ശബരിമലയില്‍ ബിജെപിക്ക് വര്‍ഗീയ ചീട്ടിറക്കാനുള്ള അവസരമാണ് ഒരുക്കുന്നത്; ഇ.ടി. മുഹമ്മദ് ബഷീര്‍

സിറാജ് പത്രത്തിന്‍റെ വിമര്‍ശനം നൂറ് ശതമാനം ശരിയാണെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു
ശബരിമലയില്‍ ബിജെപിക്ക് വര്‍ഗീയ ചീട്ടിറക്കാനുള്ള അവസരമാണ് ഒരുക്കുന്നത്;   ഇ.ടി. മുഹമ്മദ് ബഷീര്‍
Published on


ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട സ്പോട്ട് ബുക്കിങ് വിവാദത്തില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ശബരിമലയിൽ ബിജെപിക്ക് മുതലെടുപ്പിനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കുന്നു. വർഗീയ ചീട്ടിറക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള പൊലീസില്‍ ആര്‍എസ്എസ്‌വത്കരണമാണെന്ന സിറാജ് പത്രത്തിന്‍റെ വിമര്‍ശനം നൂറ് ശതമാനം ശരിയാണെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ പ്രതികരിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസുകളില്‍ നടപടിയില്ലെന്നും ന്യൂനപക്ഷ സമുദായ സംഘടനകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് പൊലീസ് സ്വീകരിക്കുന്നതെന്നും സിറാജ് മുഖപ്രസംഗത്തിൽ പറയുന്നു. ആഭ്യന്തര വകുപ്പിന് ആര്‍ജവമില്ലെന്നും ലേഖനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ ബിജെപി പ്രവേശനത്തിൻ്റെ പശ്ചാത്തലത്തിലാണ് സിറാജിൻ്റെ വിമര്‍ശനം. 

അതേസമയം, ശബരിമല സ്പോട്ട് ബുക്കിങ് വിവാദം ബിജെപി മുതലെടുക്കാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണവുമായി സിപിഎം ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു. ശബരിമല ദര്‍ശനത്തിന് സ്പോട്ട് ബുക്കിങ് വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും സംസ്ഥാന നേതൃത്വത്തോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെ മാത്രം എത്തുന്നവര്‍ക്കായി ദര്‍ശനം പരിമിതപ്പെടുത്തിയാല്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായതോടെ ഓൺലൈൻ ബുക്കിങ് മാത്രമെന്ന തീരുമാനം ദേവസ്വം ബോര്‍ഡും സര്‍ക്കാരും മാറ്റിയേക്കുമെന്നാണ് സൂചന. പമ്പയില്‍ 10000 പേര്‍ക്ക് സ്പോട്ട് ബുക്കിങ് നടത്താനുള്ള സൗകര്യം ക്രമീകരിക്കാന്‍ ദേവസ്വം ആലോചിക്കുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com