ശബരിമല തീർഥാടനം: ഇന്നലെ എത്തിയത് 64,915 ഭക്തർ, മണ്ഡലകാലത്ത് ചെന്നൈയിൽനിന്ന് കൊച്ചിയിലേക്ക് കൂടുതൽ വിമാന സർവീസുകൾ

പ്രസാദ വിതരണത്തിന് അരവണ ടിന്നുകള്‍ ആവശ്യത്തിലധികം ഉണ്ടെന്ന് ദേവസ്വം അധികൃതർ അറിയിച്ചു
ശബരിമല തീർഥാടനം: ഇന്നലെ എത്തിയത് 64,915 ഭക്തർ, മണ്ഡലകാലത്ത് ചെന്നൈയിൽനിന്ന് കൊച്ചിയിലേക്ക് കൂടുതൽ വിമാന സർവീസുകൾ
Published on

മണ്ഡലകാലം ആരംഭിച്ച് മൂന്നാം ദിവസവും ദർശനത്തിലായി മലകയറി ആയിരങ്ങള്‍. 64,915 പേരാണ് സന്നിധാനത്ത് ഇന്നലെ ദർശനം നടത്തിയത്.  ഇന്ന് നട തുറന്ന് ആദ്യ മണിക്കൂറുകളില്‍ വലിയ ഭക്തജന തിരക്ക് അനുഭവപ്പെടുന്നില്ല. വലിയ നടപ്പന്തല്‍, സന്നിധാനത്തിനു ചുറ്റുമുള്ള ഫ്ലൈയോവർ എന്നിവിടങ്ങളില്‍ നീണ്ട നേരം ക്യൂ നില്‍‌ക്കേണ്ട സാഹചര്യം നിലവിലില്ല. ഇത് തീർഥാടകർക്ക് വലിയ തോതില്‍ ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ പൂജകള്‍ ആരംഭിക്കുന്നതോടെ ജനത്തിരക്ക് അധികമാകാന്‍ സാധ്യതയുണ്ട്.

സന്നിധാനത്തെ തിരക്ക് അധികം ആയാല്‍ അത് ക്രമീകരിക്കുന്നതിനും മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനുമുള്ള സജ്ജീകരണങ്ങളും ദേവസ്വം ഒരുക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പതിനെട്ടാം പടി വഴി ഒരു മിനുറ്റില്‍ കടത്തിവിടുന്ന ഭക്തജനങ്ങളുടെ എണ്ണം വർധിപ്പിച്ചു. നേരത്തെ ശരാശരി 65 തീർഥാടകരെയാണ് ഒരു മിനുറ്റില്‍ കടത്തിവിട്ടിരുന്നതെങ്കില്‍ ഇക്കുറി അത് 85 ആയി ഉയർത്തി. പൊലീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പതിനെട്ടാംപടിയില്‍ ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് 20 മിനുറ്റായിരുന്നു ഒരു ഷിഫ്റ്റിന്‍റെ ദൈർഘ്യം. അത് 15 മിനുറ്റായി കുറച്ചു. അതൊടൊപ്പം തീർഥാടകരുടെ വാഹന പാർക്കങ്ങിനു പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി നിലയ്ക്കലില്‍ വാഹന പാർക്കിങ് മെച്ചപ്പെടുത്തിയതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് അറിയിച്ചു. 7500-8000 വാഹനങ്ങള്‍ പാർക്ക് ചെയ്യാന്‍ സാധിച്ചിരുന്ന നിലയ്ക്കലില്‍ ഇപ്പോള്‍ 2000 അധിക വാഹനങ്ങള്‍ കൂടി പാർക്ക് ചെയ്യാന്‍ സാധിക്കും. ഒപ്പം പമ്പ ത്രിവേണിയിലും ഈ സീസണില്‍ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിട്ടുണ്ട്. ഇതുവഴി, തീർഥാടകരുടെ വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതും നിലയ്ക്കല്‍-പമ്പ യാത്രയും സുഗമമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

Also Read: മണ്ഡലകാല സർവീസിനായി കൂടുതൽ കെഎസ്ആർടിസി ബസുകൾ; രണ്ടുഘട്ടമായി 933 ബസുകൾ

സന്നിധാനവും മണ്ഡലകാലത്തെ തീർഥാടന പ്രവാഹത്തിനു സജ്ജമാണ്. പ്രസാദ വിതരണത്തിന് അരവണ ടിന്നുകള്‍ ആവശ്യത്തിലധികം ഉണ്ടെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. നാല് കോടി അരവണ ടിന്നുകള്‍ കരുതലായി ദേവസ്വം ബോർഡിന്‍റെ പക്കലുണ്ട്. ഒന്നരലക്ഷത്തോളം കവറുകളില്‍ അപ്പവും അധികമായിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.

അതേസമയം, മണ്ഡലകാലത്ത് ചെന്നൈയിൽനിന്ന് കൊച്ചിയിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിച്ചു. പ്രതിദിന വിമാന സർവീസുകളുടെ എണ്ണം അഞ്ചിൽനിന്ന് എട്ടായിട്ടാണ് ഉയർത്തിയിരിക്കുന്നത്. ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് വിമാനങ്ങളാണ് ചെന്നൈയിൽനിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com