
മുന്‍ സിറിയന്‍ പ്രസിഡന്‍റ് ബഷർ അൽ അസദിനും കുടുംബത്തിനും അഭയം നല്‍കി റഷ്യ. അസദ് റഷ്യയിലെത്തിയതായതായി റഷ്യൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു. പേര് വെളിപ്പെടുത്താത്ത ഉറവിടത്തെ ഉദ്ധരിച്ച് ഇൻ്റർഫാക്സ് വാർത്താ ഏജൻസിയാണ് വാർത്ത പുറത്തുവിട്ടത്.
"സിറിയൻ പ്രസിഡൻ്റ് അസദ് മോസ്കോയിൽ എത്തി. മാനുഷിക കാരണങ്ങളാൽ റഷ്യ അവർക്ക് (അദ്ദേഹത്തിനും കുടുംബത്തിനും) അഭയം നൽകിയിരിക്കുന്നു." എന്നാണ് റിപ്പോർട്ട്. 2011 സിറിയന്‍ ആഭ്യന്തര യുദ്ധക്കാലത്ത് റഷ്യ ബഷർ ഭരണകൂടത്തിന് വ്യോമ സഹായം നല്‍കിയിരുന്നു.
Also Read: ബഷാര്‍ അല്‍ അസദിന്റെ പതനം സ്വപ്‌നം കണ്ട മുന്‍ അല്‍ ഖ്വയ്ദ നേതാവ്; ആരാണ് മൊഹമ്മദ് അല്‍ ഗോലാനി?
വിമത സംഘം തഹ്‌രീർ അൽ ഷാം സിറിയ പിടിച്ചെടുത്തതോടെയാണ് ബഷർ അൽ അസദിന് 24 വർഷത്തെ ഭരണം അവസാനിപ്പിച്ച് രാജ്യം വിടേണ്ട സ്ഥിതി വന്നത്. നവംബറില്‍ ഇദ്‌ലിബ് പിടിച്ചെടുത്തുകൊണ്ടാരംഭിച്ച വിമതമുന്നേറ്റമാണ് ബഷാർ അൽ അസാദിന്‍റെ നേതൃത്വത്തിലുള്ള ഷിയാ സർക്കാരിന്‍റെ പതനത്തില്‍ കലാശിച്ചത്. തന്ത്രപ്രധാന മേഖലകളായ അലെപ്പോ, ഹമാ, ഹോംസ് നഗരങ്ങള്‍ പിടിച്ചെടുത്തുകൊണ്ട് ദ്രുതഗതിയില്‍ മുന്നേറിയ സുന്നി ഇസ്ലാമിക് വിമതർ ശനിയാഴ്ചയോടെ തലസ്ഥാനമായ ദമാസ്കസ് വളയുകയായിരുന്നു. സെെന്യത്തിന്‍റെ പിന്മാറ്റം സൂചിപ്പിച്ചുകൊണ്ടുള്ള ആദ്യ റിപ്പോർട്ടുകള്‍ തള്ളിയെങ്കിലും, മണിക്കൂറുകള്‍ക്കുള്ളില്‍ സിറിയന്‍ ഭരണകൂടം അടിയറവ് പറഞ്ഞു. പിന്നാലെ ലക്ഷ്യസ്ഥാനം വ്യക്തമാക്കാതെ പ്രസിഡന്‍റ് ബാഷർ അല്‍ അസദ് രാജ്യം വിടുകയായിരുന്നു.
അതേസമയം, ഭരണകൈമാറ്റത്തിന് സന്നദ്ധതയറിയിച്ച പ്രധാനമന്ത്രി ഗാസി അല്‍ ജലാലി വിമതരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും രാജ്യം വിടില്ലെന്നും അറിയിച്ചു.