ഉച്ചക്ക് ഒരു മണി മുതലാണ് പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്
മണ്ഡലകാല തീർഥാടനത്തിന് ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് പി. എൻ. മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണവും ഇന്ന് നടക്കും. ഉച്ചക്ക് ഒരു മണി മുതലാണ് പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ന് മുപ്പതിനായിരത്തോളം പേരാണ് വെർച്വൽ ക്യൂ മുഖേന ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.
ALSO READ: ആന എഴുന്നള്ളിപ്പിന് കർശന നിർദേശങ്ങള്‍; മാർഗരേഖ പുറത്തിറക്കി ഹൈക്കോടതി
അയ്യപ്പ ദർശനത്തിനായി എത്തുന്ന എല്ലാവർക്കും ദർശന സൗകര്യമൊരുക്കും, സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും. പതിനെട്ടാം പടിയിൽ പരമാവധി ഭക്തരെ വേഗത്തിൽ കടത്തി വിടാനുള്ള സൗകര്യം പൊലീസ് ഒരുക്കിയിട്ടുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം പ്രസിഡൻ്റ് പിഎസ് പ്രശാന്തൻ അറിയിച്ചു. കഴിഞ്ഞ വർഷം 16 മണിക്കൂർ ദർശനമായിരുന്നുവെങ്കിൽ ഇക്കുറി 18 മണിക്കൂർ ദർശന സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്.