2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് ഇതുവരെ കീഴടക്കാൻ കഴിയാത്ത പ്രധാന മേഖലയാണ് പൊക്രോവ്സ്ക്
യുക്രെയ്‌ന്റെ കിഴക്കൻ നഗരമായ പൊക്രോവ്സ്ക് പിടിക്കാൻ റഷ്യ ശ്രമം ആരംഭിച്ചതായി റിപ്പോർട്ട്. മേഖലയിൽ നിന്ന് ജനങ്ങൾ അടിയന്തരമായി ഒഴിയണമെന്ന് യുക്രെയ്ൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. യുക്രെയ്‌നിലെ പ്രധാന പ്രതിരോധ ശക്തികേന്ദ്രങ്ങളിലൊന്നാണ് പൊക്രോവ്സ്ക്.
സുപ്രധാന ലോജിസ്റ്റിക്സ് ഹബ്ബായ പൊക്രോവ്സ്കിൽ 53,000 പേർ ഇപ്പോഴും ഉണ്ടെന്നാണ് കണക്കുകൾ. റഷ്യൻ സൈന്യം വളരെ വേഗത്തിൽ പ്രദേശത്തോട് അടുക്കുന്ന സാഹചര്യത്തിൽ അതിവേഗം ഒഴിപ്പിക്കൽ പൂർത്തിയാക്കണമെന്നാണ് ഡൊനെറ്റ്സ്ക് ഗവർണർ വാഡിം ഫിലാഷ്കിൻ നിർദ്ദേശം നൽകിയിട്ടുള്ളത്.
ALSO READ: മുഴുപ്പട്ടിണിയിൽ യെമൻ; അന്താരാഷ്ട്ര സഹായത്തെ ആശ്രയിക്കുന്നത് 18 ദശലക്ഷത്തോളം യെമനികളെന്ന് ഐക്യരാഷ്ട്ര സംഘടന
2022 ഫെബ്രുവരിയിൽ ആരംഭിച്ച റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് കീഴടക്കാൻ കഴിയാത്ത പ്രധാന മേഖലയാണ് പൊക്രോവ്സ്ക്. റഷ്യയുടെ കുർസ്ക് മേഖലയിലേക്കുള്ള
യുക്രെയ്നിൻ്റെ അപ്രതീക്ഷിത കടന്നുകയറ്റത്തെ തുടർന്നാണ് പൊക്രോവ്സ്കിനെ ലക്ഷ്യമാക്കി നീങ്ങാൻ റഷ്യൻ സൈന്യം തീരുമാനിച്ചത്. അതുവഴി ഡൊനെറ്റ്‌സ്‌ക് മേഖല പൂർണമായും നിയന്ത്രണത്തിലാക്കാൻ കഴിയുമെന്നാണ് റഷ്യയുടെ പ്രതീക്ഷ.
സോവിയറ്റ് കാലഘട്ടത്തിലെ ആർട്ടിയോമോവോ എന്ന് റഷ്യ വിളിക്കുന്ന സാലിസ്നെയും, ഖനന നഗരവും ഡോൺബാസ് മേഖലയിൽ പ്രവർത്തിക്കുന്ന യുക്രെയ്ൻ സൈന്യത്തിൻ്റെ പ്രതിരോധ മേഖലയായ ടൊറെറ്റ്സ്കും റഷ്യ ലക്ഷ്യമിടുന്നുണ്ട്.
അതേസമയം, ഈമാസം 23ന് യുക്രെയ്ൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡൻ്റ് വ്ലോദ്മിർ സെലൻസ്കിയുമായി നയതന്ത്ര ചർച്ച നടത്തും. പോളണ്ടിൽ നിന്ന് ട്രെയിൻ മാർഗമാണ് മോദി യുക്രെയ്‌നിലെത്തുന്നത്.