മെയ് 16ന് ഇസ്താംബുളിൽ നടന്ന സമാധാന ചർച്ചയിൽ 1000 യുദ്ധത്തടവുകാരെ കൈമാറാനാണ് ഇരുരാജ്യങ്ങളും തീരുമാനമായത്
റഷ്യ-യുക്രെയ്ൻ യുദ്ധത്തടവുകാരുടെ ആദ്യഘട്ട കൈമാറ്റം ആരംഭിച്ചു. 390 യുക്രെയ്ൻ തടവുകാരെ റഷ്യ കൈമാറിയതായി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു. ടെലഗ്രാമിലൂടെയാണ് ഈക്കാര്യം സെലൻസ്കി വ്യക്തമാക്കിയത്. 2014ൽ ഇരു രാജ്യങ്ങൾക്കും ഇടയിൽ സംഘർഷാവസ്ഥ ആരംഭിച്ചതിനു ശേഷമുള്ള തടവുകാരുടെ ഏറ്റവും വലിയ കൈമാറ്റമാണിത്. മെയ് 16ന് ഇസ്താംബുളിൽ നടന്ന സമാധാന ചർച്ചയിൽ 1000 യുദ്ധത്തടവുകാരെ കൈമാറാനാണ് ഇരുരാജ്യങ്ങളും തീരുമാനമായത്.
Also Read: "ജനങ്ങള്‍ പട്ടിണികിടന്ന് മരിക്കും"; സിന്ധു ജല ഉടമ്പടി ഇന്ത്യ മരവിപ്പിച്ചതില്‍ പാക് സെനറ്റർ
ആദ്യ ഘട്ടത്തിന്റെ ഭാഗമായി, 270 സൈനികരേയും 120 സാധാരണക്കാരേയും രാജ്യത്തിലേക്ക് തിരികെ എത്തിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയവും അറിയിച്ചു. മെയ് 22ന്, കൈമാറേണ്ട യുദ്ധത്തടവുകാരുടെ പട്ടിക ലഭിച്ചതായി യുക്രെയ്ൻ, റഷ്യൻ സർക്കാരുകൾ സ്ഥിരീകരിച്ചിരുന്നു. കൈമാറ്റത്തിനുള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായി യോഗം ചേർന്നതായും സെലെൻസ്‌കി അതേ ദിവസം പ്രഖ്യാപിച്ചു. ഇസ്താംബൂളിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങൾ തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ ഒരേയൊരു "യഥാർത്ഥ" ഫലം യുദ്ധത്തടവുകാരുടെ കൈമാറ്റ കരാറാണെന്നാണ് സെലൻസ്കി പറഞ്ഞത്.
കുറഞ്ഞത് 8000 യുക്രെയ്ൻ സൈനികരെ റഷ്യ തടവിലാക്കിയിട്ടുണ്ടെന്നാണ് പ്രസിഡൻഷ്യൽ ഓഫീസ് ഡെപ്യൂട്ടി ഹെഡ് ഐറിന വെരേഷ്ചുക്ക് മെയ് ഒന്നിന് അറിയിച്ചത്. യുക്രെയ്നിന്റെ കോർഡിനേഷൻ ഹെഡ്ക്വാർട്ടേഴ്‌സ് ഫോർ ദി ട്രീറ്റ്‌മെന്റ് ഓഫ് പിഒഡബ്യൂവില്‍ നിന്നുള്ള ഡാറ്റ ഉദ്ധരിച്ചാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. എന്നാൽ യുക്രെയ്നിന്റെ കസ്റ്റഡിയിലുള്ള റഷ്യൻ തടവുകാരുടെ എണ്ണം നിലവിൽ എത്രയാണെന്ന് അധികൃതർ പുറത്തുവിട്ടിട്ടില്ല.