായ ഒരെണ്ണം ജയിലിൽ ലഭിച്ചു, 'മുംബൈയിൽ ഞങ്ങൾക്ക് 15 രൂപയ്ക്ക് ക്രീം പാവ് ലഭിക്കും. 'എന്നിങ്ങനെ പോകുന്ന കമൻ്റുകൾ.
ഏതായാലും സംശയാലുക്കളുടെ എണ്ണം കൂടിയതോടെ മനീഷ് തന്നെ കാര്യങ്ങൾ വിശദീകരിച്ചു.കോളേജ് മാനേജ്മെന്‍റ് 5.5 വർഷത്തേക്ക് 5,856 രൂപയാണ് മുറിക്ക് ഈടാക്കുന്നത്, അതിൽ 1,500 രൂപ അവസാനം റീഫണ്ട് ചെയ്യുന്നു.എന്ന് മനീഷ് വിശദീകരിച്ചു. കണക്ക് കൂട്ടിയിട്ട് ശരിയായി വരുന്നില്ലല്ലോ എന്നും പലരും സംശയം പറഞ്ഞിട്ടുണ്ട്. എങ്കിലും തുച്ഛമായ വാടകയാണെന്ന കാര്യത്തിൽ മാത്രം തർക്കമില്ല.